| Thursday, 15th January 2026, 10:30 am

പ്രേക്ഷകഹൃദയം കീഴടക്കിയ ‘സർവ്വം മായ’; പക്ഷേ കൺവിൻസിങ് അല്ലാത്ത ചില രംഗങ്ങളും കഥാപാത്രങ്ങളും

നന്ദന എം.സി

അഖിൽ സത്യന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ ബോക്സ് ഓഫീസിലും പ്രേക്ഷക മനസ്സിലും വലിയ വിജയം നേടിയ ചിത്രമാണ്. നിവിൻ പോളിയുടെ കരിയറിലെ ശക്തമായ തിരിച്ചുവരവായി സിനിമയെ വിലയിരുത്തുന്നവരും ഏറെയാണ്. നിവിൻ പോളി–അജു വർഗീസ് കൂട്ടുകെട്ടിനൊപ്പം യക്ഷിയായെത്തിയ ഡെലൂലു എന്ന കഥാപാത്രവും പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ അഖിൽ സത്യന്റെ സംവിധാനമികവും നിവിൻ പോളിയുടെ പ്രകടനവും അടക്കമുള്ള നിരവധി പോസിറ്റീവ് അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

അഖിൽ സത്യൻ, നിവിൻ പോളി , Photo: Akhil Sathyan / Facebook

എന്നാൽ, ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ മറ്റൊരു വശവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. തിരക്കഥയിലെയും കഥാപാത്രരചനയിലെയും ചില ലോജിക്കൽ പിഴവുകളാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ‘സർവ്വം മായ’ ഒട്ടും കൺവിൻസിങ് അല്ലാത്ത ഒരു സ്ക്രിപ്റ്റാണെന്ന ആരോപണത്തോടെയാണ് വിമർശനങ്ങൾ ഉയരുന്നത്. തെളിവുകൾ നിരത്തിയാണ് ഇത്തരം അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്.

സർവ്വം മായ, Photo: Vineeth / Facebook

വിനീത് അവതരിപ്പിച്ച വിനോദ് മാത്യു എന്ന കഥാപാത്രമാണ് പ്രധാന വിമർശനങ്ങൾക്ക് ഇരയാവുന്നത്. സ്നേഹധനനായ അച്ഛനായി അവതരിപ്പിക്കപ്പെടുന്ന വിനോദ്, മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിൽക്കുന്ന വ്യക്തിയാണ്. എന്നാൽ, മകൾ വെന്റിലേറ്ററിൽ കഴിയുന്ന സാഹചര്യത്തിൽ, വെന്റിലേറ്റർ മാറ്റാനുള്ള തീരുമാനത്തിൽ ഒന്നുമറിയാത്ത തന്റെ കുഞ്ഞു മകനെ പങ്കാളിയാക്കുകയും അവനെ ‘യെസ്’ പറയിപ്പിക്കുകയും ചെയ്യുന്ന രംഗം പ്രേക്ഷകരെ അസ്വസ്ഥരാക്കുന്നു.

ആ കുട്ടിയെ ആജീവനാന്ത ട്രോമയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം തിരക്കഥയിലെ സൂക്ഷ്മതക്കുറവാണോ, അതോ കഥാപാത്രത്തിന്റെ മനോവൈകല്യത്തെ സൂചിപ്പിക്കുന്നതാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സർവ്വം മായ, Photo: IMDb

അതുപോലെ തന്നെ രഘുനാഥ് പാലേരി അവതരിപ്പിച്ച അച്ഛൻ നമ്പൂതിരി എന്ന കഥാപാത്രവും വിമർശനവിധേയമാകുന്നു. നിരീശ്വരവാദിയായ മകനോടുള്ള അനിഷ്ടം തുറന്നുകാട്ടുന്ന ഈ കഥാപാത്രം, 200 രൂപ ചോദിച്ചപ്പോൾ വിരുന്നുകാരുടെ മുന്നിൽവച്ച് മകനെ പരസ്യമായി അപമാനിക്കുന്നുണ്ട്. എന്നാൽ, പിന്നീട് പൂജാദികർമ്മങ്ങളിൽ ഏർപ്പെടുന്നതോടെ ഈ വിരോധം പെട്ടെന്ന് മാറുന്നതാണ് കാണിക്കുന്നത്.

ആദ്യം ദൈവനിഷേധിയായ മകൻ ദൈവവിശ്വാസിയായെന്ന് കരുതി വന്ന മാറ്റമെന്ന് തോന്നിപ്പിച്ചെങ്കിലും, പിന്നീട് ഭാര്യയുടെ മരണത്തിന് ശേഷമുള്ള മാനസാന്തരമാണെന്ന് സിനിമ തന്നെ കൺവിൻസ് ചെയ്യുന്നു. അങ്ങനെ ആയാൽ, മുൻപ് മകനെ അപമാനിച്ചതിന്റെ പ്രസക്തി എന്താണ് എന്ന സംശയം ബാക്കിയാകുന്നു.

ഇതോടൊപ്പം, അച്ഛന്റെ സാന്നിധ്യം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്ന, ആത്മാഭിമാനിയായ ഒരു മകൻ കേവലം 200 രൂപയ്ക്ക് വേണ്ടി ആത്മാഭിമാനം പണയപ്പെടുത്തി നിൽക്കുന്നതും പ്രേക്ഷകർക്ക് കൺവിൻസിങ് ആയില്ല. ഇത്തരം ചോദ്യങ്ങളും സംശയങ്ങളുമാണ് ഇന്ന് ‘സർവ്വം മായ’യെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകളിൽ മുൻനിരയിൽ. സിനിമയുടെ നല്ല വശങ്ങൾ പറയുന്നതോടൊപ്പം സിനിമയിലെ ഇത്തരം ലോജിക്കില്ലായ്മയും പ്രേക്ഷകർ ചർച്ചചെയ്യുന്നു.

Content Highlight: Social media is discussing some scenes from Sarvam Maya

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more