| Monday, 29th September 2025, 6:33 pm

ഭായി സ്റ്റേഡിയത്തിലെ ലൈറ്റ് ഒന്ന് ഇടുമോ, ദേഷ്യത്തില്‍ വലിച്ചെറിഞ്ഞ ചെക്ക് എടുക്കാനാ; പാക് ടീമിനെ ട്രോളി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഒമ്പതാം തവണയും ഏഷ്യാ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ്. വിജയത്തിന് പിന്നാലെ എ.സി.സി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) സെക്രട്ടറിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായ മൊഹസിന്‍ നഖ്‌വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ട്രോഫിയുമായി നഖ്‌വി മടങ്ങുകയായിരുന്നു. മാത്രമല്ല മാച്ച് പ്രസന്റേഷന്‍ സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ട്രോഫി കയ്യിലുള്ളതുപോലെ കാണിച്ച് നടന്ന് വന്നാണ് ടീമിനൊപ്പം വിജയം ആഘോഷിച്ചത്.

മാത്രമല്ല പ്രസന്റേഷന്‍ സമയത്ത് റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് ഏറ്റവാങ്ങാന്‍ വന്ന പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ ചെക്ക് സ്വീകരിച്ച് വലിച്ചെറിയുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മൊഹസിന്‍ നഖ്‌വിയുടെയും പാക് നായകന്റെയും പൊരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരിക്കുന്നത്. പല ട്രോള്‍ പേജുകളിലും ഇവരെ കളിയാക്കിക്കൊണ്ട് പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ട്രോഫിയുമായി കിടന്നുറങ്ങുന്ന നഖ്‌വിയുടെ എ.ഐ ചിത്രവും വലിച്ചെറിഞ്ഞ ചെക്ക് രാത്രിയില്‍ എടുക്കാന്‍ പോകുന്ന പാക് ക്യാപ്റ്റനെയും ഉള്‍ക്കൊള്ളിച്ചാണ് പല ട്രോളുകളും.

‘ഭായി സ്‌റ്റേഡിയത്തിലെ ലൈറ്റ് ഒന്ന് ഇടാമോ, ദേഷ്യത്തില്‍ ഞാന്‍ വലിച്ചെറിഞ്ഞുപോയ തോറ്റവര്‍ക്കുള്ള ചെക്ക് എടുക്കാനാ’ എന്ന തരത്തില്‍ മീശമാധവനിലെ ദിലീപിന്റെ ക്യാരക്ടര്‍ വെച്ചുകൊണ്ടാണ് ട്രോള്‍ ക്രിക്കറ്റ് മലയാളം പോസ്റ്റ് ഇട്ടത്. സമാന രീതിയില്‍ മറ്റ് ട്രോള്‍ പേജുകളും പാകിസ്ഥാന്‍ ടീമിന്റെ പെരുമാറ്റത്തിന് കണക്കിന് കൊടുക്കുന്നുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും ഏഷ്യാ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ വിജയിച്ചിരുന്നു. മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യാത്തതും ഏറെ വിവാദമായിരുന്നു. യുദ്ധ സമാനമായ നാടകീയ രംഗങ്ങളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളില്‍ കാണേണ്ടി വന്നിരുന്നു. കൂടാതെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരകളായ കുടുംബങ്ങള്‍ക്ക് മാച്ച് ഫീ നല്‍കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് തിലക് വര്‍മയാണ്. ടോപ്പ് ഓര്‍ഡര്‍ തകര്‍ന്ന ശേഷം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയ താരം 53 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 69 റണ്‍സ് നേടി പുറത്താകാതെയാണ് മികച്ച ബാറ്റിങ് നടത്തിയത്. താരത്തിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ആറാമനായി ഇറങ്ങിയ ശിവം ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി സെക്കന്റ് ടോപ് സ്‌കോററായി.

മാത്രമല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സമ്മര്‍ദ ഘട്ടത്തില്‍ തിലകിനൊപ്പം 22 പന്തില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 24 റണ്‍സ് നേടി. ഹര്‍ദിക്ക് പാണ്ഡ്യയുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ സൂപ്പര്‍ താരം റിങ്കു സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരം ഫിനിഷ് ചെയ്തത്. ഒരു പന്തില്‍ നാല് റണ്‍സാണ് താരം നേടിയത്.

Content Highlight: Social media mocks Pakistan cricket team

We use cookies to give you the best possible experience. Learn more