| Friday, 23rd January 2026, 8:13 am

ചത്താ പച്ചയില്‍ വാള്‍ട്ടര്‍ പോരെന്ന് പോസ്റ്റുകള്‍, ഗില്ലി ബാലയെപ്പോലെ കോമാളിയല്ലെന്ന് ആരാധകരുടെ മറുപടി

അമര്‍നാഥ് എം.

ഇടിക്കൂട്ടിലെ റൗഡികളുടെ കഥ പറയുന്ന ചത്താ പച്ച കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ ആസ്പദമാക്കി ഒരുങ്ങിയ ആദ്യ മലയാള സിനിമ കൂടിയാണ് ചത്താ പച്ച. അര്‍ജുന്‍ അശോകന്‍, ഇഷാന്‍ ഷൗക്കത്ത്, റോഷന്‍ മാത്യു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

റിലീസിന് മുമ്പ് ചത്താ പച്ചയുടെ ഹൈപ്പ് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചതില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ അതിഥിവേഷവും. ഷൂട്ടിന്റെ സമയത്ത് തന്നെ ഇത്തരമൊരു അഭ്യൂഹമുണ്ടായിരുന്നെങ്കിലും വ്യക്തത വന്നിരുന്നില്ല. പുറത്തുവന്ന ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടോയെന്ന ചോദ്യം ശക്തമായി. ആദ്യ ഷോയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ അതിഥിവേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത് എന്നിവരുടെ റോള്‍ മോഡലായ ബുള്ളറ്റ് വാള്‍ട്ടര്‍ റെസ്‌ലറായാണ് മമ്മൂട്ടി ചത്താ പച്ചയില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ആദ്യം മുതല്‍ക്കേ വാള്‍ട്ടര്‍ എന്ന പേര് പ്രതിപാദിക്കുന്നുണ്ടെങ്കിലും ആകെ പത്ത് മിനിറ്റ് മാത്രമാണ് ഈ കഥാപാത്രം വന്നുപോകുന്നത്. തിയേറ്റര്‍ കുലുങ്ങുന്ന തരത്തിലുള്ള ഇന്‍ട്രോയാണ് വാള്‍ട്ടറിന് ലഭിച്ചത്.

എന്നാല്‍ പിന്നീട് യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ ഈ കഥാപാത്രത്തിനായില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിങ്ക് സൗണ്ടിലുള്ള ഡയലോഗ് ഡെലിവറിയും ഒട്ടും ചേരാത്ത കോസ്റ്റിയൂമും വിഗ്ഗും വാള്‍ട്ടര്‍ എന്ന കഥാപാത്രത്തിന്റെ ഇംപാക്ട് ഇല്ലാതാക്കി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഭ ഭ ബയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഗില്ലി ബാല എന്ന കഥാപാത്രത്തെയാണ് വാള്‍ട്ടറുമായി താരതമ്യം ചെയ്യുന്നത്.

വാള്‍ട്ടര്‍ അത്ര ഇംപാക്ടുണ്ടാക്കാത്ത കഥാപാത്രമാണെങ്കിലും ഗില്ലി ബാലയുടെ അത്ര കോമാളിയായിട്ടില്ലെന്ന് മമ്മൂട്ടി ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലയാളസിനിമാ ചരിത്രത്തില്‍ ഗില്ലി ബാലയെപ്പോലെ മോശം ഗസ്റ്റ് റോള്‍ കഥാപാത്രം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ഇക്കൂട്ടര്‍ അഭിപ്രായം പങ്കുവെച്ചു. വാള്‍ട്ടറുമായി താരതമ്യം വേണ്ടെന്നും ചില പോസ്റ്റുകള്‍ പറയുന്നു.

അസുഖം ഭേദമായതിന് ശേഷം മമ്മൂട്ടി ആദ്യം ചെയ്ത സിനിമയാണ് ചത്താ പച്ചയെന്നും അതിന്റെ അവശത മുഖത്ത് പ്രകടമായിരുന്നെന്നും ആരാധകര്‍ പറയുന്നു. റെസ്‌ലര്‍ കഥാപാത്രമായതിനാല്‍ മറ്റേതെങ്കിലും നടന്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ നന്നായേനെയെന്നും അഭിപ്രായമുയരുന്നുണ്ട്. വരുംദിവസങ്ങളില്‍ വാള്‍ട്ടര്‍- ഗില്ലി ബാല താരതമ്യം ഓണ്‍ലൈനില്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍.

നവാഗതനായ അദ്വൈത് നായരാണ് ചത്താ പച്ച അണിയിച്ചൊരുക്കിയത്. ശങ്കര്‍- എഹ്‌സാന്‍- ലോയ് കോമ്പോ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്‌തെന്ന പ്രത്യേകതയും ചത്താ പച്ചക്കുണ്ട്. 2026ലെ ആദ്യ ഹിറ്റായി ചത്താ പച്ച മാറിയിരിക്കുകയാണ്.

Content Highlight: Social media post comparing Mammootty in Chatha Pacha and Mohanlal in Bha Bha Bha

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more