കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പേട്രിയേറ്റിന്റെ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മമ്മൂട്ടി , മോഹൻലാൽ , കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ ഒന്നിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണ്.
വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലെ ബിഗ് എംസ് ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ തന്നെ പേട്രിയേറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഓടുന്ന കാറിൽ നിന്നും തോക്കുകളുമായി പുറത്തേക്ക് വെടിവെക്കുന്ന മമ്മൂട്ടിയും മോഹൻലാലും, സ്റ്റിയറിങ്ങിൽ ചാക്കോച്ചനും ഉള്ള ആക്ഷൻ മൂഡിലുള്ള പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
പേട്രിയേറ്റ്, Photo: Mammootty/ Facebook
ഹോളിവുഡ് സ്റ്റൈലിൽ തയ്യാറാക്കിയതുപോലെ തോന്നിക്കുന്ന ഈ ലുക്ക് ആദ്യനോട്ടത്തിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
എന്നാൽ പോസ്റ്ററിൽ ഫഹദ് ഫാസിൽ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു. അടുത്ത പോസ്റ്ററിൽ ഫഹദ് എത്തും എന്ന പ്രതീക്ഷയോടെ ആരാധകർ രസകരമായ എഡിറ്റുകളും പങ്കുവെക്കുകയാണ്. ചില പ്രേക്ഷകർ ഈ പോസ്റ്ററിനെ സി. ഐ. ഡി മൂസ യിലെ സീനുകളോട് ഉപമിച്ചു.
ദിലീപ്, ഹരിശ്രീ അശോകൻ , കൊച്ചിൻ ഹനീഫ എന്നിവർ വരുന്ന രംഗങ്ങൾ ചേർത്ത് മീമുകളും പ്രചരിക്കുന്നു. അതോടൊപ്പം, സലിം കുമാർ ചൂട്ടും പിടിച്ചുനിൽക്കുന്ന ചിത്രം ചേർത്ത് ‘ഇതാണ് അടുത്ത ഫഹദിന്റെ പോസ്റ്റർ’ എന്ന രീതിയിലുള്ള രസകരമായ കുറിപ്പുകളും വൈറലാണ്.
പേട്രിയേറ്റ്, Photo: Mammootty/ Facebook
ഇതിനൊപ്പം, പോസ്റ്റർ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്ന സംശയവും ചിലർ ഉയർത്തി. അതിന് മറുപടിയായി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്ററിന്റെ ഒറിജിനൽ ഫോട്ടോ പങ്കുവെച്ചതും ശ്രദ്ധേയമായി.
എന്തായാലും, ആക്ഷനും താരനിരയും കൊണ്ടുള്ള ആവേശത്തിനൊപ്പം ട്രോളുകളും ചേർന്ന് പേട്രിയേറ്റ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.
Content Highlight: Social media is comparing the poster of the movie Patriot to the film CID Moosa.