| Wednesday, 28th January 2026, 10:31 am

നീതിയാണോ അതോ തന്റെ ഡ്യൂട്ടിയാണോ ചെയ്യേണ്ടതെന്നറിയാതെ നിൽക്കുന്ന ആ നിമിഷങ്ങൾ...;ഒ.ടി.ടി റിലീസിന് പിന്നാലെ പ്രേക്ഷക പ്രശംസ നേടി സിറൈ

നന്ദന എം.സി

വിക്രം പ്രഭു നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘സിറൈ’ ഒ.ടി.ടി റിലീസിന് പിന്നാലെ ശക്തമായ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. തിയേറ്റർ റിലീസിൽ തന്നെ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.

നവാഗതനായ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. മുൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന തമിഴ് രചിച്ച തിരക്കഥ, ഒരു പോലീസ് നടപടിക്രമത്തെ ആസ്പദമാക്കി നീതി–നിയമ വ്യവസ്ഥകളിലെ പൊരുത്തക്കേടുകൾ ഗൗരവമായി അവതരിപ്പിക്കുന്നു.

സിറൈ,/Official poster

ചിത്രത്തിൽ ആംഡ് റിസർവ് ഉദ്യോഗസ്ഥനായ കതിരവൻ എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു അവതരിപ്പിക്കുന്നത്. ഒരു കൊലപാതക കേസിലെ പ്രതിയായ അബ്ദുലിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന പോലീസ് എസ്കോർട്ട് സംഘത്തിലെ അംഗമാണ് കതിരവൻ. യാത്രയ്ക്കിടയിൽ അബ്ദുലിന്റെ ഭൂതകാലവും, അയാൾ ഈ കേസിൽ അകപ്പെട്ട സാഹചര്യങ്ങളും കതിരവൻ മനസ്സിലാക്കുന്നു. അവിടെ നിന്നാണ് സിനിമ നീതിയും ഡ്യൂട്ടിയും തമ്മിലുള്ള സംഘർഷത്തിലേക്ക് കടക്കുന്നത്.

സിറൈ,/Official poster

ഒ.ടി.ടി റിലീസിന് ശേഷം പ്രേക്ഷകർ ഓരോ രംഗംങ്ങളെ കുറിച്ചും എടുത്ത് പറയുന്നു. ‘വെറുമൊരു സാധാരണ യാത്രയായി തുടങ്ങുന്ന സിനിമ, പതിയെ അബ്ദുലിന്റെ ജീവിതത്തിലേക്കും അവന്റെ തീരാത്ത പ്രണയമായ കലൈയരസിയിലേക്കും നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് സിനിമയുടെ കാതൽ. നിയമവ്യവസ്ഥയിലെ അസമത്വങ്ങളും അധികാരത്തിന് മുന്നിലെ മനുഷ്യന്റെ നിസ്സഹായതയും ചിത്രം ശക്തമായി അവതരിപ്പിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു.

പോലീസ് വാനിലെ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അബ്ദുലിന്റെ കണ്ണുകളും, പ്രണയത്തെ ഓർത്ത് വിങ്ങുന്ന നിമിഷങ്ങളും, ഒടുവിൽ നീതിക്ക് വേണ്ടി നിൽക്കണോ അതോ ഡ്യൂട്ടി ചെയ്യണോ എന്നറിയാതെ കതിരവൻ നിൽക്കുന്ന രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നുവെന്നാണ് അഭിപ്രായം.

സിറൈ, Photo: YouTube/ Screen grab

വിക്രം പ്രഭുവിന്റെ അഭിനയമാണ് ചിത്രത്തിലെ ഏറ്റവും വലിയ ശക്തിയെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു. ‘കുംക്കി’, ‘ടാണക്കാര’ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ‘സിറൈ’യിലേതെന്നും അഭിപ്രായമുണ്ട്.

കലൈയരസിയായി എത്തിയ അനിഷ്മ അനിൽകുമാർ അവരുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതോടെ കഥാപാത്രത്തിന് കൂടുതൽ ആത്മാർത്ഥത ലഭിച്ചുവെന്നും പ്രേക്ഷകർ എടുത്തു പറയുന്നു.

സംവിധായകൻ സുരേഷ് രാജകുമാരിയുടെ കൈയ്യൊപ്പും, തമിഴിനൊപ്പം ചേർന്ന് ഒരുക്കിയ തിരക്കഥയും ഒരിടത്തും നാടകീയതയിലേക്ക് വഴുതാതെ സ്വാഭാവികമായി മുന്നേറുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.

ആർഭാടങ്ങളോ അമിത ഡ്രാമയോ ഇല്ലാതെ, കഥാപാത്രങ്ങളെ വിശ്വസിച്ച് കഥ പറയുന്ന സമീപനമാണ് ‘സിറൈ’യെ വ്യത്യസ്തമാക്കുന്നത്. അധികാരത്തിന് മുന്നിൽ നീതി എത്രത്തോളം നിസ്സഹായമാണെന്നും, ഒരു മനുഷ്യൻ എത്ര എളുപ്പത്തിൽ ഇരയാക്കപ്പെടാമെന്നും ചിന്തിപ്പിക്കുന്ന ചിത്രം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച തമിഴ് സിനിമകളിലൊന്നാണ് ‘സിറൈ’ എന്ന വിലയിരുത്തലിലേക്കാണ് പ്രേക്ഷകർ എത്തുന്നത്.

Content Highlight: Social media is discussing the movie Sirai.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more