| Sunday, 25th October 2026, 8:25 am

നായകനായി അഭിനയിച്ച പടങ്ങള്‍ ഫ്‌ളോപ്പ്, ജയിലര്‍ 2ലെ ഗസ്റ്റ് റോള്‍ മുഴുവനും കട്ട് ചെയ്തു, സന്താനത്തിന്റേത് വല്ലാത്ത അവസ്ഥയെന്ന് തമിഴ് പേജുകള്‍

അമര്‍നാഥ് എം.

തിയേറ്ററുകളില്‍ ചരിത്രവിജയം രചിച്ച് മുന്നേറുകയാണ് ജയിലര്‍ 2. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ തന്നെ 650 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. 75ാം വയസിലും തന്റെ സ്‌റ്റൈലും സ്വാഗും കൊണ്ട് തലൈവര്‍ സ്‌ക്രീനുകള്‍ക്ക് തീപിടിപ്പിച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലെത്തി. തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍.

സമീപകാലത്ത് ഏറ്റവുമധികം ആര്‍ട്ടിസ്റ്റുകള്‍ അണിനിരന്ന ചിത്രം കൂടിയാണ് ജയിലര്‍ 2. തമിഴിന് പുറമെ മലയാളത്തിലെയും നിരവധി ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ദൈര്‍ഘ്യം കൂടുതലായതുകൊണ്ട് പലരുടെയും സീനുകള്‍ വെട്ടിച്ചുരുക്കുകയും ചിലരുടെ രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയെന്ന് റിലീസിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അത്തരത്തില്‍ ജയിലര്‍ 2ല്‍ നിന്ന് ഒഴിവാക്കപ്പെട്ട താരമായിരുന്നു സന്താനം. ചിത്രത്തില്‍ സന്താനവും അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് റിലീസിന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ ഒരു ഷോട്ടില്‍ പോലും സന്താനം ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ജയിലര്‍ 2ന്റെ സെറ്റില്‍ വെച്ച് വിദ്യാ ബാലന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയില്‍ സന്താനവും ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് സന്താനം തമിഴ് പേജുകളില്‍ ചര്‍ച്ചയായത്. തമിഴില്‍ ഒരുകാലത്ത് ഏറ്റവും ടോപ്പില്‍ നിന്നിരുന്ന കോമഡി താരമായിരുന്നു സന്താനം. എന്നാല്‍ ഇടക്ക് വെച്ച് താരം നായകവേഷത്തിലേക്ക് ട്രാക്ക് മാറ്റി. 20ലധികം സിനിമകളില്‍ നായകനായി വേഷമിട്ടെങ്കിലും ആകെ രണ്ടോ മൂന്നോ ഹിറ്റുകള്‍ മാത്രമേ താരത്തിന് ലഭിച്ചുള്ളൂ.

നായകവേഷങ്ങളെല്ലാം ഫ്‌ളോപ്പായതോടെ വീണ്ടും സഹനടന്‍ വേഷങ്ങളിലേക്ക് തിരിച്ചുപോകുന്നതിന്റെ ആദ്യ ചുവടായിരുന്നു ജയിലര്‍ 2ലേത്. ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ കഥാപാത്രത്തിന്റെ പിറന്നാളാഘോഷത്തിന് വേണ്ടിയെത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ തലവനായിരുന്നു സന്താനത്തിന്റെ കഥാപാത്രം.

രജിനിയുമായുള്ള കോമ്പിനേഷന്‍ സീനടക്കം 15 മിനിറ്റോളം താരത്തിന് ജയിലര്‍ 2ല്‍ റോളുണ്ടായിരുന്നു. മുത്തുവേല്‍ പാണ്ഡ്യന്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറില്‍ ബോംബ് വെക്കുന്നതെല്ലാം ഈ കഥാപാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സീനുകളെല്ലാം കട്ട് ചെയ്തത് സന്താനത്തിന് തിരിച്ചടിയായെന്ന് പലരും അഭിപ്രായപ്പെടുന്നു.

‘ബിന്ദാസ്’ എന്ന പാട്ടില്‍ ഒരു ഷോട്ടിലെങ്കിലും സന്താനത്തിനെ കാണിക്കാമായിരുന്നെന്നും വെറുതെ ഒഴിവാക്കാനായിരുന്നെങ്കില്‍ എന്തിനാണ് താരത്തെ കാസ്റ്റ് ചെയ്തതെന്നും ചിലര്‍ ചോദിക്കുന്നു. കോമഡി റോളുകളിലേക്ക് തിരിച്ചെത്തുന്ന സന്താനത്തിന്റെ അടുത്ത ചിത്രം സിലമ്പരസന്റെ STR 51 ആണ്. തമിഴിലെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്.

Content Highlight: Social media posts about Santhanam’s presence in Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more