| Tuesday, 12th May 2026, 10:31 am

മോഹിനീശ്വരി.....ഇതായിരുന്നു പ്രതിഷ്ഠ എന്ന് മനസിലാക്കിയത് വൈകിയാണ്; ഷോ സ്റ്റീലർ കലാരഞ്ജിനിയെ ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ എന്നും ശ്രദ്ധ നേടിയ സിനിമ ഇൻഡസ്ട്രിയാണ് മലയാള സിനിമ ലോകം. വലിയ താരനിരകളില്ലാതെയും ശക്തമായ കഥയും മേക്കിങ്ങും കൊണ്ട് സിനിമയെ വിജയിപ്പിക്കാൻ കഴിയുമെന്ന് പലതവണ തെളിയിച്ച ഇൻഡസ്ട്രിയാണ് മോളിവുഡ്.

തിയേറ്ററിൽ പരാജയപ്പെട്ട ചിത്രങ്ങൾ പിന്നീട് ഒ.ടി.ടി റിലീസിലൂടെ വലിയ സ്വീകാര്യത നേടുകയും രണ്ടാം ഭാഗങ്ങൾ വിജയത്തിലേക്ക് എത്തുകയും ചെയ്ത നിരവധി ഉദാഹരണങ്ങളും മലയാള സിനിമയ്ക്ക് സ്വന്തമാണ്.

മോഹിനിയാട്ടം, Photo: IMDb

അത്തരത്തിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

എന്നാൽ ഒ.ടി.ടി റിലീസിന് ശേഷം സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകരുടെ വലിയ പിന്തുണയും സോഷ്യൽ മീഡിയ ചർച്ചകളും ചിത്രത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി.

ആ സ്വീകാര്യതയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ എത്താൻ കാരണമായതും. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് കലാരഞ്ജിനി അവതരിപ്പിച്ച കഥാപാത്രമാണ്.

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ കലാരഞ്ജിനി ഈ ചിത്രത്തിൽ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രത്യേകിച്ച് തേങ്ങ പിടിച്ച് നിൽക്കുന്ന താരത്തിന്റെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായിരിക്കുകയാണ്.

മോഹിനിയാട്ടം, Photo: IMDb

ഒന്നാം ഭാഗത്തിൽ ഭരതൻ നായരെ ചുറ്റിപ്പറ്റിയായിരുന്നു കഥ മുന്നോട്ട് പോയത്. എന്നാൽ രണ്ടാം ഭാഗത്തിൽ ഭരതൻ നായർ നേരിട്ട് ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് കഥ വികസിക്കുന്നത്. ഒന്നാം ഭാഗത്തിൽ ഭരതൻ നായർ സൃഷ്ടിച്ച പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ട കുടുംബം, രണ്ടാം ഭാഗത്തിൽ അതിലും വലിയ പ്രതിസന്ധിയിലേക്കാണ് കടക്കുന്നത്.

അതിനിടെയാണ് ഭരതൻ നായർ നിർമ്മിച്ച ഒരു ക്ഷേത്രത്തെക്കുറിച്ചുള്ള സത്യം പുറത്തുവരുന്നത്. ജനങ്ങളെ വഞ്ചിച്ചുകൊണ്ടുള്ള ആ ക്ഷേത്രത്തിലെ പ്രധാന ട്വിസ്റ്റ് ‘മോഹിനീശ്വരി’ ദേവിയുടെ പ്രതിഷ്ഠയായിരുന്നു. ദേവിയുടെ രൂപം കലാരഞ്ജിനിയുടെ മുഖസാദൃശ്യമുള്ളതാണെന്ന വെളിപ്പെടുത്തൽ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു.

ഈ സത്യം കുടുംബം തിരിച്ചറിയുന്ന നിമിഷവും അതിനുശേഷമുള്ള കലാരഞ്ജിനിയുടെ ഭാവപ്രകടനവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. മികച്ച പ്രകടനത്തിലൂടെ ചിത്രത്തിന്റെ യഥാർത്ഥ ഷോ സ്റ്റീലറായി കലാരഞ്ജിനി മാറിയെന്നാണ് ആരാധകർ പറയുന്നത്.

മോഹിനിയാട്ടം, Photo: IMDb

മോഹിനീശ്വരി…..ഇതായിരുന്നു പ്രതിഷ്ഠ എന്ന് മനസിലാക്കിയത് വൈകിയാണ്, എന്നിരുന്നാലും ആ കാത്തിരിപ്പ് അവസാനിച്ചത് വമ്പൻ ട്വിസ്റ്റോടുകൂടിയായിരുന്നു എന്നാണ് ആരാധകർ പങ്കുവെക്കുന്നത്.

സിനിമയുടെ കഥയും ട്വിസ്റ്റുകളും മാത്രമല്ല, കഥാപാത്രങ്ങളുടെ അവതരണവും പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്താമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് കലാരഞ്ജിനി. ചെറിയ രംഗങ്ങൾക്കുപോലും ശക്തമായ ഇംപാക്റ്റ് നൽകാൻ കഴിയുന്ന നടിയെന്ന നിലയിൽ താരത്തിന് വീണ്ടും വലിയ കൈയടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്.

Content Highlight: Social media is discussing the character played by Kalaranjini in the movie Mohiniyattam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more