| Monday, 26th January 2026, 12:50 pm

പടം 100 കോടി കിട്ടിയാല്‍ എന്തൊക്കെ കേള്‍ക്കണം, അഖില്‍ സത്യനെ പരിഹസിച്ച് പോസ്റ്റുകള്‍

അമര്‍നാഥ് എം.

സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറ്റി ചരിത്രം രചിച്ചിരിക്കുകയാണ് അഖില്‍ സത്യന്‍. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സര്‍വം മായ 150 കോടി തിളക്കത്തിലാണ് ഇപ്പോള്‍. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ സര്‍വം മായയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

എന്നാല്‍ സര്‍വം മായയുടെ വിജയത്തിന് ശേഷം അഖില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അഖില്‍ സത്യനെതിരെ ഒരുകൂട്ടമാളുകള്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്. സര്‍വം മായയെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞ അഭിപ്രായം പങ്കുവെച്ചതാണ് അഖിലിനെതിരെയുള്ള പോസ്റ്റുകള്‍ക്ക് കാരണം.

തിയേറ്റര്‍ വിസിറ്റിനിടെ ചിത്രം കണ്ട ഹരിഹരന്‍ തന്നെ വിളിച്ച് സംസാരിച്ച വാക്കുകള്‍ അഖില്‍ പങ്കുവെച്ചിരുന്നു. വഴിമാറിപ്പോയ മലയാളസിനിമയെ താന്‍ കൈപിടിച്ച് വീട്ടിലേക്ക് കയറ്റിയെന്നാണ് ഹരിഹരന്റെ പ്രശംസയെന്നായിരുന്നു അഖില്‍ പറഞ്ഞത്. കഴിഞ്ഞദിവസം സര്‍വം മായയുടെ ക്രൂ പുറത്തുവിട്ട പോഡ്കാസ്റ്റിലും അഖില്‍ മറ്റൊരു കാര്യം പങ്കുവെച്ചിരുന്നു.

ചിത്രം സെന്‍സര്‍ ചെയ്യാന്‍ പോയപ്പോള്‍ സെന്‍സര്‍ ബോര്‍ഡിലെ രണ്ടംഗങ്ങള്‍ സിനിമ കണ്ട് കരഞ്ഞെന്നായിരുന്നു അഖില്‍ പറഞ്ഞത്. ഇതോടെ അഖിലിനെ വിമര്‍ശിച്ച് ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സിനിമ ഹിറ്റായെന്ന് കരുതി ഇത്രക്ക് തള്ള് വേണമോ എന്നാണ് പലരും പോസ്റ്റില്‍ ചോദിക്കുന്നത്.

തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജുമായി അഖിലിനെ താരതമ്യം ചെയ്യുന്നവരുണ്ട്. താന്‍ ചെയ്തത് ലോകത്തിലെ ഏറ്റവും മികച്ച സിനിമയാണെന്ന ചിന്തയാണ് അഖില്‍ സത്യനെന്ന് പലരും അഭിപ്രായപ്പെടുന്നു. ഒരു സിനിമ 100 കോടി നേടിയാല്‍ എന്തൊക്കെ കേള്‍ക്കണമെന്നുള്ള ക്യാപ്ഷനോടെയാണ് വീഡിയോകള്‍ പങ്കുവെക്കപ്പെടുന്നത്.

എന്നാല്‍ അഖിലിനെ പിന്തുണച്ചും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. നല്ല സിനിമ ഉണ്ടാക്കിയ ശേഷമാണ് അയാള്‍ സംസാരിക്കുന്നതെന്നും റിലീസിന് മുമ്പ് ഇതൊരു ഗംഭീര സിനിമയാണെന്ന് ‘തള്ളിയിട്ടില്ലെ’ന്നും കമന്റുകളുണ്ട്. കൂലിക്ക് ശേഷം ലോകേഷിന് ട്രോളുകള്‍ ലഭിച്ചതുപോലെ അഖില്‍ സത്യന് ട്രോളുകള്‍ ലഭിക്കില്ലെന്ന് ഉറപ്പാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. നിവിന്‍ പോളിക്കൊപ്പം റിയ ഷിബുവും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദനന്‍, രഘുനാഥ് പലേരി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Social media post against Akhil Sathyan viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more