മലയാളത്തില്‍ ത്രില്ലര്‍ സിനിമകളുടെ തലതൊട്ടപ്പനെന്ന് പലരും വിശേഷിപ്പിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്. എന്നാല്‍ ദൃശ്യം 2ന് ശേഷം ജീത്തുവിന്റേതായി പുറത്തുവന്ന സിനിമകളില്‍ പലതും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ഏറ്റവുമൊടുവില്‍ ജീത്തു അണിയിച്ചൊരുക്കിയ മിറാഷ്, വലതുവശത്തെ കള്ളന്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായി.
കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ വലതുവശത്തെ കള്ളന്‍ തിയേറ്ററിലെ അതേ അഭിപ്രായം തന്നെയാണ് സ്വന്തമാക്കുന്നത്. വളരെ മികച്ചൊരു ത്രെഡ് ഉണ്ടായിരുന്നിട്ടും മോശം തിരക്കഥയും അതിലും മോശം മേക്കിങ്ങും ചിത്രത്തിന് തിരിച്ചടിയായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തരക്കേടില്ലാത്ത ആദ്യപകുതിയും അതിനെക്കാള്‍ മോശം തിരക്കഥയുമാണ് ചിത്രത്തിന്റേതെന്നും കമന്റുകളുണ്ട്.
വലതുവശത്തെ കള്ളന്‍ Photo: Theatrical poster
മൂവീ സ്ട്രീറ്റ് ഗ്രൂപ്പില്‍ ചിത്രത്തെക്കുറിച്ച് ഒരാള്‍ പങ്കുവെച്ച റിവ്യൂവാണ് ഇതില്‍ ശ്രദ്ധേയം. ജോജു അവതരിപ്പിക്കുന്ന സാമുവല്‍ ജോസഫും ബിജു മേനോന്റെ ആന്റണി സേവ്യറും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിമാണ് രണ്ടാം പകുതിയിലെ പ്രധാന ആകര്‍ഷണമെന്ന് പോസ്റ്റില്‍ പറയുന്നു. പസില്‍ സോള്‍വ് ചെയ്യുന്ന തരത്തില്‍ മുന്നോട്ടുപോകുന്ന തരത്തില്‍ ക്ലൂ എല്ലാം സോള്‍വ് ചെയ്യുന്ന കഥ ഗംഭീരമായെന്നും പോസ്റ്റിലുണ്ട്.
എന്നാല്‍ സാമുവല്‍ അവസാനമായി ആന്റണിക്ക് നല്‍കുന്ന ക്ലൂ സോള്‍വ് ചെയ്യുന്ന ഭാഗം ഒട്ടും ലോജിക്കില്ലെന്ന് പറയുന്നതാണ് പോസ്റ്റില്‍ ശ്രദ്ധേയമായത്. സിനിമയാണെങ്കിലും ഒട്ടും ലോജിക്കില്ലാത്ത ട്വിസ്റ്റായിരുന്നു അതെന്നും പിയേത്തയുടെ ക്ലൂ മനുഷ്യനായിട്ടുള്ള ആര്‍ക്കും കണ്ടുപിടിക്കാനാകില്ലെന്നും പോസ്റ്റിലുണ്ട്. പ്രേക്ഷകരുടെ കോമണ്‍സെന്‍സിന് മര്യാദ കൊടുത്തുകൂടെയെന്നും ചോദ്യമുണ്ട്.
ചിത്രത്തിലെ മറ്റൊരു ലൂപ്‌ഹോളിനെക്കുറിച്ചുള്ള പോസ്റ്റും വൈറലായി. പൊലീസ് ഫോഴ്‌സിനെ വട്ടം കറക്കുന്ന സാമുവല്‍ ജോസഫ് എന്ന കഥാപാത്രത്തെ ആദ്യപകുതിയില്‍ സാധാരണ ഗൃഹനാഥനയാണ് കാണിക്കുന്നത്. എന്നാല്‍ ഇതെല്ലാം സാമുവലിന് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഏതൊരു പ്രേക്ഷകനും തോന്നുമെന്നും പോസ്റ്റിലുണ്ട്.
അതിന് വേണ്ടി മനപൂര്‍വം ഒരു ഡയലോഗ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. ‘അയാള്‍ ഒരു സാധാരണക്കാരനല്ല, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഐ.ക്യൂ ഉള്ള ആളാണ് സാമുവല്‍’ എന്ന് ലിയോണ ലിഷോയ് അവതരിപ്പിച്ച കഥാപാത്രത്തെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. കുറച്ച് ഹാക്കിങ്ങും കൂടി അറിയാമെന്നുള്ള ഡയലോഗ് കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ വിശ്വസിച്ചോളുമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിച്ചത്.
ഡിനു തോമസ് ഈലനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ലെന, ഷാജു ശ്രീധര്‍, ലിയോണ, ശ്യാമപ്രസാദ്, നിരഞ്ജന അനൂപ്, ഇര്‍ഷാദ് ശാന്തി മായാദേവി തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയാണ് കളംവിട്ടത്. വലതുവശത്തെ കള്ളനും കൂടി പരാജയമായതോടെ ദൃശ്യം 3യുടെ കാര്യത്തില്‍ ആരാധകര്‍ അസ്വസ്ഥരായിരിക്കുകയാണ്.
Content Highlight: Social media pointing the Logic less scene in Valathu Vashathe Kallan Movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ