കഴിഞ്ഞ ദിവസം നടന്ന ഐ.സി.സി ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 246ലൊതുങ്ങി.
ഇന്ത്യയുടെ ഈ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മുന്‍ നായകനും ഇന്ത്യന്‍ ലെജമന്‍ഡുമായ എം.എസ്. ധോണിയുടെ പേരാണ്. അതിന് കാരണമോ, സെമി ഫൈനല്‍ മത്സരത്തിലെ തല റഫറന്‍സുകളും. എം.എസ്. ധോണിയുടെ ജേഴ്‌സി നമ്പറായ ഏഴുമായി ബന്ധപ്പെടുത്തിയാണ് ഈ ചര്‍ച്ചകളെല്ലാം തന്നെ.
മുമ്പ് ധോണിയുടെ തന്ത്രങ്ങളില്‍ ഇന്ത്യ മത്സരങ്ങള്‍ വിജയിക്കുമ്പോള്‍ ആരാധകര്‍ പറഞ്ഞിരുന്നതാണ് ‘തല ഫോര്‍ എ റീസണ്‍’ എന്നത്. ധോണി കളിക്കളത്തില്‍ നിന്ന് എം.എസ്.ഡി പടിയിറങ്ങിയെങ്കിലും ധോണി അവശേഷിപ്പിച്ച ലെഗസിയും ആരാധകര്‍ക്കിടയിലെ സ്വാധീനവും ഇന്നും തുടരുകയാണ് എന്നതിന്റെ ഉദാഹരണം കൂടിയാണ് സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍.
ഇന്ത്യ വിജയിച്ചത് ഏഴ് റണ്‍സിനാണ് എന്നതാണ് ആരാധകരുടെ ആദ്യ റീസണ്‍. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏഴാം വിജയമാണ് എന്നതും ഈ റീസണുകളില്‍ ഒന്നാമത് നില്‍ക്കുന്നു.
മത്സരത്തില്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു, ഇന്ത്യയുടെ ടോപ്പ് സ്‌കോററായ സഞ്ജു സാംസണും ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോററായ ജേകബ് ബേഥലും ഏഴ് സിക്‌സര്‍ വീതമാണ് അടിച്ചത്. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഏഴ് വീതം പന്തുകള്‍ നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്ക് ഏഴ് റണ്‍സും സ്വന്തമാക്കി.
സഞ്ജു സാംസണ്‍ തന്റെ കരിയറിലെ ഏഴാം പ്ലെയര്‍ ഓഫ് ദി മാച്ചും വിക്കറ്റ് കീപ്പറുടെ റോളില്‍ ഏഴാം അര്‍ധ സെഞ്ച്വറിയുമാണ് ഇന്നലെ നേടിയതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.
ടി-20യില്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടുന്ന ഏഴാം താരമാണ് ഇന്നലെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജേകബ് ബേഥല്‍. ഈ ലോകകപ്പിലെ ഏഴാം സെഞ്ച്വറി പിറന്നതും ജേകബ് ബേഥലിന്റെ ബാറ്റില്‍ നിന്നുമാണ്.
ഈ മത്സരം കാണാന്‍ സാക്ഷാല്‍ ധോണിയും വാംഖഡെയില്‍ എത്തിയിരുന്നു എന്നതും ആരാധകര്‍ക്ക് ആവേശമായി.
മാര്‍ച്ച് എട്ടിനാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: Social media points out MS Dhoni references in IND vs ENG semi final