| Thursday, 14th May 2026, 11:07 am

'നന്നായി ദൃശ്യം 3 മാറ്റിയത്, അല്ലെങ്കിൽ 100 പോയിട്ട് അതിന്റെ പകുതി പോലും വാഴയ്ക്ക് കിട്ടില്ലായിരുന്നു'; ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാളി പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രമായിരുന്നു സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റഗ്രാം റീലുകൾ വഴി പ്രേക്ഷകർക്ക് സുപരിചിതരായ യുവതാരങ്ങളെ അണിനിരത്തി എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയും പിന്നീട് ബോക്സ് ഓഫീസിൽ 200 കോടിയ്ക്ക് മുകളിൽ കുതിക്കുകയും ചെയ്തിരുന്നു. വലിയ താരനിരകളില്ലാതെ തന്നെ കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തിയേറ്ററിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു.

വാഴ2, Photo: IMDb

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ശക്തി. ഹാസ്യവും വികാരങ്ങളും ചേർന്ന അവതരണം പ്രേക്ഷകർ ഏറ്റെടുത്തതോടെ വാഴ 2 സോഷ്യൽ മീഡിയയിലും വലിയ ട്രെൻഡായി മാറി. റിലീസിന് പിന്നാലെ നിരവധി ഡയലോഗുകളും രംഗങ്ങളും റീലുകളായും ട്രോളുകളായും വൈറലായി.

എന്നാൽ തിയേറ്റർ വിജയത്തിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തിയതോടെ അഭിപ്രായങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

തിയേറ്ററിൽ ആഘോഷിച്ച പലരും തന്നെ ഇപ്പോൾ ചിത്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തുകയാണ്. ‘ചിത്രം അത്രയും വലിയ വിജയത്തിന് അർഹമല്ല, 200 കോടിയുടെ നിലവാരം സിനിമയിൽ ഇല്ല എന്നിങ്ങനെയുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നത്.

ഇതിനിടെയാണ് ദൃശ്യം 3നെ ചുറ്റിപ്പറ്റിയ ചർച്ചകളും വീണ്ടും സജീവമായിരിക്കുന്നത്. ആദ്യമായി പ്രഖ്യാപിച്ചപ്പോൾ ദൃശ്യം 3യും വാഴ 2വും ഒരേ റിലീസ് ഡേറ്റിലായിരുന്നു എത്തേണ്ടിയിരുന്നത്.

ദൃശ്യം 3, Photo: IMDb

എന്നാൽ പിന്നീട് ദൃശ്യം 3 റിലീസ് മാറ്റുകയായിരുന്നു. ഈ തീരുമാനമാണ് വാഴ 2ന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്.

‘നന്നായി ദൃശ്യം 3 മാറ്റിയത്, ഇല്ലായിരുന്നെങ്കിൽ വാഴയ്ക്ക് 100 കോടി പോലും കിട്ടില്ലായിരുന്നു, ജോർജ്‌കുട്ടിയുടെ മുന്നിൽ വാഴ നിലനിൽക്കുമായിരുന്നില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് ഇപ്പോൾ വൈറലാകുന്നത്.

വാഴ2, Photo: IMDb

അതേസമയം മറ്റൊരു വിഭാഗം പ്രേക്ഷകർ ഇതിനെതിരെ രംഗത്തെത്തുന്നുമുണ്ട്. വാഴ 2 സ്വന്തമായി ഒരു പ്രേക്ഷകവൃത്തം സൃഷ്ടിച്ച ചിത്രമാണെന്നും യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചതിനാലാണ് ചിത്രം വിജയിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Content Highlight: Social media is saying that the reason behind the success of Vazha is the change in the release date of Drishyam 3.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more