| Sunday, 18th January 2026, 7:00 pm

2014ലും 2016ലും നമ്മള്‍ കണ്ടതാ......ഇനി അങ്ങേര്‍ ചരിത്രം ആവര്‍ത്തിക്കുമോ?

ഐറിന്‍ മരിയ ആന്റണി

സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ തിളങ്ങാതെ പോയ നിവിന്‍ പോളി ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു സര്‍വ്വം മായ. അഖില്‍ സത്യന്റെ സംവിധാനത്തില്‍ 2025ല്‍ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിവിന് പുറമെ റിയ ഷിബു, അജു വര്‍ഗീസ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തില്‍ 140 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി.

വിജയാഘോഷത്തിന്റെ കെട്ടഴിയും മുമ്പേ അടുത്തൊരു നിവിന്‍ പോളി സിനിമ കൂടി റിലീസിനെത്തുന്നുണ്ട്. ബോബി-സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും വലിയ ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സര്‍വ്വം മായയുടെ ഗംഭീര വിജയത്തിന് പിന്നാലെ നിവിന്‍ അടുത്ത ഹിറ്റടിക്കുമോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബേബി ഗേള്‍ കൂടി ഹിറ്റായി മാറിയാല്‍ നിവിന്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ പറയുന്നു.

ഓം ശാന്തി ഓശാന, 1983, ബാഗ്ലൂര്‍ ഡെയ്‌സ്, എന്നീ നിവിന്‍ ചിത്രങ്ങള്‍ 2014ല്‍ ബോക്‌സ് ഓഫീസില്‍ ഹാട്രിക് അടിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2016ല്‍ ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ സിനിമകള്‍ സൂപ്പര്‍ ഹിറ്റ്. സര്‍വ്വം മായയുടെ ഹിറ്റിന് പിന്നാലെ പുതുവര്‍ഷത്തില്‍ ബേബി ഗേളും ഹിറ്റായാല്‍ നിവിന് അത് ഇരട്ടി മധുരമായിരിക്കും.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് ചിത്രമായിരുന്നു 1983. രമേശന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. എബ്രിഡ് ഷൈനിന്റെ ആദ്യ സംവിധാന സംരഭമായെത്തിയ 1983 മികച്ച നിരൂപ പ്രശംസ നേടുകയും ബോക്‌സ് ഓഫീസില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

നിവിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച ചിത്രമായിരുന്നു 1983. അതേ വര്‍ഷം വന്ന ഓം ശാന്തി ഓശനയും, ബാംഗ്ലൂര്‍ ഡേയ്ും സൂപ്പര്‍ ഹിറ്റായി.

നിവിന്റെ കരിയറിലെ അടുത്ത മൈല്‍സ്റ്റോണായി തീര്‍ന്ന ചിത്രമായിരുന്നു എബ്രിഡ് ഷൈനിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 32 കോടി നേടി. അതേവര്‍ഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഫാമിലി ഫീല്‍ഗുഡ് ചിത്രം ജേേക്കബിന്റെ സ്വര്‍ഗരാജ്യം മികച്ച വിജയം നേടി.

ഇനി 2026ല്‍ ജനുവരി 23ന് എത്തുന്ന ബേബി ഗേളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹോസ്പിറ്റല്‍ അറ്റന്‍ഡ് സനല്‍ മാത്യു എന്ന കഥാപാത്രമായി നിവിന്‍ വേഷമിടുന്ന ചിത്രത്തില്‍ ലിജോമോള്‍ ജോസ്. സംഗീത് പ്രതാപ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. ബേബി ഗേള്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Social media is wondering if Nivin Pauly will make history with Baby Girl after the hit of Sarvam Maya

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more