| Saturday, 31st January 2026, 9:18 pm

റോക്കിയുടെ കഥ തന്നെയല്ലേ ഹംസയുടെയും? കെ.ജി.എഫും ധുരന്ധറും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

തിയേറ്ററിലെ ഗംഭീര വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലെ സ്വീകാര്യത ഒ.ടി.ടിയിലും ചിത്രം ആവര്‍ത്തിക്കുകയാണ്. പുഷ്പ 2വിനെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും ധുരന്ധര്‍ സ്വന്തമാക്കി.

ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ധുരന്ധറിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തി. അത്തരത്തിലൊരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കന്നഡയിലെ ഏറ്റവും വലിയ ഹിറ്റായ കെ.ജി.എഫിന്റെ അതേ കഥ തന്നെയാണ് ധുരന്ധറിന്റേതെന്നാണ് പോസ്റ്റില്‍ പറയുന്നത്. രണ്ട് ചിത്രങ്ങളുടെയും കഥകള്‍ തമ്മില്‍ ചെറുതല്ലാത്ത സാമ്യമുണ്ട്.

ഒരുപാട് അപകടം പിടിച്ച സ്ഥലത്തേക്ക് വലിയൊരു മിഷന്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന നായകന്റെ കഥയാണ് കെ.ജി.എഫ് പറയുന്നത്. ധുരന്ധറിലും ഇതേ കാര്യം പറയുന്നുണ്ട്. ധുരന്ധറില്‍ നായകനായ ഹംസ പോകുന്ന സ്ഥലത്ത് വളരെ ശക്തനായൊരു ശത്രുവിനെ നേരിടാനുണ്ട്. റഹ്‌മാന്‍ ഡകൈത് എന്ന വില്ലനെയാണ് ഹംസ ധുരന്ധറില്‍ നേരിടുന്നത്. കെ.ജി.എഫില്‍ റോക്കിക്ക് ഗരുഡനെയായിരുന്നു തോല്പിക്കേണ്ടത്.

ശത്രുവിന്റെ കോട്ടയില്‍ അയാള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ കെ.ജി.എഫില്‍ ആളുള്ളതുപോലെ ധുരന്ധറിലും ഹംസയെ സഹായിക്കാന്‍ ഒരു ചാരനുണ്ട്. പ്രധാന വില്ലനെ കൊന്ന് അയാളുടെ സ്ഥാനം നേടാനായി നായകന്‍ തയാറെടുക്കുന്നിടത്താണ് കെ.ജി.എഫ് വണ്ണുംധുരന്ധറിന്റെ ആദ്യഭാഗവും അവസാനിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ശക്തരായിട്ടുള്ള മറ്റ് വില്ലന്മാരെയും നായകന് നേരിടാനുണ്ടെന്ന് രണ്ട് സിനിമകളിലും കാണിക്കുന്നുണ്ട്.

വില്ലന്മാരുടെ സൈഡിലുള്ള ഒരാളുടെ മകളെ നായകന്‍ പ്രേമിക്കുന്നതും കെ.ജി.എഫിലും ധുരന്ധറിലും കാണാന്‍ സാധിക്കും. ഒരേ കഥാസാഹചര്യങ്ങളാണെങ്കിലും അവതരണത്തിലും മേക്കിങ്ങിലും രണ്ട് സിനിമകളും വ്യത്യസ്തമാണ്. രണ്ട് സിനിമകളും പ്രേക്ഷകരുമായി വലിയ രീതിയില്‍ ഇമോഷണലി കണക്ടാക്കുന്ന കാര്യത്തില്‍ സംവിധായകര്‍ വിജയിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ സംഭവങ്ങളില്‍ സിനിമാറ്റിക് ഫിക്ഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആദിത്യ ധര്‍ ധുരന്ധര്‍ അണിയിച്ചൊരുക്കിയത്. ഒരു മകന്‍ അമ്മക്ക് നല്‍കിയ വാക്ക് പാലിക്കാനായി ഇറങ്ങിത്തിരിച്ചതിന്റെ കഥയാണ് പ്രശാന്ത് നീല്‍ കെ.ജി.എഫില്‍ വരച്ചിട്ടത്. രണ്ട് സിനിമകളും ഒന്നിനൊന്ന് മികച്ചതാണെന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല.

മൂന്നര മണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടെങ്കിലും ഒരുമിനിറ്റ് പോലും ബോറടിപ്പിക്കാതെ കഥപറയാന്‍ ആദിത്യ ധറിന് സാധിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലെ ചില രംഗങ്ങള്‍ ഗ്ലിംപ്‌സായി കാണിച്ചത് പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കി. റഹ്‌മാന്‍ ഡാക്കൈത്തിന്റെ സാമ്രാജ്യം ഹംസ പിടിച്ചെടുക്കുന്ന രംഗമെല്ലാം രണ്ടാം ഭാഗത്തെ മികച്ചതാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Social media pointing the similarities between KGF and Dhurandhar

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more