തമിഴിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരിലൊരാളാണ് വിജയ്. ‘ഈ മുഖം കാണാന്‍ ആരെങ്കിലും കയറുമോ’ എന്ന ചോദ്യത്തെ കാറ്റില്‍ പറത്തി തമിഴകത്ത് അയാള്‍ തന്റേതായ സാമ്രാജ്യം സ്ഥാപിച്ചു. എത്ര ബജറ്റായാലും എത്ര പ്രതിഫലം ചോദിച്ചാലും വിജയ് ചിത്രമാണെങ്കില്‍ അതെല്ലാം ധൈര്യത്തോടെ സമ്മതിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ധൈര്യമുണ്ട്.
വിജയ് എന്ന താരത്തിന്റെ സ്റ്റാര്‍ഡം മുടക്കുമുതല്‍ തിരിച്ചുതരുമെന്നും തങ്ങള്‍ സേഫാകുമെന്ന ചിന്തയും നിര്‍മാതാക്കള്‍ക്കുണ്ട്. ബീസ്റ്റ്, ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, വാരിസ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ സേഫായത് വിജയ്‌യുടെ സ്റ്റാര്‍ഡം ഒന്നുകൊണ്ട് മാത്രമാണ്. കരിയറിന്റെ ഉന്നതിയില്‍ നിന്ന സമയത്ത് സിനിമ മതിയാക്കി രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വിജയ്‌യുടെ പ്രഖ്യാപനം തമിഴ് സിനിമാ വ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
തമിഴക വെട്രി കഴകം എന്ന പേരിലാരംഭിച്ച പാര്‍ട്ടി ലക്ഷ്യം വെക്കുന്നത് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ്. തമിഴ് രാഷ്ട്രീയത്തിലെ പ്രബലരാവുക എന്നതാണ് ടി.വി.കെയുടെ ലക്ഷ്യം. ബി.ജെ.പിയെ ആശയ എതിരാളിയായും ഡി.എം.കെയെ രാഷ്ട്രീയ എതിരാളിയായുമാണ് വിജയ് കണക്കാക്കുന്നത് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഡി.എം.കെയെയും സ്റ്റാലിനെയും വിജയ് കടന്നാക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇലക്ഷന് മുമ്പ് വിജയ്‌യുമായി ഡി.എം.കെ ഏറ്റുമുട്ടാനൊരുങ്ങുകയാണെന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ. തമിഴിലെ യുവതാരം ശിവകാര്‍ത്തികേയന്റെ പുതിയ ചിത്രമായ പരാശക്തിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു ചര്‍ച്ച ഉടലെടുത്തത്. 2026 പൊങ്കല്‍ റിലീസായി പരാശക്തി തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
ഡൗണ്‍ പിക്‌ചേഴ്‌സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് പരാശക്തി നിര്‍മിച്ചിരിക്കുന്നത്. വിജയ് ചിത്രമായ ജന നായകനും അടുത്ത വര്‍ഷത്തെ പൊങ്കലിന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിജയ്‌യുടെ അവസാന ചിത്രമായാണ് പലരും ജന നായകനെ കണക്കാക്കുന്നത്. ഇഷ്ടതാരത്തിന്റെ അവസാന ചിത്രം പരമാവധി ആഘോഷമാക്കുക എന്ന ആരാധകരുടെ പ്ലാനുകളുടെ മുകളിലേക്കാണ് പരാശക്തി ക്ലാഷുമായി വന്നത്.
രണ്ട് സിനിമകള്‍ തമ്മിലുള്ള ക്ലാഷ് എന്നതിലുപരി വിജയ്‌ക്കെതിരെയുള്ള ഡി.എം.കെയുടെ നീക്കമായാണ് പലരും പരാശക്തിയുടെ ക്ലാഷിനെ കണക്കാക്കുന്നത്. സ്റ്റാലിന്റെ മകന്‍ ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസാണ് റെഡ് ജയന്റ് മൂവീസ്. തമിഴ്‌നാട് തിയേറ്റര്‍ മേഖലയില്‍ വലിയ സ്വാധീനമുള്ള റെഡ് ജയന്റ്‌സ് പരാശക്തിക്ക് വേണ്ടി പരമാവധി സ്‌ക്രീനുകള്‍ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
ഇത് ജന നായകനെ വലിയ രീതിയില്‍ ബാധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിക്കാന്‍ ഇത് വഴിവെക്കുമെന്നും കരുതുന്നു. വിജയ്‌യുടെ അവസാന ചിത്രത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കാനും പരാശക്തിക്ക് സാധിക്കും.
1960കളില്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ തമിഴ്‌നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടമാണ് പരാശക്തിയുടെ പ്രമേയം. കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ പോരാടുന്ന ഡി.എം.കെക്ക് പരാശക്തി തുറുപ്പുചീട്ടാണ്. ഭാഷാ വികാരം കൃത്യമായി വര്‍ക്കൗട്ടായാല്‍ പരാശക്തിക്ക് അത് ഗുണം ചെയ്യുമെന്നും സിനിമാലോകം കണക്കുകൂട്ടുന്നുണ്ട്.
വിജയ്‌യുടെ മുന്‍ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ അത് നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പൊങ്കലിന് മുമ്പുള്ള വീക്കെന്‍ഡായ ജനുവരി ഒമ്പതിന് ജന നായകന്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരും ക്ലാഷിന് മുതിരാത്ത വിജയ്‌യോടൊപ്പം ബോക്‌സ് ഓഫീസില്‍ ശിവകാര്‍ത്തികേയന്‍ ഏറ്റുമുട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Social Media portrays Jana Nayagan and Parasakthi clash is between TVK and DMK