ഹിറ്റ് സിനിമകള്‍ റീ റിലീസ് ചെയ്ത് തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നതും ഫ്‌ളോപ്പായ സിനിമകള്‍ റീ റിലീസില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പല സിനിമകളും റീ റിലീസില്‍ ശ്രദ്ധ നേടുകയും ചിലത് ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമാവുകയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ട്രോള്‍ മെറ്റീരിയലാവുകയും ചെയ്ത ഒരു സിനിമ റീ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ പരാജയമായ കണ്ണപ്പയാണ് വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. ജൂണ്‍ 27ന് ചിത്രം റീ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
കണ്ണപ്പ Photo: New Cinema Express/ X.com
തെലുങ്കിലെ യുവതാരങ്ങളില്‍ ഒരാളായ വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രം ശ്രദ്ധ നേടിയത് അതിലെ അതിഥിവേഷങ്ങള്‍ കാരണമായിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെ സൂപ്പര്‍താരങ്ങളാണ് ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്തത്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ ശിവനായും തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ശിവന്റെ അവതാരമായ രുദ്രനായും എത്തിയപ്പോള്‍ മലയാളത്തിന്റെ മോഹന്‍ലാലും കണ്ണപ്പയുടെ ഭാഗമായി.
കിരാത എന്ന കഥാപാത്രം ലുക്ക് കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും ട്രോള്‍ മെറ്റീരിയലായി മാറി. മോഹന്‍ലാല്‍ ഫാന്‍സ് പോലും മറക്കാനാഗ്രഹിക്കുന്ന സിനിമയും കഥാപാത്രവുമായിരുന്നു കിരാത. വെറും പത്ത് മിനിറ്റ് മാത്രമുള്ള വേഷമായിരുന്നെങ്കിലും ഇത് ലഭിച്ച ട്രോളിന് കണക്കില്ലായിരുന്നു. കണ്ണപ്പ വീണ്ടും തിയേറ്ററുകളിലെത്തുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സടക്കം പലരും അസ്വസ്ഥരാണ്.
ദൃശ്യം 3 ചരിത്രവിജയമാവുകയും ഇനി റിലീസാകാനുള്ള സിനിമകളുടെ ഹൈപ്പ് ഉയരുകയും ചെയ്യുന്ന അവസരത്തിലാണ് ഈ റീ റിലീസ്. മോഹന്‍ലാലിന് വീണ്ടും ട്രോളുകള്‍ ലഭിക്കാനുള്ള വഴി ഇതിലൂടെ തെളിയുമെന്നാണ് പലരും കരുതുന്നത്. ഗ്ലാമര്‍ റോളില്‍ മാത്രം ഒതുങ്ങി നിന്ന നടിയില്‍ നിന്ന് ആക്ഷന്‍ പ്രിന്‍സസ്സായി മാറിയ പ്രീതി മുകുന്ദനെയും ഈ റീ റിലീസ് നെഗറ്റീവായി ബാധിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. തമിഴില്‍ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായ ബ്ലാസ്റ്റില്‍ പ്രീതി ഞെട്ടിച്ചിരുന്നു.
ഫ്‌ളോപ്പ് സ്ട്രീക്കിന് താത്കാലിക വിരാമമിട്ട് അക്ഷയ് കുമാറും ഈ വര്‍ഷം തിരിച്ചുവന്നിരിക്കുകയാണ്. ഭൂത് ബംഗ്ലാ സൂപ്പര്‍ഹിറ്റായിരിക്കുന്ന സമയത്ത് കണ്ണപ്പ റീ റിലീസ് ചെയ്യുന്നത് താരത്തിന് വീണ്ടും ട്രോളുകള്‍ നല്‍കുമെന്നും കമന്റുകളുണ്ട്. സ്പിരിറ്റ്, കല്‍ക്കി 2 തുടങ്ങി ബ്രഹ്‌മാണ്ഡ ലൈനപ്പുള്ള പ്രഭാസിന്റെ ആരാധകരും കണ്ണപ്പയുടെ റീ റിലീസില്‍ അസ്വസ്ഥരാണ്. ഇങ്ങനെയൊരു റീ റിലീസ് എന്തിനാണെന്നാണ് പലരുടെയും ചോദ്യം.
Content Highlight: Social media posts on Kannappa re release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ