| Sunday, 31st August 2025, 7:19 pm

പാര്‍വതിക്കും ദര്‍ശനക്കും എന്തിനാ ക്രെഡിറ്റ്? ലോകഃയുടെ വിജയത്തിന് പിന്നാലെ ചര്‍ച്ചയായി റിമ കല്ലിങ്കലിന്റെ സ്‌റ്റോറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ ഗംഭീര വിജയം നേടി മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കേരളത്തിന് പുറത്തും വലിയ മുന്നേറ്റമാണ് നടത്തുന്നത്.

വുമണ്‍ സൂപ്പര്‍ ഹീറോ എന്ന ആശയത്തില്‍ പുറത്തിറങ്ങിയ ലോകഃയുടെ പ്രധാന ആകര്‍ഷണം കല്യാണി പ്രിയദര്‍ശനാണ്. സ്ത്രീ പ്രാധാന്യമുള്ള സബ്ജക്ടിലെത്തിയ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാല്‍ ലോകഃയെക്കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

മലയാളത്തിലെ മെയിന്‍സ്ട്രീം സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കുറയുന്നെന്നും ഹിറ്റാകുന്ന സിനിമകളിലൊന്നും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പാര്‍വതി തിരുവോത്ത് അടക്കമുള്ള നടിമാര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. പലരും ഇതിനെ പിന്തുണച്ചും എതിര്‍ത്തും രംഗത്ത് വരികയും ചെയ്തു.

ആവേശം പോലുള്ള സിനിമകള്‍ സ്ത്രീകളെ വെച്ച് ചെയ്യാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്നും അതുപോലുള്ള കഥകള്‍ ചെയ്യാന്‍ കഴിവുള്ള നടിമാര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്നും ദര്‍ശന രാജേന്ദ്രന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദര്‍ശനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയപ്പോഴാണ് ലോകഃയുടെ വിജയം.

പിന്നാലെ ലോകഃയുടെ വിജയത്തിന്റെ ക്രെഡിറ്റ് ദര്‍ശനക്കും പാര്‍വതിക്കും കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറി. സ്‌റ്റോറീസ് ഓഫ് എ സിനിഫൈല്‍ എന്ന പേജാണ് പോസ്റ്റ് പങ്കുവെച്ചത്. പിന്നാലെ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പല നടിമാരും രംഗത്തെത്തി.

നൈല ഉഷ, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ അവരുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ പോസ്റ്റ് പങ്കുവെച്ചത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. ലോകഃയില്‍ ഭാഗമാകാത്ത പാര്‍വതിക്കും ദര്‍ശനക്കും എന്തിനാണ് ക്രെഡിറ്റ് നല്‍കേണ്ടത് എന്നാണ് പലരും ചോദിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍, ഡൊമിനിക് അരുണ്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങി ലോകഃക്കായി വര്‍ക്ക് ചെയ്തവര്‍ക്ക് മാത്രമേ ക്രെഡിറ്റ് നല്‍കാന്‍ പാടുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഈ പോസ്റ്റ് പങ്കുവെച്ച നടിമാര്‍ ആരും തന്നെ ലോകഃ എന്ന സിനിമയുടെ പോസ്റ്റര്‍ പോലും പങ്കുവെച്ചിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Content Highlight: Social media post about giving credit to Darshana Rajendran and Parvathy Thiruvoth after the success of Lokah movie

We use cookies to give you the best possible experience. Learn more