| Thursday, 25th September 2025, 4:44 pm

നോട്ടുനിരോധിച്ച മോദിജിക്ക് അഭിവാദ്യം, ഭാരത് മാതാ കി ജയ്; ടിജു തോമസിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ചര്‍ച്ചയില്‍. നോട്ടുനിരോധനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ടിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

‘വാട്ട് എ മാസ്റ്റര്‍ സ്‌ട്രോക്ക്’ എന്നാണ് ടിജു തോമസ് 2016 നവംബര്‍ എട്ടിന് ഫേസ്ബുക്കില്‍ കുറിച്ചത്. നോട്ട് നിരോധിച്ച മോദിയുടെ തീരുമാനം ധൈര്യപൂര്‍വമായ ഒന്നാണെന്നായിരുന്നു ടിജു തോമസിന്റെ പ്രതികരണം. നിലവില്‍ ടിജു തോമസിന്റെ ബി.ജെ.പി അനുകൂല നിലപാടുകള്‍ ചൂണ്ടിക്കാട്ടി ഓപ്പറേഷന്‍ നുംഖോറില്‍ സോഷ്യല്‍ മീഡിയ പരിഹാസം ഉയര്‍ത്തുകയാണ്.

കഴിഞ്ഞ ദിവസം ടിജു തോമസ് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഭൂട്ടാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത നടപടികളില്‍ വിശദീകരണം നല്‍കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ നാടകീയ സംഭവങ്ങളാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് അനധികൃതമായി വാഹനം കടത്തുന്നതിന് പിന്നില്‍ വലിയ തട്ടിപ്പുസംഘമാണെന്ന് പറഞ്ഞുകൊണ്ടാണ് ടിജു തോമസ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. എന്നാല്‍ കസ്റ്റംസ് പരിശോധന വിശദീകരിക്കുന്നതിനിടെ ടിജു തോമസിന് ഒരു ഫോണ്‍ വരികയും പിന്നാലെ അദ്ദേഹം പത്രസമ്മേളനം അവസാനിച്ച് ഇറങ്ങിപോകുകയുമായിരുന്നു.

തുടര്‍ന്ന് കമ്മീഷണറുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയായിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ ഒരു വ്യക്തത നല്‍കാനോ മറ്റൊരു പത്രസമ്മേളനം നടത്താനോ ടിജു തോമസ് തയ്യാറായിട്ടില്ല. ഇതിനുപിന്നാലെയാണ് ടിജു തോമസിന്റെ പഴയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ കുത്തിപൊക്കിയത്.

‘കത്തി വെച്ച് കത്തി വെച്ച് കത്തി കയറി, കേള്‍ക്കാന്‍ ഹരമുള്ള കഥയായിരുന്നു. നൂറ് കോടി ക്ലബില്‍ കയറാന്‍ പറ്റാവുന്ന നല്ലൊരു തിരക്കഥ. പ്രിഥിരാജ്, ദുല്‍ഖര്‍ എന്നിവര്‍ വില്ലന്മാരായെത്തി,’ എന്നാണ് ടിജു തോമസിനെ പരിഹസിച്ച് കാഫ് കൊച്ചി എന്ന പ്രൊഫൈൽ പ്രതികരിച്ചത്.

വാര്‍ത്താസമ്മേളനം പാതിവഴിക്ക് നിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലായിക്കാണുമല്ലോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’ എന്ന് പറഞ്ഞും ചിലര്‍ പരിഹാസമുയര്‍ത്തി.

അതേസമയം ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയ 200ഓളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് ടിജു തോമസ് പറഞ്ഞത്. ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായും കമ്മീഷ്ണര്‍ പ്രതികരിച്ചിരുന്നു. നിയമവിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പന നടക്കുന്നതെന്നും ടിജു തോമസ് പറഞ്ഞിരുന്നു.

Content Highlight: Social media mocks Tiju Thomas

We use cookies to give you the best possible experience. Learn more