മലയാള സിനിമയിൽ സമീപകാലത്ത് ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നാണ് വാഴ 2. വലിയ താരനിരയോ വമ്പൻ പ്രമോഷനുകളോ ഇല്ലാതെ തിയേറ്ററിലെത്തി പ്രേക്ഷകരുടെ മനം കീഴടക്കിയ ചിത്രം ബോക്സ് ഓഫീസിൽ 200 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ചരിത്രവിജയമായി മാറുകയായിരുന്നു. വിപിൻ ദാസ് ഒരുക്കിയ തിരക്കഥയ്ക്ക് സവിൻ സ ആണ് സംവിധാനം നിർവഹിച്ചത്.
വാഴ 2, Photo: IMDb
യുവതാരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്ക് പുറമെ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
തിയേറ്ററുകളിൽ വലിയ ആഘോഷമായി മാറിയ ചിത്രം ഒ.ടി.ടി റിലീസിനുശേഷവും അതേ ആവേശത്തിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ നിരവധി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് അച്ചൻ കഥാപാത്രങ്ങൾ ഒന്നിച്ചെത്തുന്ന കോമഡി സീനാണ്.
മക്കൾ സ്കൂളിൽ അടിപിടി ഉണ്ടാക്കിയതിനെ തുടർന്ന് രക്ഷിതാക്കളെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിക്കുന്ന രംഗമാണ് ഇത്. സീരിയസ് സാഹചര്യം ആയിട്ടും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും ബോഡി ലാംഗ്വജും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു.
വാഴ 2, Photo: IMDb
ഫാൻസി ഡ്രസ് മത്സരത്തിനായി വിവിധ വേഷങ്ങളിൽ എത്തിയ മക്കളെ ചുറ്റിപ്പറ്റിയാണ് രംഗം മുന്നോട്ട് പോകുന്നത്. അതിനിടെ പരസ്പരം പരിചയപ്പെടുന്ന അച്ചന്മാരുടെ ഡയലോഗുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്.
സുധീഷ് അവതരിപ്പിക്കുന്ന കഥാപാത്രം ‘ഞാൻ ബ്രഹ്മാവിന്റെ വാപ്പ’ എന്ന് പറയുമ്പോൾ അതിന് മറുപടിയായി ബിജുക്കുട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രം ‘ഞാൻ കുഷ്ടരോഗിയുടെ അച്ഛൻ’ എന്നാണ് പറയുന്നത്. പിന്നാലെ വിനോദ് കെടാമംഗലം അവതരിപ്പിക്കുന്ന കഥാപാത്രം ‘ഞാൻ ഹനുമാന്റെയും യേശുക്രിസ്തുവിന്റെയും ഡാഡി’ എന്ന് പറയുന്നതോടെ രംഗം മുഴുവൻ തിയേറ്ററുകളെ ചിരിയിലാഴ്ത്തുകയായിരുന്നു.
അതിന് ഒടുവിൽ ഹാഷിറിന്റെ മാമൻ കഥാപാത്രം ‘ഞാൻ വീരപ്പന്റെ മാമ’ എന്ന് പറയുന്നതും തിയേറ്ററിൽ പൊട്ടിചിരിയുടെ ആരവമായിരുന്നു.
അതേസമയം മതത്തെയും വിശ്വാസങ്ങളെയും തമാശയുടെ ഭാഗമാക്കിയ രീതിയും ഈ രംഗത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്. ചിത്രത്തിലെ കുട്ടികൾ വിവിധ മതങ്ങളുടെയും പുരാണ കഥാപാത്രങ്ങളുടെയും വേഷങ്ങളിലാണ് സ്കൂളിൽ എത്തുന്നത്.
മുസ്‌ലിം കുടുംബത്തിൽപ്പെട്ട അലൻ ബ്രഹ്മാവിന്റെ വേഷത്തിലെത്തുന്നതും, മറ്റുകുട്ടികൾ ഹനുമാൻ, യേശുക്രിസ്തു പോലുള്ള കഥാപാത്രങ്ങളായി എത്തുന്നതുമാണ് രംഗത്തിന്റെ പ്രധാന പ്രത്യേകത.
ഇതിലൂടെ മതത്തിന്റെ അതിർത്തികൾക്കപ്പുറം കുട്ടികൾക്ക് എല്ലാം മതങ്ങളും ഒന്നാണെന്ന ഒരു സന്ദേശവും സിനിമ നർമ്മരൂപത്തിൽ പറയുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഒരു മതത്തെ മാത്രം ലക്ഷ്യമിടാതെ എല്ലാ വിശ്വാസങ്ങളെയും ഒരേ രീതിയിൽ തമാശയിലൂടെ അവതരിപ്പിച്ചതിനാൽ തന്നെ വലിയ വിവാദങ്ങളില്ലാതെ പ്രേക്ഷകർ ഈ രംഗത്തെ ഏറ്റെടുത്തതായും ചർച്ചകൾ ഉയരുന്നുണ്ട്.
തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ച ഈ രംഗം ഒ.ടി.ടി റിലീസിനുശേഷവും അതേ ആവേശത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിലെ ലളിതമായ അവതരണവും ഹ്യൂമറും കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രകടനവുമാണ് പ്രേക്ഷകരെ വീണ്ടും വീണ്ടും ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത്.
യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കാൻ കഴിഞ്ഞതാണ് വാഴ 2 എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമെന്നാണ് സിനിമാപ്രേമികൾ പറയുന്നത്.
Content Highlight: Social media is discussing scenes from Vazha 2 after its OTT release