| Saturday, 8th August 2026, 9:15 pm

ബല്‍റാം, താരാദാസ്, ജോസഫ് അലക്‌സ്... സീക്വലെടുത്ത് കോമഡി പീസായ മമ്മൂട്ടി കഥാപാത്രങ്ങളില്‍ ഷണ്മുഖനും ഉണ്ടാകുമോ എന്ന് ആരാധകര്‍

അമര്‍നാഥ് എം.

രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ലോ ആന്‍ഡ് ഓര്‍ഡറാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ പ്രധാനചര്‍ച്ച. അനൗണ്‍സ്‌മെന്റ് മുതല്‍ ഒട്ടും ഹൈപ്പിലാത്ത ചിത്രം ടീസര്‍ റിലീസിന് ശേഷവും അതേ രീതിയില്‍ തന്നെ തുടരുകയാണ്. ഇന്ന് പുറത്തുവിട്ട ടീസര്‍ ട്രോള്‍ പേജുകളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അവസാനം ചെയ്ത സിനിമകളെല്ലാം പരാജയമായ ഉദയകൃഷ്ണയും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം യാതൊരു ഇംപാക്ടും ഉണ്ടാക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 2026 ആയത് അറിയാതെ പഴയ അതേരീതിയിലാണ് രഞ്ജിത് ഇപ്പോഴും സിനിമ ചെയ്യുന്നതെന്നും പലരും കമന്റകള്‍ പങ്കുവെക്കുന്നു. തുടരും സിനിമയിലൂടെ ശ്രദ്ധ നേടിയ പ്രകാശ് വര്‍മയാണ് ലോ ആന്‍ഡ് ഓര്‍ഡറിലെ പ്രധാന കഥാപാത്രമായി വേഷമിടുന്നത്.

സൂപ്പര്‍താരം മമ്മൂട്ടിയും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായിട്ടാണ് താരം വേഷമിടുന്നത്. പത്ത് മിനിറ്റോളമുള്ള കാമിയോയാണ് മമ്മൂട്ടിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറിലെ മികച്ച ഫെയ്‌സില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു കാമിയോ വേണ്ടെന്നാണ് കടുത്ത ആരാധകര്‍ പോലും അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇതിനൊപ്പം ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്. കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സീക്വലുകളുമായി മമ്മൂട്ടി എത്തുമ്പോള്‍ ആദ്യഭാഗത്തിന്റെ വില കൂടി ഇല്ലാതാകുന്നു എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രങ്ങളെയാണ് ഇക്കൂട്ടര്‍ ഉദാഹരണമാക്കുന്നത്. ബല്‍റാം, താരാദാസ് എന്നീ ഐക്കോണിക് കഥാപാത്രങ്ങളെ ഒരുമിപ്പിച്ച് ഒരുക്കിയ ബല്‍റാം vs താരാദാസ് ഇന്നും ട്രോള്‍ മെറ്റീരിയലാണ്.

ബുദ്ധിരാക്ഷസനായ സേതുരാമയ്യര്‍ ആദ്യ മൂന്ന് വരവിലും കൈയടി നേടിയപ്പോള്‍ നാലാം ഭാഗത്തില്‍ ബിസ്‌കറ്റിന്റെയും ചായപ്പൊടിയും പരസ്യം ചെയ്യാന് വേണ്ടി വന്നതുപോലെയായി. അഞ്ചാം ഭാഗം ഈയടുത്ത് വന്ന ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറി. എസ്.എന്‍. സ്വാമിയുടെ തിരക്കഥയിലൊരുങ്ങിയ ആഗസ്റ്റ് ഒന്നിലെ പെരുമാളും രണ്ടാം വരവില്‍ കോമഡി പീസായി പരിണമിച്ചു.

ഈ ലിസ്റ്റിലേക്ക് കാരിക്കാമുറി ഷണ്മുഖനും ഉണ്ടാകുമോ എന്നാണ് പലരുടെയും ടെന്‍ഷന്‍. ഈ വര്‍ഷമാദ്യം ചത്താ പച്ചയില്‍ മമ്മൂട്ടിയുടെ ഗസ്റ്റ് റോള്‍ കഥാപാത്രമായ ബുള്ളറ്റ് വാള്‍ട്ടര്‍ ട്രോളന്മാര്‍ക്ക് പണി നല്‍കിയിരുന്നു. ഐക്കോണിക് കഥാപാത്രമായ ഷണ്മുഖന്‍ കോമഡി പീസാകരുതേ എന്നാണ് പലരുടെയും പ്രാര്‍ത്ഥന. സെപ്റ്റംബറില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ തിയേറ്ററുകളിലെത്തും.

Content Highlight: Social media posts about Mammootty’s character in Law and Order movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more