| Sunday, 14th January 2018, 11:04 pm

'ഇനിമുതല്‍ നിങ്ങള്‍ ഹ്യൂമേട്ടനല്ല'; മുംബൈയെ മടയില്‍ ചെന്ന് വിറപ്പിച്ച ഇയാന്‍ ഹ്യൂമിന് പുതിയ പേരിട്ട് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: മുംബൈയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ താരകമായി മാറിയിരിക്കുകയാണ് ഇയാന്‍ ഹ്യൂമെന്ന ഹ്യൂമേട്ടന്‍. ഹ്യൂമിന്റെ തകര്‍പ്പന്‍ ഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ്.സിയെ പരാജയപ്പെടുത്തിയത്.

ഓരോ തവണയും തങ്ങളുടെ രക്ഷകനാകുന്ന ഹ്യൂമിന് മഞ്ഞപ്പട അറിഞ്ഞിട്ട പേരായിരുന്നു ഹ്യൂമേട്ടന്‍. എന്നാലിപ്പോള്‍ ഹ്യൂം അറിയപ്പെടുന്നത് ഹ്യുമെട്ടന്‍ എന്നല്ല. ഹ്യൂമേട്ടന് പുതിയ പേര് നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. “ഹ്യൂം പാപ്പന്‍” എന്നാണ് സോഷ്യല്‍ മീഡിയ ഇയാന്‍ ഹ്യൂമിന് നല്‍കിയിരിക്കുന്ന പുതിയ പേര്.

ഐ.എസ്.എല്‍ കമന്റേറ്റര്‍ ഷൈജു ദാമോദരനാണ് ഈ പേര് ഹ്യൂമിനെ ആദ്യം വിളിച്ചത്. ഹ്യൂമിന്റെ ഗോള്‍ പിറന്നപ്പോളായിരുന്നു ഷൈജു പേരിട്ടു കൊണ്ട് ആ വെടി പൊട്ടിച്ചത്.

“ഹാജി മസ്താന്‍ സലാം വെയക്കും വീരന്‍ ഹ്യൂം പാപ്പന്‍” എന്നായിരുന്നു ഹ്യൂമേട്ടന് ഷൈജു നല്‍കിയ വിവരണം. പിന്നീട് പലവട്ടം ആവേശം മൂത്ത് നിയന്ത്രണം പോയ ഷൈജു പലതും പറഞ്ഞു. അപ്പോഴേക്കും ഹ്യൂമേട്ടന്‍ ഹ്യൂം പാപ്പനായി മാറിയിരുന്നു.

23ാം മിനുറ്റിലായിരുന്നു ഗ്യാലറിയപ്പോലും അമ്പരപ്പിച്ച ഹ്യൂമിന്റെ ആ ഗോള്‍ പിറന്നത്. സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ ഫ്രീകിക്ക് പെക്കൂസന്‍ എടുക്കുന്നിടത്താണ് നാടകീയത തുടങ്ങിയത്. മുംബൈ താരങ്ങള്‍ ഫ്രീകിക്കിന് തയ്യാറെടുക്കും മുമ്പ് തന്നെ പെക്കൂസന്‍ ഹ്യൂമേട്ടന് പാസ് നല്‍കുകയായിരുന്നു.

പെട്ടെന്നു തന്നെ പന്ത് സ്വീകരിച്ച ഹ്യൂം ഒട്ടും ചിന്തിക്കാനുള്ള ഗ്യാപ്പ് പോലും നല്‍കാതെ മുംബൈയുടെ പോസ്റ്റിലേക്ക് പാഞ്ഞു കയറി ഗോളടിക്കുകയായിരുന്നു. ആ നിമിഷം മുംബൈ താരങ്ങള്‍ എല്ലാം കണ്ടു കൊണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ നോക്കി നില്‍ക്കുക മാത്രമായിരുന്നു ചെയ്തത്.

We use cookies to give you the best possible experience. Learn more