| Saturday, 11th October 2025, 4:09 pm

'രാഹുലിന് കൈകൊടുത്തില്ല, പാറക്കൽ അബ്ദുല്ലയ്ക്ക് കൊടുത്തു'; മാങ്കൂട്ടത്തില്‍ ഫോട്ടോയെടുത്തപ്പോള്‍ ഷാഫിക്ക് ബോധം വീണിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന വടകര എം.പി ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാഫിയെ ഇന്ന് (ശനി) രാവിലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സന്ദര്‍ശിച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്ന് ഷാഫി പറമ്പിലിനൊപ്പമുള്ള ഒരു ഫോട്ടോ രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

‘ഷാഫിക്ക… ഈ അമ്പലം വിഴുങ്ങികളായ സര്‍ക്കാരിനെ തെരുവില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് സമ്മാനിച്ച പരിക്കുകള്‍ ഭേദമായി ഉടന്‍ മടങ്ങിയെത്തട്ടെ…. ഈ നാട് ഒപ്പമുണ്ട്,’ എന്ന കുറിപ്പോട് കൂടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്. ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയാണ് പ്രതികരിക്കുന്നത്.

ഷാഫി പറമ്പിലും രാഹുലും തമ്മില്‍ അടുപ്പക്കുറവുണ്ടായിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കണ്ടതെന്നാണ് ചിലര്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കൈകൊടുക്കാതിരുന്ന ഷാഫി തന്നെ കാണാനെത്തിയ പാറക്കല്‍ അബ്ദുല്ലയ്ക്ക് കൈകൊടുത്തതായും സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നു.

‘പീഡന പരാതിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ രാഹുലിനെ അവഗണിച്ച് ഷാഫിക്കാ. പാറക്കല്‍ അബ്ദുല്ല വന്നപ്പോള്‍ കൈ കൊടുത്ത് സ്വീകരിച്ച ഷാഫിക്ക രാഹുല്‍ വന്നപ്പോള്‍ ബോധം പോയത് പോലെ കിടക്കുന്നു… മിനിറ്റുകള്‍ വ്യത്യാസത്തിലുള്ള രണ്ട് ഫോട്ടോസ്,’ രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ രാഹുല്‍ ഫോട്ടോയെടുത്തപ്പോള്‍ സര്‍ജറി കഴിഞ്ഞിരിക്കുന്ന ഷാഫിക്ക് ബോധം വീണിരുന്നില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഷാഫിക്ക് ബോധമുണ്ടായിരുന്നെങ്കില്‍ ഇരുവരും പരസ്പരം കൈകൊടുക്കുന്ന ചിത്രം ‘ഇന്നത്തെ ചിന്താവിഷയമായേനെ’ എന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടു.

ഷാഫിയെ സന്ദര്‍ശിച്ച രാഹുലിനെ കണ്ടപ്പോള്‍ അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം തന്റെ അച്ഛനെ ആശുപത്രിയില്‍ കാണാനെത്തിയ രംഗമാണ് ഓര്‍മ വരുന്നതെന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതെല്ലാം ഇവരുടെ ഷോയാണെന്നും ചിലര്‍ പറയുന്നു.

‘വയനാട് ദുരന്ത ഫണ്ട് മുക്കിയത് ജനം മറക്കാന്‍ ഈ ഷോ മതിയാവില്ല’ എന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതികരിച്ചു.

‘സ്ത്രീ പീഡനവും ഗര്‍ഭഛിദ്രവും വയനാട് ഫണ്ട് വിവാദവും ചെറുതല്ലാത്ത ക്ഷീണം വടകര എം.പിക്ക് കോണ്‍ഗ്രസിനകത്തും പുറത്തും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ നിന്നും കരകയറാന്‍ നേരത്തെ വടകരയില്‍ കാണിച്ച ഷോയും ഇപ്പോള്‍ പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷവും അതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവവും എല്ലാം ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നടത്തുന്ന നാടകമാണ്,’ എന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

Content Highlight: Social media mocks Rahul Mangkootathil MLA who visited Shafi Parambil

We use cookies to give you the best possible experience. Learn more