| Wednesday, 3rd June 2026, 11:09 am

എന്തുകൊണ്ട് തമിഴിൽ മാത്രം ദൃശ്യത്തിന് രണ്ടാം ഭാഗമില്ല?; ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നാണ് മോഹൻലാൽ നായകനായ ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലുടനീളം വലിയ തരംഗമാണ് സൃഷ്ടിച്ചത്.

ചിത്രത്തിന്റെ അസാധാരണ വിജയത്തെ തുടർന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും എല്ലാ ഭാഷകളിലും മികച്ച സ്വീകാര്യത നേടുകയും ചെയ്തു.

തമിഴിൽ ‘പാപനാശം’ എന്ന പേരിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. കമൽ ഹാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ പിന്നീട് മലയാളത്തിൽ ‘ദൃശ്യം 2’, ‘ദൃശ്യം 3’ എന്നിവ പുറത്തിറങ്ങിയപ്പോൾ ഹിന്ദിയിലും തെലുങ്കിലുമൊക്കെ തുടർഭാഗങ്ങൾ എത്തി. അതേസമയം തമിഴിൽ മാത്രം ‘പാപനാശം 2’ എന്നൊരു ചിത്രം ഉണ്ടായില്ല. ഈ ഒരു വിഷയമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.

ദൃശ്യം, photo: IMDb

സിനിമാപ്രേമികൾക്കിടയിൽ പ്രചരിക്കുന്ന ഒരു പ്രധാന വാദം, ‘ദൃശ്യംവും ‘പാപനാശംവും ഒരേ കഥ പറഞ്ഞാലും കഥാപാത്രങ്ങളുടെ മനോഭാവത്തിലും അവതരണത്തിലും വ്യത്യാസമുണ്ടെന്നാണ്.

‘പാപനാശം’ എന്ന പേരിന്റെ അർത്ഥം തന്നെ പാപം കഴുകിക്കളയുന്ന സ്ഥലം എന്നാണെന്നും, തമിഴ് പതിപ്പിൽ കമൽ ഹാസൻ അവതരിപ്പിച്ച കഥാപാത്രം തന്റെ പ്രവൃത്തി തെറ്റാണെന്ന് ഉള്ളിൽ അംഗീകരിക്കുന്നതായി കാണിച്ചുവെന്നുമാണ് ചിലരുടെ വിലയിരുത്തൽ.

അതേസമയം മലയാളത്തിലെ ജോർജ്‌കുട്ടി തന്റെ കുടുംബത്തെ രക്ഷിക്കാൻ ചെയ്ത കാര്യം തെറ്റല്ലെന്നും അത് സാഹചര്യത്തിന്റെ ആവശ്യമായിരുന്നുവെന്നുമുള്ള വിശ്വാസത്തിലാണ് മുന്നോട്ടുപോകുന്നത്.

പാപനാശം, Photo: IMDb

ഈ അടിസ്ഥാന ചിന്താഗതിയിലെ വ്യത്യാസം കൊണ്ടാണ് മലയാളത്തിൽ കഥയ്ക്ക് തുടർഭാഗങ്ങൾ സ്വാഭാവികമായി വികസിപ്പിക്കാൻ കഴിഞ്ഞതെന്നാണ് ചില സിനിമാപ്രേമികൾ അഭിപ്രായപ്പെടുന്നത്.

എന്നാൽ ഈ വാദത്തോട് യോജിക്കാത്തവരും നിരവധിയുണ്ട്. തമിഴിൽ രണ്ടാം ഭാഗം വരാതിരുന്നതിന് കഥാപരമായ കാരണങ്ങളേക്കാൾ നിർമാണ-വാണിജ്യപരമായ കാരണങ്ങളാണ് പ്രധാനമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. കമൽ ഹാസന്റെ തിരക്കുകൾ, നിർമാണ തീരുമാനങ്ങൾ, അവകാശ പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങളും ഇതിന് പിന്നിലുണ്ടാകാമെന്നാണ് ഇവരുടെ വിലയിരുത്തൽ.

പാപനാശം, Photo: IMDb

ചർച്ചകൾക്കിടെ താരതമ്യങ്ങളും ഉയരുന്നുണ്ട്. ജോർജ്‌കുട്ടിയായി മോഹൻലാൽ നൽകിയ പ്രകടനത്തിന്റെ തീവ്രത മറ്റാരാലും പുനസൃഷ്ടിക്കാനാവില്ലെന്നാണ് ചില ആരാധകരുടെ അഭിപ്രായം. മറുവശത്ത്, കമൽ ഹാസൻ തന്റെ ശൈലിയിൽ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്ന വാദവും ശക്തമാണ്.

ഏതായാലും ‘ദൃശ്യം 3’ പുറത്തിറങ്ങിയതോടെ തമിഴിൽ ‘പാപനാശം 2’ ഉണ്ടാകാത്തതിന്റെ കാരണം എന്താണെന്ന ചോദ്യം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.

Content Highlight: Social media is discussing why there won’t be a second part of the Papanasam movie.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more