| Monday, 18th May 2026, 4:30 pm

'ആ തൂമ്പ കൃഷിക്കല്ല, മറിച്ച് മറ്റൊരാളെ വെട്ടി മൂടാൻ വേണ്ടിയുള്ള തയ്യാറെടുപ്പാണ്'; ചർച്ചയാക്കി ദൃശ്യം 3 ട്രെയ്‌ലർ

നന്ദന എം.സി

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനും ട്രെയ്‌ലറിനും പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് മുഴുവൻ ജോർജുകുട്ടിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ്. ഇപ്പോഴിതാ ട്രെയ്‌ലറിലെ ചില പ്രധാന സീനുകൾ ചൂണ്ടിക്കാട്ടി പുതിയ ഫാൻ തിയറികൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ട്രെയ്‌ലറിലെ ഏറ്റവും ശ്രദ്ധേയമായ ഒരു വിഷ്വലാണ് വീണ്ടും പഴയ കർഷകന്റെ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ജോർജുകുട്ടി. തോളത്ത് തൂമ്പയുമായി മണ്ണിലേക്ക് നോക്കി നിൽക്കുന്ന ആ സീൻ ഒറ്റനോട്ടത്തിൽ കൃഷിയിലേക്ക് തിരികെ പോകുന്ന ഒരു സാധാരണ മനുഷ്യന്റെ ദൃശ്യമെന്ന പോലെ തോന്നും. എന്നാൽ അതിന് പിന്നിൽ മറ്റൊരു വലിയ രഹസ്യമുണ്ടാകാമെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.

വരുണിനെ പോലെ തന്നെ ‘ജോസ്’ എന്ന കഥാപാത്രവും ജോർജുകുട്ടിയുടെ കുടുംബത്തിന് വലിയൊരു ഭീഷണിയായി മാറുന്നുവെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. അങ്ങനെ ആണെങ്കിൽ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ഏത് അറ്റം വരെ പോകാൻ തയ്യാറായ ആളാണ് ജോർജുകുട്ടി എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

ഇതോടെയാണ് ‘ആ തൂമ്പ കൃഷിക്കല്ല, മറിച്ച് മറ്റൊരാളെ വെട്ടി മൂടാൻ വേണ്ടിയുള്ള തയ്യാറെടുപ്പാണ്’ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ദൃശ്യത്തിന്റെ മുൻ ഭാഗങ്ങളിലൊക്കെ കുടുംബത്തെ രക്ഷിക്കാൻ എന്ത് വില കൊടുക്കാനും തയ്യാറായ ആളായിട്ടാണ് ജോർജുകുട്ടിയെ കണ്ടത്. അതുകൊണ്ടുതന്നെ വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉയർന്നാൽ അയാൾ പഴയതിലും അപകടകാരിയായി മാറുമെന്ന വിലയിരുത്തലിലാണ് ആരാധകർ. ‘കുടുംബത്തെ തൊടാൻ വരുന്നവരെ ജോർജുകുട്ടി ഒരിക്കലും വെറുതെ വിടില്ല’ എന്ന തരത്തിലുള്ള കമന്റുകളും ട്രെയ്‌ലറിന് താഴെ നിറയുകയാണ്.

അതേസമയം ട്രെയ്‌ലറിലെ മറ്റൊരു പ്രധാന ചർച്ച ജോർജുകുട്ടിയുടെ മുഖഭാവങ്ങളാണ്. മുമ്പ് കാണാത്ത രീതിയിൽ കുറ്റബോധവും ഭയവും നിറഞ്ഞ ഒരു മനുഷ്യനെയാണ് പല രംഗങ്ങളിലും കാണുന്നത്.

ഉറക്കം നഷ്ടപ്പെട്ട, എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന ആശങ്കയിൽ കഴിയുന്ന ഒരാളായി ജോർജുകുട്ടി മാറിയെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പഴയ ആ ആത്മവിശ്വാസമുള്ള ചിരിയോ സമാധാനമോ മുഖത്ത് കാണാനില്ലെന്നതാണ് ആരാധകരെ കൂടുതൽ കൗതുകപ്പെടുത്തുന്നത്.

എന്നാൽ ഇവിടെയും മറ്റൊരു ഫാൻ തിയറിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജോർജുകുട്ടിയുടെ ഈ തകർച്ചയും ഭയവും യഥാർത്ഥമല്ല, മറിച്ച് അയാൾ മനപൂർവം സൃഷ്ടിച്ച ഒരു നാടകമാണെന്നാണ് ചിലരുടെ അഭിപ്രായം. തന്നെ വേട്ടയാടുന്ന പോലീസിനെയും ശത്രുക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ജോർജുകുട്ടി തയ്യാറാക്കിയ ഒരു ‘ഡിഫൻസ് മെക്കാനിസം’ ആകാമിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

എപ്പോഴും മറ്റുള്ളവരേക്കാൾ പത്ത് പടി മുന്നിൽ ചിന്തിക്കുന്ന ആളാണ് ജോർജുകുട്ടി. അതുകൊണ്ടുതന്നെ എതിരാളികൾ താൻ തകർന്നു കഴിഞ്ഞുവെന്ന് വിശ്വസിക്കുന്ന ആ നിമിഷത്തിൽ തന്നെയാകും അയാൾ തന്റെ യഥാർത്ഥ കളി പുറത്തെടുക്കുക എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ദൃശ്യം 3 വീണ്ടും മലയാള സിനിമയിൽ വലിയൊരു ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.

Content Highlight: Social media is buzzing with speculation about Drishyam 3.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more