തിരുവനന്തപുരം: പെരുമഴയത്ത് ഇരുന്ന് പ്രതിഷേധിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പങ്കുവെച്ച കെ. സുരേന്ദ്രനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ‘സമരത്തീയില്‍’ എന്ന തലക്കെട്ടോട് കൂടിയാണ് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കൂടിയായ കെ. സുരേന്ദ്രന്‍ ചിത്രം പങ്കുവെച്ചത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
‘തീയില്‍ ആണെന്ന് പറഞ്ഞിട്ട് കൈ നനഞ്ഞിരിക്കുകയാണല്ലോ,’ എന്നാണ് സുരേന്ദ്രന്റെ പോസ്റ്റിന് താഴെ ഉയരുന്ന തമാശരൂപേണയുള്ള പ്രധാന ചോദ്യം. ഒരു പുതിയ നേതാവിനെ സ്ഥാനം പോയ നേതാവ് ഇങ്ങനെ ട്രോളുന്നത് ശരിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
‘വീണോട്ടെ… നല്ലോണം തണുക്കാന്‍ തലയില്‍ തണുത്ത വെള്ളം വീഴുന്നത് നല്ലതാ,’ എന്നാണ് മറ്റൊരു കമന്റ്. വിചാരിച്ചത് ഒത്തില്ലെന്നും അടുത്ത തവണ ഒന്നുകൂടി നന്നാക്കാമെന്നും ചിലര്‍ പരിഹസിച്ചു.
‘തീയില്‍ ഇരുന്നതുകൊണ്ടായിരിക്കും വിയര്‍ത്തുകുളിച്ചിരിക്കുന്നത്,’ എന്നാണ് മറ്റൊരു രസകരമായ കമന്റ്. തീ കത്തിയത് കൊണ്ടാണോ വെള്ളം ഒഴിച്ചത് എന്നും മറ്റു ചിലര്‍ ചോദിക്കുന്നുണ്ട്. സമരം വെള്ളത്തിലെന്നും സുരേട്ടാ ഇത് വെള്ളമാണ് തീ അല്ലെന്നും ചിലര്‍ പരിഹസിച്ചു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രഖ്യാപിച്ച രാപ്പകല്‍ സമരവും സെക്രട്ടറിയേറ്റ് ഉപരോധവും ഇന്നലെ (വെള്ളി) രാത്രിയോടെ ആരംഭിച്ചിരുന്നു.
കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളിലെ കൊള്ള ഇനിയും അനുവദിക്കില്ലെന്നാണ് ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം. സമരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടൊപ്പം ‘മാറാത്തത് ഇനി മാറു’മെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചിരുന്നു.
‘സി.പി.ഐ.എം അയ്യപ്പഭക്തരോട് ചെയ്ത ദ്രോഹങ്ങള്‍ ഒരു പെരുമഴയ്ക്കും മായ്ച്ചുകളയാനാവില്ല. ഞങ്ങളുടെ ക്ഷേത്രങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനുമാവില്ല,’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറ്റൊരു പോസ്റ്റിലെ വാചകം.
ഇതിനിടെ രാപ്പകല്‍ സമരത്തില്‍ നിന്ന് കെ. സുരേന്ദ്രന്‍ വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപരോധം താന്‍ ബഹിഷ്‌കരിച്ചതല്ലെന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അഞ്ച് വര്‍ഷം ബി.ജെ.പി അധ്യക്ഷനായ താന്‍ പാര്‍ട്ടി പരിപാടി ബഹിഷ്‌കരിക്കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. തന്നെയും വി. മുരളീധരനെയും ഒരേ നൂലില്‍ കെട്ടേണ്ടെന്നും ഉപരോധത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Content Highlight: Social media mocks K. Surendran for sharing a picture of Rajeev Chandrasekhar protesting in the heavy rain