പ്രാദേശികമായ മിത്തുകള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ ഇപ്പോള്‍ ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാകാറുണ്ട്. ചാത്തന്റെ കഥ പറഞ്ഞ ഭ്രമയുഗവും കള്ളിയങ്കാട്ട് നീലിയുടെ കഥ പറഞ്ഞ ലോകഃയുമടക്കം മലയാളത്തില്‍ നിന്ന് പോയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ലോകഃയും ഭ്രമയുഗവും വന്‍ ഹിറ്റായപ്പോള്‍ പലരും ഉയര്‍ത്തിക്കാട്ടിയ ഒന്നായിരുന്നു ഒടിയന്റെ കഥ.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കിയ ഒടിയന്‍ കൊടുത്ത ഹൈപ്പിനോട് നീതി പുലര്‍ത്താതെ നിരാശപ്പെടുത്തിയിരുന്നു. മലയാളത്തില്‍ ആദ്യമായി ഒടിയനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം നിരാശ സമ്മാനിച്ചതോടെ ഈ തീമിനെ മറ്റാരെങ്കിലും സിനിമയാക്കുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. ലോകഃ ചാപ്റ്റര്‍ വണ്ണില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രം ഒടിയന്റെ മറ്റൊരു വേര്‍ഷനായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒടിയന്‍ എന്ന മിത്തിനെ ആസ്പദമാക്കി രാഹുല്‍ സദാശിവന്‍ പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ഒടിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. എട്ട് വര്‍ഷത്തിന് ശേഷം മോളിവുഡില്‍ മറ്റൊരു ഒടിയനെത്തുമ്പോള്‍ സിനിമാപേജുകളില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഒരേ ടൈറ്റിലില്‍ ഒരേ തീമില്‍ സിനിമകളിറങ്ങുക, അതില്‍ ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങള്‍ നായകനാവുക എന്ന അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഒടിയന്‍ എന്ന ടൈറ്റില്‍ വീണ്ടും ഉപയോഗിക്കാനുള്ള എന്‍.ഒ.സി പൃഥ്വിരാജിന് ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ നല്‍കിയതിനെ പലരും അഭിനന്ദിക്കുകയാണ്.
ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിന് ലഭിച്ച മികച്ച കോമ്പോയായിരുന്നു പൃഥ്വിരാജ്- ആന്റണി പെരുമ്പാവൂര്‍ എന്നിവരുടേത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ എന്‍.ഒ.സി നല്‍കിയത് മികച്ച തീരുമാനമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
‘രാജു ചോദിച്ചു, ആന്റണി കൊടുത്തു’, ‘ഫാന്‍ബോയ്ക്ക് ഇഷ്ടനടന്‍ നല്‍കിയ സമ്മാനം’, ‘നമുക്കാകെ ഒരു രാജുവേട്ടനല്ലേ ഉള്ളൂ… അതുകൊണ്ട് എന്‍.ഒ.സി കൊടുത്തു’, ‘എന്‍.ഒ.സി കൊടുത്ത സ്ഥിതിക്ക് ഇനിയെങ്ങാനും രണ്ട് ഒടിയന്മാരും ഒരുമിച്ച് സ്‌ക്രീനിലെത്തുമോ’ എന്നൊക്കെയാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന കമന്റുകള്‍.
പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിക്കൊപ്പം മഞ്ജു വാര്യറും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തവര്‍ഷം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Social media praising Antony Perumbavoor for giving NOC to Prithviraj to use Odiyan title
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ