മലയാള സിനിമ ഇൻഡസ്ട്രിയിൽ ഓരോ താരങ്ങളും അവരുടെ ഏതെങ്കിലും ഒരു അടയാളത്തിലൂടെയോ കഥാപാത്രത്തിലൂടെയോ അറിയപ്പെടുന്നത് പുതിയ കാര്യമല്ല. മമ്മൂട്ടിയെ സ്നേഹത്തോടെ മമ്മൂക്കയെന്നും മോഹൻലാലിനെ ലാലേട്ടൻ എന്നും വിളിക്കുന്നതുപോലെ, സ്പടികം എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ വേഷത്തിന് ശേഷം ജോർജ് ആന്റണി മലയാളികൾക്ക് സ്പടികം ജോർജ് ആയി. അതുപോലെ തന്നെ ഇടവേള എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ഇടവേള ബാബുവും, മണിയൻപിള്ള രാജുവും ഭീമൻ രഘുവുമൊക്കെയായി പേര് മാറി ജനപ്രിയരായവരുടെ നിര നീളുകയാണ്.
ഇപ്പോൾ അതേ നിരയിലേക്ക് പുതിയ എൻട്രിയായി എത്തിയിരിക്കുകയാണ് സന്ദീപ് പ്രദീപ്, അതായത് ‘പടക്കളം സന്ദീപ്’ എന്ന പുതിയ പേരുമായി. പടക്കളം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ സന്ദീപിനെ ചിലർ സ്നേഹത്തോടെ ‘പടക്കളം സന്ദീപ്’ എന്ന് വിളിക്കുമ്പോൾ, ചിലർ അതിനെ പരിഹാസത്തോടെയും കാണുന്നു.
സന്ദീപ് പ്രദീപ്, Photo: IMDb
‘ഒരു നായകനെ സംബന്ധിച്ച് കിട്ടാവുന്ന ഏറ്റവും മോശം നിക്ക് നെയിം ആയിരിക്കും ഇത്’ എന്ന രീതിയിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ, ‘സ്പടികം ജോർജിനെ അങ്ങനെ വിളിക്കാമെങ്കിൽ പടക്കളം സന്ദീപിന് എന്തുകൊണ്ട് പറ്റില്ല?’ എന്ന പിന്തുണയും കൂടെയുണ്ട്.
ഇതിനോടകം ട്രോളന്മാർ ഇതിനെ ആഘോഷമാക്കുകയും ചെയ്തു. പുലിവാൽ കല്യാണം സിനിമയിലെ ലാലു അലക്സ് അഭിനയിച്ച ഐകോണിക് കോമഡി രംഗത്തിലെ ഫോട്ടോ ഉപയോഗിച്ചാണ് പുതിയ ട്രോളുകൾ വൈറലാകുന്നത്. ‘ന്യൂ എൻട്രി’ എന്ന തലക്കെട്ടിൽ സന്ദീപിനെ സ്പടികം ജോർജിന്റെയും ഇടവേള ബാബുവിന്റെയും മണിയൻപിള്ള രാജുവിന്റെയും കൂടെ ഇരുത്തിയാണ് ട്രോളുകൾ ഇറങ്ങുന്നത്.
എക്കോ, Photo: IMDb
ഇതോടെ കമന്റ് ബോക്സുകളിലും ആഘോഷം തന്നെ. ബത്തക്ക നെസ്‌ലെൻ, മഞ്ഞിൽ വിരിഞ്ഞ മോഹൻലാൽ, തുപ്പാക്കി ജോസഫ്, സിങ്കം സൂര്യ, ഉണ്ട ലുക്മാൻ തുടങ്ങി മറ്റ് താരങ്ങൾക്കും പുതിയ പേരുകൾ സൃഷ്ടിച്ച് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്.
ട്രോളുകളിലൂടെ തമാശയായി തുടങ്ങിയ ഈ പേരിടൽ ഇപ്പോൾ ആരാധകരുടെ ചർച്ചയായും മാറിയിട്ടുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ, പേരുകളുടെ ഈ കളി ചിലർ കോമഡിയായി തുടങ്ങിയതാണെങ്കിൽ ഇന്നത് ചിലർ അറിയപ്പെടുന്ന പേരുകളായി മാറി എന്നുള്ളതാണ് സത്യം. എന്തായാലും, സോഷ്യൽ മീഡിയയ്ക്ക് പുതിയൊരു വിഷയം കിട്ടിയെന്ന് ഉറപ്പാണ്.
Content Highlight: Social media has named Sandeep Pradeep as Patakalam Sandeep.