| Monday, 19th January 2026, 9:48 am

വയലന്‍സും ന്യൂഡിറ്റിയും ആവശ്യമുള്ള സ്‌ക്രിപ്റ്റ്, മമ്മൂട്ടിക്കും വിനായകനും പകരം ഇവരായിരുന്നെങ്കില്‍ തകര്‍ത്തേനെയെന്ന് ഒ.ടി.ടി വിദഗ്ധര്‍

അമര്‍നാഥ് എം.

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ കളങ്കാവല്‍ ഒ.ടി.ടിയിലെത്തിയിരുന്നു. കേരളത്തിന് പുറത്തുള്ള സിനിമാപേജുകളെല്ലാം കളങ്കാവലിനെ പ്രശംസിച്ചത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സിനിമ നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് ഒ.ടി.ടി വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. സയനൈഡ് മോഹന്‍ എന്ന സൈക്കോ കൊലപാതകിയുടെ ക്രൂരതകള്‍ കാണിച്ചത് കുറഞ്ഞുപോയെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. സ്ത്രീകളെ വശീകരിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം കൊന്നുകളയുന്ന ഒരാളുടെ കഥ സിനിമയാക്കുമ്പോള്‍ അതില്‍ കുറച്ചുകൂടി വയലന്‍സ് വേണമെന്നാണ് ഇവര്‍ പങ്കുവെച്ചത്.

സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രമായി മമ്മൂട്ടിക്ക് പകരം ഫഹദ് ഫാസില്‍, പൃഥ്വിരാജ് എന്നിവരില്‍ ആരെങ്കിലും ആയിരുന്നെങ്കിലെന്നും അഭിപ്രായമുണ്ട്. കഥ ആവശ്യപ്പെടുന്ന തരത്തില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നെന്നും മമ്മൂട്ടിയായതിനാല്‍ ഒരു പരിധിക്കപ്പുറത്തേക്ക് ഇന്റിമസി രംഗങ്ങള്‍ ചേര്‍ക്കാനായില്ലെന്നും ഇവര്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ സിനിമകളില്‍ ഇത്തരം സൈക്കോകളുടെ കഥ പറയുമ്പോള്‍ വയലന്‍സും ന്യൂഡിറ്റിയും ഭാഗമാകാറുണ്ടെന്നും കളങ്കാവലില്‍ അത് ചെയ്യാമായിരുന്നെന്നുമാണ് കമന്റുകള്‍. ഇമേജ് ബ്രേക്ക് ചെയ്യാന്‍ മടിയില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് പറയുമ്പോഴും ഇത്തരം സീനുകള്‍ അദ്ദേഹം ചെയ്യാത്തത് പേടി കൊണ്ടാണെന്നും കമന്റുണ്ട്. എന്നാല്‍ കുടുംബപ്രേക്ഷകരടക്കം സിനിമ കണ്ട് വിജയിപ്പിച്ചത് ഇത്തരം വയലന്‍സ് രംഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നും അഭിപ്രായമുയരുന്നുണ്ട്.

വയലന്‍സിനപ്പുറത്തേക്ക് കഥാപാത്രങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുക എന്നതാണ് കളങ്കാവലിന്റെ ലക്ഷ്യമെന്നും ചറിയ ചില നോട്ടങ്ങളിലൂടെ അതിന് സാധിച്ചിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ഓപ്പണിങ് സീനില്‍ തന്നെ സ്റ്റാന്‍ലി എന്ന കഥാപാത്രം എത്രമാത്രം അപകടകാരിയാണെന്ന് വെളിവാക്കുന്നുണ്ടെന്നും പോസ്റ്റുകളുണ്ട്.

നായകനായെത്തിയ വിനായകനും പോരെന്നാണ് ഇക്കൂട്ടരുടെ വാദം. റോബോട്ടിനെപ്പോലെ ഭാവവ്യത്യാസമില്ലാതെയാണ് കളങ്കാവലില്‍ പെര്‍ഫോം ചെയ്തതെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. നത്ത് എന്ന കഥാപാത്രമായി വിനായകനെ കൊണ്ടുവന്നത് മിസ്‌കാസ്റ്റാണെന്നും വിമര്‍ശനമുണ്ട്. വിനായകന് പകരം സുരാജ് വെഞ്ഞാറമൂട് വന്നിരുന്നെങ്കില്‍ ഗംഭീരമായേനെയെന്നാണ് ഇക്കൂട്ടരുടെ വാദം.

കഥയെയും കഥാപാത്രത്തെയും കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ക്ക് മമ്മൂട്ടിയുടെയും വിനായകന്റെയും പെര്‍ഫോമന്‍സ് മോശമായി തോന്നില്ലെന്നാണ് ഇത്തരം വാദങ്ങള്‍ക്കുള്ള മറുപടി. പുറമെ മാന്യത നടിക്കുന്ന അത്യധികം അപകടകാരിയായ സൈക്കോയായി മമ്മൂട്ടിയും നത്തിനെപ്പോലെ എല്ലായ്‌പ്പോഴും ശ്രദ്ധാലുവായി നടക്കുന്ന പൊലീസ് ഓഫീസറായി വിനായകനും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

Content Highlight: Social Media posts saying that Prithviraj and Fahadh was apt for Mammootty’s role in Kalamkaval

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more