കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ടി.വിയുടെ എം.ഡിയും മുട്ടില്‍ മരംമുറി കേസിലെ പ്രതിയുമായ ആന്റോ അഗസ്റ്റിന്റെ രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തെ കുറിച്ചുള്ള ഇടത് ഹാന്‍ഡിലുകളുടെ പ്രതികരണങ്ങളില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ.
ഇന്ത്യയുടെ ചെസ് ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിന് സംഭവിച്ചത് പോലെയുള്ള അബദ്ധങ്ങൾ പറ്റാതെ നോക്കണേയെന്നാണ് സോഷ്യൽ മീഡിയയുടെ നിർദേശം.
‘ദി ബ്രേക്കിങ് പോയിന്റ്’ എന്ന തലക്കെട്ടില്‍ ആർ.ജെ മാത്തുക്കുട്ടിയുമായി നടത്തിയ അഭിമുഖത്തിലാണ് കേരളത്തിലെ മറ്റു മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ആന്റോ അഗസ്റ്റിന്‍ സംസാരിച്ചത്. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ചില മാധ്യമങ്ങള്‍ തന്നെ സമൂഹത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആന്റോ ആഗസ്റ്റില്‍ ആരോപിച്ചിരുന്നു.
പിന്നാലെ ‘വെറും 35 വയസുള്ള ഈ യുവാവിനെ തകര്‍ക്കാന്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്രയധികം ശ്രമിക്കുന്നുവെങ്കില്‍, അയാള്‍ ചില്ലറക്കാരനല്ലെന്നും അയാളുടെ ഭാഗത്ത് സത്യമുണ്ടെന്നും ബോധ്യപ്പെട്ടു,’ എന്ന് സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെ ഫേസ്ബുക്കില്‍ കുറിച്ചു.
റെഡ് ഇന്ത്യന്‍, റെഡ് ആര്‍മി തുടങ്ങിയ ഇടത് ഹാന്‍ഡിലുകളും ഇടത് അനുകൂലികളും സമാനമായ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ തുടക്കം എഡിറ്റ് ചെയ്തുകൊണ്ടാണ് പലരും ആന്റോയുടെ അഭിമുഖത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
ഇതിൽ ‘ആന്റോയുടെ ഭാഗത്ത് സത്യമുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു, ഇപ്പോള്‍ അത് ബോധ്യപ്പെട്ടു’ എന്ന് എല്ലാവരും ഒരേ സ്വരത്തിലാണ് പറയുന്നത്. ഒരുപോലെയുള്ള ഈ പോസ്റ്റുകള്‍ ചര്‍ച്ചയായതോടെയാണ് സോഷ്യല്‍ മീഡിയ വിശ്വനാഥന്‍ ആനന്ദിനെ കുറിച്ച് ഓര്‍മിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് എക്സില്‍ പങ്കുവെച്ച പോസ്റ്റിന് മുകളില്‍ ‘വിശ്വനാഥന്‍ ആനന്ദ് ജി’ എന്ന് ഉള്‍പ്പെട്ടതാണ് വിവാദമായത്. പിന്നാലെ ബി.ജെ.പി ഐ.ടി സെല്ലാണോ താങ്കൾക്ക് ഈ കുറിപ്പ് എഴുതിത്തന്നതെന്ന് മുന്‍ ഇന്ത്യന്‍ താരത്തിനോട് സോഷ്യല്‍ മീഡിയ ചോദ്യമുയര്‍ത്തിയിരുന്നു.
ഇതുപോലുള്ള അബദ്ധം കേരളത്തിലെ ഇടത് അനുകൂലികൾക്കും സി.പി.ഐ.എം പ്രവര്‍ത്തകർക്കും സംഭവിക്കാതിരിക്കട്ടെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ളവര്‍ക്ക് ആന്റോ അഗസ്റ്റിന്‍ തന്നെയാണോ ഈ കുറിപ്പ് എഴുതി നല്‍കിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlight: Social media mocked the reactions of left-wing handles to Anto Augustine’s two-and-a-half-hour interview