| Thursday, 14th May 2026, 9:44 am

'ഗോവിന്ദൻ അങ്കിളിനോട് ഒരു താങ്ക്സ് പറഞ്ഞേക്കണേ'; വേണ്ടായിരുന്നു എന്ന് തോന്നിയ സീൻ ചർച്ചയാക്കി സോഷ്യൽ മീഡിയ

നന്ദന എം.സി

മലയാള സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ട്രെൻഡിനാണ് ഇപ്പോൾ സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.

തിയേറ്ററിൽ വലിയ പരാജയമായ ഒരു സിനിമ, ഒ.ടി.ടി റിലീസിന് ശേഷം പ്രേക്ഷക പ്രശംസ നേടുകയും പിന്നീട് അതിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ വൻ വിജയമാകുകയും ചെയ്യുന്നത് വളരെ അപൂർവമാണ്.

അത്തരത്തിൽ വലിയ ചർച്ചയായ ചിത്രമാണ് സൈജു കുറുപ്പ് നായകനായെത്തിയ ‘മോഹിനിയാട്ടം’. ഒന്നാം ഭാഗമായ ഭരതനാട്യത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

മോഹിനിയാട്ടം, Photo: YouTube/ Screengrab

അതിന്റെ തുടർച്ചയായെത്തിയ ‘മോഹിനിയാട്ടം’ തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും രംഗങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഗോവിന്ദ രാജ എന്ന കഥാപാത്രത്തെ കുറിച്ചാണ്.

സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരാളായാണ് ഗോവിന്ദ രാജയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

അബദ്ധത്തിൽ ഗോവിന്ദ രാജ കൊല്ലപ്പെടുകയും തുടർന്ന് ആ മൃതദേഹം മറച്ചുവെക്കാൻ ശശിധരന്റെ കുടുംബം നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം.

ക്രൂര സ്വഭാവക്കാരനും നാട്ടുകാർക്ക് ഇഷ്ടമില്ലാത്ത വ്യക്തിയുമായാണ് ഗോവിന്ദ രാജയെ സിനിമ മുഴുവൻ കാണിക്കുന്നത്. അതുകൊണ്ടുതന്നെ അയാളുടെ മരണം പ്രേക്ഷകർക്കത്ര പ്രശ്നമുണ്ടാക്കിയിരുന്നില്ല.

മൃതദേഹം വെട്ടിമുറിക്കുന്നതും കുക്കറിൽ വേവിക്കുന്നതുമടക്കമുള്ള രംഗങ്ങൾ പോലും പ്രേക്ഷകർ സ്വീകരിച്ചതിന് പ്രധാന കാരണം ഗോവിന്ദ രാജയോടുള്ള നെഗറ്റീവ് ഇമേജാണെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സിനിമയുടെ അവസാന ഭാഗത്തിലെ ഒരു രംഗമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജഗദീഷിന്റെ കഥാപാത്രത്തിന്റെ മകളെ വിദേശത്തേക്ക് അയക്കാൻ സഹായിച്ചത് ഗോവിന്ദ രാജയാണെന്ന് സിനിമയിൽ പറയുന്നുണ്ട്.

മോഹിനിയാട്ടം, Photo; Saiju kurup/ Facebook

മകളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ ജഗദീഷും ഗോവിന്ദ രാജയും തമ്മിൽ വലിയ തർക്കമുണ്ടാകുന്നു. ഈ ഒരു പ്രശ്‌നത്തിന് പിന്നാലെയാണ് മൃതദേഹം നശിപ്പിക്കാൻ സഹായിക്കാമെന്ന് ജഗദീഷിന്റെ കഥാപാത്രം ശശിധരനോട് സമ്മതിക്കുന്നത്.

എന്നാൽ എല്ലാം കഴിഞ്ഞതിന് ശേഷം വിദേശത്തുള്ള മകൾ വിളിച്ച് ‘ഗോവിന്ദൻ അങ്കിളിനോട് ഒരു താങ്ക്സ് പറഞ്ഞേക്കണേ’ എന്ന് പറയുന്ന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.

ഈ ഒരു ഡയലോഗ് ഗോവിന്ദ രാജ എന്ന കഥാപാത്രത്തെ പൂർണമായും നെഗറ്റീവായി കാണിച്ച സിനിമയുടെ ടോൺ മാറ്റിയെന്നും, അതുവരെ പ്രേക്ഷകർക്ക് ഉണ്ടായിരുന്ന ‘അയാൾക്ക് അർഹിച്ചത് കിട്ടി’ എന്ന തോന്നൽ അവസാന നിമിഷം തകർത്തുവെന്നുമാണ് പലരുടെയും അഭിപ്രായം.

സംവിധായകൻ ഉദ്ദേശിച്ചത് കോമഡിയായിരുന്നേക്കാമെങ്കിലും ആ രംഗം വഴി പ്രേക്ഷകർക്ക് സുരാജിന്റെ കഥാപാത്രത്തോട് സഹതാപമാണ് കൂടുതലായി തോന്നിയതെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തൽ.

Content Highlight: Social media is discussing a scene that was not supposed to be in the movie Mohiniyattam.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more