വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ എപ്പോഴും ശ്രദ്ധേയമാകുന്ന ഇൻഡസ്ട്രിയാണ് മലയാള സിനിമ. വലിയ താരനിരകളില്ലാതെയും കഥയും മെയ്‌ക്കിങ്ങും കൊണ്ട് സിനിമ വിജയിപ്പിക്കാമെന്ന് വീണ്ടും വീണ്ടും തെളിയിച്ചിട്ടുള്ളതാണ് മലയാളം ഇൻഡസ്ട്രി.
അതിലുപരി, ആദ്യ ഭാഗം പരാജയപ്പെട്ട സിനിമകൾക്ക് രണ്ടാം ഭാഗം ഒരുക്കി അതിനെ സൂപ്പർഹിറ്റാക്കുന്ന അപൂർവ സംഭവങ്ങളും മലയാള സിനിമയിൽ മാത്രം കാണാൻ കഴിയുന്ന ഒന്നാണ്.
മോഹിനിയാട്ടം , Photo: Saiju kurup/ Facebook
അതിനുള്ള ഏറ്റവും പുതിയ ഉദാഹരണങ്ങളായി മാറിയ ചിത്രങ്ങളാണ് ആടിന്റെ മൂന്നാം ഭാഗവും ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും.
ആദ്യ ഭാഗങ്ങൾ തിയേറ്ററിൽ വലിയ വിജയമാകാതെ പോയെങ്കിലും ഒ.ടി.ടി റിലീസിനും ടെലിവിഷൻ പ്രദർശനങ്ങൾക്കും ശേഷം ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിച്ചിരുന്നു. അതാണ് രണ്ടാം ഭാഗങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ ഒരുക്കാൻ അണിയറപ്രവർത്തകർക്ക് കരുത്തായത്.
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തിയ ഭരതനാട്യം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എന്നാൽ പിന്നീട് ഒ.ടി.ടി റിലീസിന് ശേഷം ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.
അതിന്റെ തുടർച്ചയായി എത്തിയ മോഹിനിയാട്ടം തിയേറ്ററുകളിൽ വൻ വിജയമായി മാറുകയും ഇപ്പോൾ ഒ.ടി.ടി റിലീസിന് ശേഷവും അതേ ആവേശം തുടരുകയുമാണ്. ചിത്രത്തിലെ നിരവധി രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മറ്റൊരു സീനും ചർച്ചയാകുന്നത്.
മോഹിനിയാട്ടം , Photo: Saiju kurup/ Facebook
സുരാജ് അവതരിപ്പിച്ച ഗോവിന്ദ രാജ എന്ന കഥാപാത്രത്തെ ശശിധരൻ നായരുടെ കുടുംബം അബദ്ധത്തിൽ കൊലപ്പെടുത്തുന്നതും അതിൽ നിന്ന് രക്ഷപ്പെടാൻ അവർ കണ്ടെത്തുന്ന രസകരമായ വഴികളുമാണ് സിനിമയുടെ പ്രധാന പ്രമേയം.
ഇതിനിടെ ഗോവിന്ദ രാജയുടെ മിസ്സിങ്ങിൽ ശശിധരൻ നായർക്കെതിരെ സുഹൃത്തുക്കൾക്ക് സംശയം തോന്നുന്ന ഒരു രംഗമുണ്ട്. ശശിധരനോട് സംസാരിച്ച ശേഷം ‘അവന് എന്തെങ്കിലും കള്ളത്തരമുണ്ടെങ്കിൽ തിരിഞ്ഞു നോക്കും’ എന്ന് അവർ പറയുന്ന ഡയലോഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ത്രില്ലറായ ദൃശ്യം എന്ന ചിത്രത്തിൽ സഹദേവൻ ജോർജ് കുട്ടിയെ കുറിച്ച് പറയുന്ന പ്രശസ്ത ഡയലോഗിനോടുള്ള റഫറൻസായാണ് പ്രേക്ഷകർ ഈ രംഗത്തെ കാണുന്നത്.
ദൃശ്യം,Photo: IMDb
‘ജോർജ് കുട്ടിക്ക് എന്തെങ്കിലും കള്ളത്തരമുണ്ടെങ്കിൽ അവൻ തിരിഞ്ഞു നോക്കും’ എന്ന ഡയലോഗ് പോലെ തന്നെയാണ് മോഹിനിയാട്ടത്തിലും ‘ഇവൻ ഇപ്പോൾ പറഞ്ഞതിൽ എന്തേലും കള്ളത്തരമുണ്ടെങ്കിൽ അവനിപ്പോ തിരിഞ്ഞു നോക്കും… അതെന്താ? അങ്ങനെയാ അതിന്റെ സൈക്കോളജി’ എന്ന സംഭാഷണം ഉപയോഗിച്ചിരിക്കുന്നത്.
ഇത്തരത്തിൽ നിരവധി സിനിമാ റഫറൻസുകളും ട്രോളുകളും ഹ്യൂമർ എലമെന്റുകളും ചേർത്ത് മികച്ച രീതിയിൽ കണക്ട് ചെയ്ത മോഹിനിയാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
Content Highlight: Social media has been discussing the reference to the movie Drishyam in the movie Mohiniyattam.