തിരുവനന്തപുരം: മുൻ വ്യവസായ മന്ത്രിയും സി.പി.ഐ.എം നേതാവുമായ ഇ.പി ജയരാജന് വിമർശനവുമായി സി.പി.ഐ.എം അനുകൂല പ്രൊഫൈലുകൾ.
പി.ജയരാജനെതിരെ പാർട്ടിക്ക് നൽകിയ കുറ്റപത്രത്തിന് പിന്നാലെ കേരള പ്രവാസി സംഘത്തിന്റെ ദ്വിദിന രാപ്പകൽ സത്യാഗ്രഹ ഉദ്‌ഘാടനത്തിന്റെ പോസ്റ്റർ പങ്കുവച്ചതിന്റെ താഴെയാണ് സി.പി.ഐ.എം അനുകൂല പ്രൊഫൈലുകളിൽ നിന്നും വിമർശങ്ങൾ ഉയർന്നത്.
പാർട്ടിയുടെ എല്ലാ ആനുകൂല്യവും പറ്റി മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയകൾക്കും പാർട്ടിയെ കൊത്തിവലിക്കാൻ ഇട്ടുകൊടുക്കുന്നയാളാണ് ഇദ്ദേഹമെന്ന് ചില പ്രൊഫൈലുകൾ പറഞ്ഞു.
സഖാവിനൊരു വിശ്രമമം ആവശ്യമാണെന്നും പി.ജയരാജന് കേരള രാഷ്ട്രീയത്തിൽ കിട്ടിയ സപ്പോർട്ട് ഒന്നും മറ്റാർക്കും കിട്ടിയിട്ടില്ലെന്നും അത് കണ്ട് ചിലർക്ക് കണ്ണ് തള്ളുന്നുണ്ടാവുമെന്നും ചില പ്രൊഫലുകൾ പറഞ്ഞു.
പ്രായാധിക്യം ചിലപ്പോൾ മനസിനെയും ശരീരത്തെയും ബാധിച്ചേക്കാമെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ദയവായി വിശ്രമിക്കുകയെന്നും ചിലർ പറഞ്ഞു. പാർട്ടിയെ കൊത്തിപ്പറിക്കാൻ അവസരം നൽകുന്നതിനായി വായിൽതോന്നുന്നത് വിളിച്ചുകൂവരുതെന്നും സ്വന്തം പാർട്ടിയുടെ അന്തസ്സെങ്കിലും കാത്തുസൂക്ഷിക്കണമെന്നും കമെന്റുകളുണ്ട്.
ദേശാഭിമാനി ജനറൽ മാനേജർ സ്ഥാനത്ത് ഇരുന്നപ്പോൾ സാന്റിയാഗോ മാർട്ടിനിൽ നിന്നും രണ്ടുകോടി വാങ്ങിയെന്നും മന്ത്രി ആയപ്പോൾ കുടുംബക്കാരെ വലിയ സ്ഥാനത്തിരുത്തിയെന്നും ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇപ്പോൾ ഒരു വ്യാജ ഫോട്ടോയുമായി ആരോപണം ഉയർത്തി വന്നിരിക്കുകയാണെന്നും ചിലർ കമന്റ് ചെയ്തു. നിരവധി പ്രൊഫൈലുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം പി.ജയരാജനെതിരായ കുറ്റപത്രവുമായി ഇ.പി ജയരാജൻ രംഗത്തെത്തിയിരുന്നു. ഒന്നിലേറെ പരാതികളാണ് പി.ജയരാജനെതിരെ ഇ.പി ജയരാജൻ ഉന്നയിച്ചത്.
ഇടുക്കി മാങ്കുളത്ത് റിസോട്ടിൽ പി.ജയരാജന് ഓഹരി പങ്കാളിത്തമുണ്ടെന്നും ഇതിന്റെ ഡയക്ടർ ബോർഡ് യോഗം ദുബായിൽ വെച്ച് ചേർന്നപ്പോൾ പി.ജയരാജൻ അധ്യക്ഷനായിരുന്നെന്നും, സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരാൾക്ക് ഈ റിസോട്ടിൽ പങ്കുണ്ടെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ പി. ജയരാജനാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. കോടിയേരി ബാലകൃഷ്‌ണനെതിരെ പലതരത്തിലുള്ള അപവാദ പ്രചരണങ്ങൾ നടത്തിയെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു.
Content Highlight: Social media profiles supporting the CPIM criticize E.P. Jayarajan