| Tuesday, 17th February 2026, 10:01 am

ഡെലൂലു പുതുമുഖമല്ല... മാത്യുവിന്റെ നായികയായിരുന്നു; അന്ന കുര്യനെ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

തിയേറ്ററിൽ നേടിയ വൻ വിജയത്തിന് പിന്നാലെ ഒ.ടി.ടി റിലീസിനുശേഷവും ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ് സർവ്വം മായ. അഖിൽ സത്യൻ സംവിധാനം ചെയ്‌ത്‌ നിവിൻ പോളി നായകനായെത്തിയ ചിത്രം, പതിവ് ഹൊറർ ട്രാക്കുകളിൽ നിന്നും മാറി നിൽക്കുന്ന അവതരണ ശൈലിയിലൂടെ ശ്രദ്ധ നേടിയിരുന്നു.

ഡെലൂലുവായി എത്തിയ റിയ, യക്ഷി കഥാപാത്രങ്ങളെക്കുറിച്ചുള്ള പതിവ് ധാരണകളെ മറികടന്ന അവതരണത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മനുഷ്യരെ പേടിപ്പിക്കുന്ന യക്ഷി എന്ന ക്ലീഷേയ്ക്ക് പകരം, മനുഷ്യരെ കണ്ടാൽ തന്നെ ഭയക്കുന്ന, വാട്ട്സ്ആപ്പ് ഡിപി മാറ്റുന്ന, ഓൺലൈനായി ഡ്രസ് ഓർഡർ ചെയ്യുന്ന ‘ജെൻസി വൈബ്’ ഉള്ള യക്ഷിയെയാണ് ചിത്രത്തിൽ കാണിച്ചത്.

സർവ്വം മായ, Photo: IMDb

പ്രഭേന്ദുവിനൊപ്പമുള്ള ഡെലൂലുവിന്റെ കോംബോയും പ്രേക്ഷകർ ഹൃദയത്തിലേറ്റിയ ഒന്നായിരുന്നു.

എന്നാൽ അഭിനയരംഗത്ത് റിയ പുതുമുഖമല്ലെന്നതാണ് ആരാധകർ ഇപ്പോൾ ഓർമിപ്പിക്കുന്നത്. കപ്പ് എന്ന ചിത്രത്തിലാണ് റിയ ഇതിനുമുമ്പ് ശ്രദ്ധേയമായ വേഷത്തിലെത്തിയത്. മാത്യു തോമസ് നായകനായ ചിത്രത്തിൽ അന്ന കുര്യൻ എന്ന സ്കൂൾ വിദ്യാർത്ഥിനിയായി റിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ‘ചിരി മലക്കുകളേ’ എന്ന ഗാനത്തിലെ റിയയുടെ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഡെലൂലുവിൽ നിന്നും തികച്ചും വ്യത്യസ്തമായ, പ്രണയവും സൗഹൃദവും നിറഞ്ഞ ഒരു കൗമാരക്കാരിയായ അന്നയെ കാണുമ്പോൾ ‘നമ്മുടെ ഡെലൂലു പണ്ടേ ഇവിടെ ഉണ്ടായിരുന്നു’ എന്നാണ് ആരാധകരുടെ കമന്റ്.

റിയ ഷിബു, Photo: YouTube/ Screengrab

ബേസിൽ ജോസഫ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കപ്പ് സംവിധാനം ചെയ്തത് സഞ്ജു വി സാമുവൽ ആയിരുന്നു. അന്ന എന്ന കഥാപാത്രത്തിലെ നർമവും ഇന്നസെന്റ്‌സും, ഡെലൂലുവിലെ മോഡേൺ യക്ഷി കഥാപാത്രവുമായി താരതമ്യം ചെയ്യുകയാണ് ആരാധകർ.

അതേസമയം, സർവ്വം മായയിൽ നിവിൻ പോളിയോടൊപ്പം ജനാർദ്ദനൻ, അൽത്താഫ് സലീം, പ്രീതി മുകുന്ദൻ, രഘുനാഥ് പാലേരി, മധു വാര്യർ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. നിവിന്റെ കരിയറിലെ ഒരു കംബാക്ക് ചിത്രമായി വിലയിരുത്തപ്പെടുന്ന സർവ്വം മായയിൽ അജു നിവിൻ കൂട്ടുകെട്ടും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

ഡെലൂലുവായും അന്നയായും രണ്ട് വ്യത്യസ്ത വേഷങ്ങളിൽ തിളങ്ങിയ റിയ ഷിബുവിന്റെ അഭിനയ വൈവിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Content Highlight: Social media is discussing Riya Shibu’s old movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more