| Monday, 25th May 2026, 9:59 pm

ദൃശ്യത്തില്‍ മുങ്ങിയ അതിരടിയും ഡോസും, വാഴ 2വില്‍ മോഹിനിയാട്ടം മുങ്ങിയ പോലെ; വൈറലായി പോസ്റ്റ്

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ഒച്ചയും ബഹളവുമില്ലാതെയായിരുന്നു 2026 നെ മലയാള സിനിമാ ലോകം വരവേറ്റത്. സര്‍വ്വം മായ ഉണ്ടാക്കിയ ഓളം പുതുവര്‍ഷത്തിലെ ആദ്യ മാസങ്ങളില്‍ ഒരു ചിത്രത്തിനും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മമ്മൂട്ടി കാമിയോ റോളില്‍ എത്തിയ ചത്താ പച്ചയ്ക്കാണ് തിയേറ്ററുകള്‍ക്ക് അല്പമെങ്കിലും ജീവന്‍ വെപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ മാര്‍ച്ച് 19ന് റിലീസായ ആട് 3 അക്ഷരാര്‍ത്ഥത്തില്‍ ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ച്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. പിന്നീടിങ്ങോട്ട് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ക്ക് വിശ്രമിക്കാന്‍ സമയം ലഭിച്ചിരുന്നില്ല.

വാഴ 2, മോഹിനായാട്ടം, അതിരടി തുടങ്ങി ഇപ്പോഴിതാ ദൃശ്യം 3യിലെത്തി നില്‍ക്കുമ്പോള്‍ വലിയ ബിസിനസിനാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. മെയ് 21 ന് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 മൂന്ന് ദിവസം കൊണ്ടാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്. 200 കോടിയിലധികം നേടിയ വാഴ 2വും അതിവേഗം നേട്ടത്തിലേക്ക് അടുക്കുന്ന ദൃശ്യം 3യും അടക്കം വമ്പന്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ കളം നിറയുമ്പോള്‍ ഇവയ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിജയം നേടാന്‍ സാധിക്കാതെ പോകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ചത്താ പച്ച, വാഴ 2. Photo: IMDB

വാഴ 2 റിലീസ് ചെയ്തപ്പോള്‍ ഒരാഴ്ച മാത്രം വ്യത്യാസത്തില്‍ പുറത്തിറങ്ങിയ മോഹിനിയാട്ടത്തിന് തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയെന്ന് പലരും അഭിപ്രായമറിയിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം ഒ.ടി.ടി റിലീസ് ചെയ്തതിന് പിന്നാലെയാണ് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ഡാര്‍ക്ക് കോമഡി ചിത്രങ്ങളിലൊന്ന് തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കാത്തതിന്റെ സങ്കടം പലരും പങ്കുവെച്ചത്.

ഇപ്പോഴിതാ ഇതിന്റെ കാരണം പരിശോധിച്ച് കൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമമായ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്. രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ കൂടുതല്‍ സ്‌ക്രീനുകളും നല്ല സമയക്രമവും കൂട്ടത്തില്‍ വലിയ ചിത്രം കൈവശപ്പെടുത്തുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു. ഇത് ചെറിയ ചിത്രത്തിന്റെ ഷോകള്‍ കുറക്കുന്നതിനും രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ഈ ചിത്രം തിയേറ്ററില്‍ നിന്നും പുറത്താകുന്നതിനും കാരണമാകുന്നു. വലിയ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതിരിക്കുകയും ചെറിയ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റി ലഭിക്കുകയും ചെയതെങ്കില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ ചെറിയ സിനിമകള്‍ക്കുണ്ടാകുന്നുള്ളൂ എന്ന് കാണാം.

കേരളം പോലെ ചെറിയ ഇന്‍ഡസ്ട്രികളില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ഒരുമിച്ച് വരരുതെന്നും സ്‌പേസിങ് കള്‍ച്ചര്‍ എന്ന രീതിയിലേക്ക് മാറ്റണമെന്നും പോസ്റ്റില്‍ നിര്‍ദേശമുണ്ട്. നിലവില്‍ വലിയ ഒച്ചയും ബഹളവുമായി വരുന്ന ചിത്രങ്ങള്‍ക്കാണ് സ്‌ക്രീനുകള്‍ ലഭിക്കുന്നത്, ഇതിന് പകരം ചെറിയ ചിത്രങ്ങള്‍ക്കും മിനിമം സ്‌ക്രീനുകള്‍ ഗ്യാരണ്ടി നല്‍കുന്നത് ഗുണകരമായേക്കും. തിയേറ്ററുകളില്‍ ഒരാഴ്ച്ച പോലും ഓടാത്ത ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് തുച്ഛമായ തുകയ്ക്കാണ് വിറ്റ് പോകുകയെന്നും ഇത് നിര്‍മാതാവിനെ കാര്യമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്നും അഭിപ്രായമുണ്ട്.

മോഹിനിയാട്ടം, ആട് 3. Photo: IMDB

ഇത്തരം സാഹചര്യങ്ങളില്‍ പ്രേക്ഷകര്‍ക്ക് നല്ല പരീക്ഷണ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ നിന്നും തന്നെ ആസ്വദിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നതെന്ന് കാണാം. മെയ് 14 ന് അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അതിരടി. കൃത്യം ഒരാഴ്ച്ചയുടെ ഇടവേളയില്‍ ദൃശ്യം 3 വന്നതോടെ 50 കോടി കളക്ഷന്‍ പിന്നിട്ട അതിരടിയ്ക്ക് പിന്നീട് കാര്യമായൊന്നും ചെയ്യാനില്ലാതെ പോകുകയായിരുന്നു. വിദേശരാജ്യങ്ങളിലടക്കം ദൃശ്യം 3യുടെ ആധിപത്യത്തിനായിരുന്നു ബുക്കിങ് ആരംഭിച്ചത് മുതല്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.

എന്നാല്‍ ഏറ്റവും പരിതാപകരമായ അവസ്ഥ ദൃശ്യ 3ക്കൊപ്പം ക്ലാഷ് റിലീസ് ചെയ്ത ഡോസിന്റെതായിരുന്നു. അഭിലാഷ്.ആര്‍.നായര്‍ സംവിധാനം ചെയ്ത് സിജു വില്‍സണ്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മോഹന്‍ലാല്‍ ചിത്രത്തിന്റെ പടയോട്ടത്തില്‍ സര്‍വൈവ് ചെയ്യാന്‍ നന്നേ പാടുപെടുകയാണെന്ന് കാണാം.

Content Highlight: Social media Post goes viral which deals with the issue of small budget films gets sidelined with  big budget film  in Malayalam Film Industry

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more