| Saturday, 12th July 2025, 6:07 pm

അല്ലുവിന്റെയും വിജയ്‌യുടെയും കൂടെ കട്ടക്ക് പിടിച്ചു നിന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല, പൂജയെ സൗബിന്‍ സൈഡാക്കി, സോഷ്യല്‍ മീഡിയ ഭരിച്ച് മോണിക്ക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് അണിയിച്ചൊരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ ഇരട്ടിയാക്കുന്നതായിരുന്നു.

കഴിഞ്ഞദിവസം കൂലിയിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പൂജ ഹെഗ്‌ഡേ അതിഥിവേഷത്തിലെത്തിയ ഗാനം കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. അനിരുദ്ധിന്റെ സ്ഥിരം ശൈലിയിലുള്ള ബീറ്റുകളായിരുന്നിട്ടും ഗാനം ശ്രദ്ധിക്കപ്പെട്ടു. ആദ്യഗാനമായ ‘ചികിട്’ ന് പിന്നാലെ ‘മോണിക്ക’യും ചാര്‍ട്ബസ്റ്ററാകുമെന്ന് ഉറപ്പാണ്.

എന്നാല്‍ ഈയൊരൊറ്റ ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെട്ട പൂജ ഹെഗ്‌ഡേയെക്കാള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് സൗബിന്‍ ഷാഹിറിനെയാണ്. ഗാനം മുഴുവന്‍ സൗബിന്‍ കൊണ്ടുപോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമാലോകം അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത സൗബിന്റെ ഡാന്‍സ് ഇത്തവണ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും ചര്‍ച്ചയാക്കുകയാണ്.

അല്ലു അര്‍ജുനോടൊപ്പം അല വൈകുണ്ഠപുരം ലോയിലും വിജയ്‌യോടൊപ്പം ബീസ്റ്റിലും പൂജ ഹെഗ്‌ഡേ ഡാന്‍സില്‍ കട്ടക്ക് സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ കൂലിയില്‍ സൗബിനാണ് സ്‌കോര്‍ ചെയ്തതെന്ന് പലരും അഭിപ്രായപ്പെടുന്നത്. അനിരുദ്ധിന്റെ ബീറ്റും പൂജ ഹെഗ്‌ഡേയുടെ ഡാന്‍സും പ്രതീക്ഷിച്ച ഐറ്റമായിരുന്നെങ്കിലും സൗബിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെന്നും പോസ്റ്റുകളുണ്ട്.

മലയാളത്തിലെ സംവിധായകര്‍ സൗബിന്റെ ഡാന്‍സിനെ അധികം ഉപയോഗിച്ചിട്ടില്ലെന്നും ലോകേഷ് അതിനെ കൃത്യമായി ഉപയോഗിച്ചെന്നുമുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രേമം സിനിമയില്‍ ടഫായിട്ടുള്ള സ്റ്റെപ്പുകള്‍ മാത്രമേ പറ്റുള്ളുവെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ട്രോളുകളുണ്ട്.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയിലാണ് കൂലി ഒരുങ്ങുന്നത്. തെലുങ്ക് താരം നാഗാര്‍ജുനയാണ് വില്ലനായി വേഷമിടുന്നത്. കന്നഡ താരം ഉപേന്ദ്ര, തമിഴ് താരങ്ങളായ സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ് ആമിര്‍ ഖാന്റെ അതിഥിവേഷവും കൂലിയെ വ്യത്യസ്തമാക്കുന്നു. ഓഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുക.

Content Highlight: Social media praises Soubin’s performance in Coolie movie song

We use cookies to give you the best possible experience. Learn more