പ്രേമലു 2ന് പകരം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റ് ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം 100 കോടിയും കടന്ന് മുന്നേറി ഓണം വിന്നറായി മാറിക്കഴിഞ്ഞു. റോം കോം ഴോണറിലൊരുങ്ങിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകന്‍ ഗിരീഷ് എ.ഡി നല്‍കിയ അഭിമുഖം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രേമലു 2 ഉപേക്ഷിക്കാന്‍ കാരണം ക്രൂവിലെ ഒരാളുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നെന്ന് ഗിരീഷ് വ്യക്തമാക്കി. ഇത് നസ്‌ലെനാണെന്ന് ചില ഓണ്‍ലൈന്‍ പേജുകള്‍ അഭിപ്രായപ്പെട്ടു.
നസ്‌ലെന് സ്‌ക്രിപ്റ്റ് ഇഷ്ടമാകാത്തതുകൊണ്ടാണ് പ്രേമലു 2 ഡ്രോപ്പായതെന്ന് ആദ്യം മുതല്‍ക്കേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗിരീഷ് എ.ഡിയുടെ അഭിമുഖത്തിന് പിന്നാലെ ഈ അഭ്യൂഹം ശരിയാണെന്നായിരുന്നു ഇക്കൂട്ടരുടെ വാദം. ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‌ക്കേ നസ്‌ലെനെ ചേര്‍ത്തുപിടിച്ച ഗിരീഷ് എ.ഡിയുടെ സ്‌ക്രിപ്റ്റ് ഒഴിവാക്കിയത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.
എന്നാല്‍ നസ്‌ലെനെ പിന്തുണച്ചും ഒരുകൂട്ടമാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നസ്‌ലെന്‍ സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്നുവന്ന ആളാണെന്നും ആരുടെയും പിന്തുണ ആവശ്യമില്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം. ഇഷ്ടമാകാത്ത സ്‌ക്രിപ്റ്റിന് ഓക്കെ പറയേണ്ട ആവശ്യമില്ലെന്നും അതിന്റെ പേരില്‍ ഇങ്ങനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും പോസ്റ്റുകളുണ്ട്.
അടുത്തകാലത്ത് സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ട മോഹന്‍ലാലുമായും ചിലര്‍ നസ്‌ലെനെ താരതമ്യം ചെയ്യുന്നുണ്ട്. സൗഹൃദത്തിന്റെ പേരില്‍ മോഹന്‍ലാല്‍ ഒരുപാട് പ്രൊജക്ടുകള്‍ക്ക് ഓക്കെ പറയുന്നതിനെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ അതേ കാര്യം ചെയ്യാതിരുന്ന നസ്‌ലെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണെന്നും വിമര്‍ശനമുണ്ട്.
ഗിരീഷ് എ.ഡിയുടെ സിനിമകള്‍ക്ക് പുറമെ നെയ്മര്‍, 18+, ജോ ആന്‍ഡ് ജോ തുടങ്ങിയ സിനിമകളില്‍ നായകനായും നായകന്റെ കൂട്ടുകാരനായുമെല്ലാം വേഷമിട്ടാണ് നസ്‌ലെന്‍ ഇപ്പോള്‍ കാണുന്ന റേഞ്ചിലെത്തിയതെന്നും അനുകൂലിക്കുന്നവര്‍ അഭിപ്രായം പങ്കുവെക്കുന്നു.
തന്റെ കഥാപാത്രം മെയിനാകണമെന്ന് കരുതുന്ന നടനാണെങ്കില്‍ ലോകഃ, ആലപ്പുഴ ജിംഖാന എന്നീ സിനിമകള്‍ നസ്‌ലെന്‍ ഒരിക്കലും ചെയ്യില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോസിപ്പിന് പഞ്ഞമില്ലാത്ത സിനിമാലോകത്ത് ഗിരീഷ് എ.ഡി- നസ്‌ലെന്‍ പ്രശ്‌നം കുറച്ചുകാലം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Social Media posts about supporting Naslen viral in cinema pages