കടലിനെ പശ്ചാത്തലമാക്കി അരയന്മാരുടെയും മുക്കുവന്മാരുടെയും പ്രണയവും പിണക്കങ്ങളും നൊമ്പരങ്ങളും പ്രമേയമാക്കി 1991 ഫെബ്രുവരി ഒന്നിനാണ് അമരം എന്ന സിനിമ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഭരതനും എ.കെ. ലോഹിദാസും ആദ്യമായി സംവിധായകനും തിരക്കഥാകൃത്തുമായി ഒന്നിച്ച സിനിമയിൽ മമ്മൂട്ടിയുടെ പകരം വെക്കാനില്ലാത്ത പ്രകടനവും ഒപ്പം പ്രണയവും നൊമ്പരവും നിറഞ്ഞ പാട്ടുകളും മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും തങ്ങി നിൽക്കുന്നവയാണ്.
അച്ഛന്റെയും മകളുടെയും അടങ്ങാത്ത സ്നേഹബന്ധം പറയുന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം കെ.പി.എ.സി ലളിതയ്ക്ക് ലഭിച്ചിരുന്നു. സംസ്ഥാന അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചു.
അമരം, Photo: YouTube/ Screengrab
സിനിമ പുറത്തിറങ്ങിയപ്പോൾ എല്ലാവരും ഒരുപോലെ ചർച്ച ചെയ്ത ഒന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടി എന്ന കഥാപാത്രം. തന്റെ മകളുടെ ജീവിതം മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്ന ഒരു മുക്കുവന്റെ ജീവിതം അത്രയും സ്വാഭാവികമായി അവതരിപ്പിച്ച പ്രകടനം ആയിരുന്നു അത്. ആ മനുഷ്യനിൽ മുക്കുവമ്പനായ അച്ചൂട്ടിയെ അല്ലാതെ മമ്മൂട്ടി എന്ന നടനെ കാണാൻ പോലും സാധിക്കാത്തവിധം അദ്ദേഹം കഥാപാത്രമായി മാറിയിരുന്നു.
എല്ലാ മലയാളി പ്രേക്ഷകരും എടുത്തുപറഞ്ഞ അഭിനയമായതിനാൽ തന്നെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു. എന്നാൽ മമ്മൂട്ടിക്ക് ആ അവാർഡ് ലഭിച്ചില്ല. ലഭിക്കാതെ പോയതിന്റെ കാരണം എല്ലാവരെയും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാതിരുന്നതിനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
അമരം, Photo: YouTube/ Screengrab
ഭരതന്റെ അമരത്തിലെ അച്ചൂട്ടിക്ക് അവാർഡ് നിഷേധിച്ചതിനെ കുറിച്ച് മമ്മൂട്ടി ഒരിക്കൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ,
‘അച്ചൂട്ടിക്ക് മുക്കുവന്റെ ഛായ ഇല്ല എന്നാണത്രേ കമ്മിറ്റി അഭിപ്രായപ്പെട്ടത്. അതെനിക്ക് മനസിലായില്ല. അങ്ങനെ ഒരു രൂപമുണ്ടോ മുക്കുവന്? എന്റെ തറവാട് വീട് കായലോരത്താണ്. അവിടത്തെ മുക്കുവരൊക്കെ നല്ല സുന്ദരന്മാരാണ്. നല്ല വെളുത്ത ആളുകളാണ് കൂടുതലും. സ്ഥിരമായി കടലിൽ പോകുന്നവർക്ക് അല്പം കറുപ്പുണ്ടാകും. എന്നാലും വെളുത്തവരും ഉണ്ട്.’ എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞത്.
കൂടാതെ മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതിനെക്കുറിച്ച് കെ.പി.എ.സി ലളിത അന്ന് പറഞ്ഞ വാക്കുകളും പ്രേക്ഷകർ വീണ്ടും ഓർക്കുകയാണ്.
‘മമ്മൂട്ടിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന് തന്നെയാണ് അമരം. ആ സിനിമയിൽ മോശം എന്ന് പറയാൻ ഒന്നും തന്നെയില്ല. പാട്ടുകളെല്ലാം മികച്ചതായിരുന്നു. മധു അമ്പാട്ട് ആയിരുന്നു ക്യാമറ ചെയ്തത്. എല്ലാം ഒന്നിനൊന്ന് മെച്ചം. പക്ഷേ ഏറ്റവും സങ്കടമായത് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചില്ല എന്നതാണ്.
അത്രയ്ക്ക് ഗംഭീരമായാണ് അദ്ദേഹം അഭിനയിച്ചത്. ഓരോ ഷോട്ടും മികച്ചതായിരുന്നു. പ്രത്യേകിച്ച് മകൾ പോയതിന് ശേഷം കള്ളുകുടിച്ചിട്ട് ‘അവൻ കടലിൽ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ടു വരട്ടെ, അപ്പോൾ ഞാൻ സമ്മതിക്കാം അവൻ നല്ലൊരു അരയനാണെന്ന്’ എന്ന് പറഞ്ഞ് നടന്നുപോകുന്ന സീനുണ്ട്. അതൊക്കെ എത്ര ഗംഭീരമാണ്. ഒരിക്കലും മറക്കാൻ പറ്റില്ല.
അമരം, Photo: IMDb
അവാർഡ് കൊടുക്കാതിരിക്കാൻ പല കാരണമുണ്ടാകാം. കിട്ടാൻ ഒരു കാരണം മതി. ഇന്നും മമ്മൂട്ടി അഭിനയിച്ചപോലെ ആർക്കെങ്കിലും അത് ചെയ്യാൻ പറ്റുമോ എന്ന് എനിക്ക് സംശയമുണ്ട്. മകൾ കല്യാണം കഴിച്ച് അപ്പുറത്ത് വന്നുകയറുന്ന സീൻ ഓർത്താൽ മതി. നിശബ്ദമാണ്. ഒരു ബഹളവുമില്ല. മുറ്റത്ത് നിന്ന് അത് കണ്ടിട്ട് അകത്ത് കയറിവന്ന് ആ സങ്കടം കാണിക്കുന്ന രംഗങ്ങളൊക്കെ മനസ്സിൽ നിന്ന് ഇന്നും മായുന്നില്ല,’ താരം പറഞ്ഞു.
എന്തൊക്കെയായാലും വർഷങ്ങൾ കഴിഞ്ഞിട്ടും അമരം എന്ന സിനിമയും മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന കഥാപാത്രവും വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് ഒരു നടന്റെയും ഒരു സിനിമയുടെയും മികവ് എത്രത്തോളമുണ്ടെന്ന് എടുത്തുപറയേണ്ടതാണെന്നും പ്രേക്ഷകർ പറയുന്നു.
Content Highlight: Social media is once again discussing the reason why Mammootty was denied an award.