കോഴിക്കോട്: മനോരമയുടെ ‘2024 ന്യൂസ് മേക്കര്‍’ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.
പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സുരേഷ് ഗോപി നടത്തിയ പ്രസംഗത്തിനും ഇതുസംബന്ധിച്ച് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്കും എതിരെയാണ് പരിഹാസം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനില്‍ നിന്നാണ് മന്ത്രി പുരസ്‌കാരം ഏറ്റുവാങ്ങിയത്.
തന്റെ മണ്ഡലമായ തൃശൂരിലെ അടക്കം ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചത്. ഈ നേട്ടം തൃശൂരിന്റെയും വിജയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ദല്‍ഹിയില്‍ വെച്ച് മനോരമയുടെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ പ്രത്യേക ബഹുമാനമുണ്ടെന്നും സുരേഷ് ഗോപി സംസാരിച്ചു.
എന്നാല്‍ ജനങ്ങള്‍ക്കല്ല, പ്രജകള്‍ക്കാണ് നന്ദി പറയേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും അധിക്ഷേപിച്ചതിനുമാണോ സുരേഷ് ഗോപിയ്ക്ക് ന്യൂസ് മേക്കര്‍ പുരസ്‌കാരം നല്‍കിയതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
കുപ്രസിദ്ധിയില്‍ പുരസ്‌കാരം കിട്ടിയതില്‍ മന്ത്രിക്ക് സന്തോഷമുണ്ടെന്നും ചിലര്‍ പറയുന്നു. തെക്കേടത്ത് അമ്മ അവാര്‍ഡ് പുറകെ വരുന്നുണ്ടെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
കോമഡി സ്റ്റാര്‍ അവാര്‍ഡ് അല്ലേ നല്‍കേണ്ടതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിലെ തന്നെ ന്യൂസ് മേക്കറെന്നും ചിലര്‍ പരിഹസിച്ചു. ബഡാ ദോസ്തിലെ അഭിനയത്തിന് ജസ്റ്റ് മിസ്സിനാണ് അവാര്‍ഡ് കിട്ടാതെ പോയതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടി.
രാജ്യഭരണം കഴിഞ്ഞുവെന്നും സ്വഭാവം മാറ്റണമെന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. തന്റെ രാഷ്ട്രീയം സിനിമ ജീവിതത്തെ ബാധിച്ചുവെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനും സോഷ്യല്‍ മീഡിയ മറുപടി നല്‍കുന്നുണ്ട്.
കലുങ്കിലെ അഭിനയം സിനിമയില്‍ ചെയ്തിരുന്നെങ്കില്‍ അവാര്‍ഡ് ഒരുപാട് കിട്ടിയേനെയെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മനോരമ ന്യൂസ്, കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് എന്നിവരുമായി സഹകരിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് സുരേഷ് ഗോപിയെ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തത്.
Content Highlight: Social media mocks Suresh Gopi after he receives Manorama’s ‘2024 Newsmaker’ award