രാജ്യം കണ്ട അതുല്യ ചലച്ചിത്ര പ്രതിഭകളിലൊരാളാണ് തിലകന്‍. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം ഏത് വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട്. സ്വാഭാവികമായ ഡയലോഗ് പ്രസന്റേഷനും തന്റേതായ അഭിനയ ശൈലിയും തിലകനുണ്ട്.
നിരവധി ചിത്രങ്ങളില്‍ അച്ഛന്‍ വേഷത്തിലെത്തിയ തിലകന്റെ കഥാപാത്ര സവിശേഷത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ഏത് നിമിഷവും മക്കളെ അടിച്ചിറക്കുന്ന അച്ഛനായിരുന്നു തിലകന്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഗെറ്റ് ഔട്ട് സ്റ്റാര്‍ എന്നും തിലകന് സോഷ്യല്‍ മീഡിയ പേരിട്ടിട്ടുണ്ട്.
കുടുംബ പുരാണം, കിരീടം, സന്ദേശം, സ്ഫടികം, കാട്ടുകുതിര, എന്റെ ശ്രീക്കുട്ടിക്ക്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചുക്കാന്‍, ചിന്താവിഷ്ടയായ ശ്യാമള, പഞ്ചാബി ഹൗസ്, മീനത്തില്‍ താലികെട്ട്, സുന്ദരി നീയും സുന്ദരന്‍ ഞാനും തുടങ്ങിയ ചിത്രങ്ങളാണ് അതിന് ഉദാഹരണമായി പറയുന്ന സിനിമകള്‍. എല്ലാ ചിത്രങ്ങളിലും മക്കളായ കഥാപാത്രങ്ങളെ വീട്ടില്‍ നിന്നും തിലകന്റെ അച്ഛന്‍ കഥാപാത്രം ഇറക്കിവിടുന്നുണ്ട്.
അച്ഛന്‍ അമ്മ മൂന്ന് ആണ്‍മക്കള്‍ ഒരു സഹോദരി അടങ്ങുന്ന കൂട്ടു കുടുംബത്തില്‍ മൂത്ത മകനായ ബാലചന്ദ്ര മേനോനും അച്ഛനായ തിലകനും തമ്മില്‍ നിസാര കാര്യത്തിന് തെറ്റിപ്പിരിയുകയും വീട്ടില്‍ നിന്നും ഇറക്കിവിടുന്നതുമാണ് കുടുംബപുരാണത്തിന്റെ കഥ.
മോഹന്‍ലാല്‍ മകനായി എത്തിയ ചിത്രമായ കിരീടത്തില്‍ മകനുമായുണ്ടാകുന്ന തെറ്റിദ്ധാരണയെത്തുടര്‍ന്ന് മകനെ വീട്ടില്‍ നിന്നും ഇറക്കി വിടുന്നതാണ് ഉള്ളടക്കം. സ്ഫടികത്തിലും മോഹന്‍ലാലിനെ വീട്ടില്‍ നിന്നും ഇറക്കിവിടുന്നുണ്ട്.
സന്ദേശത്തില്‍ മക്കളായ ജയറാം, ശ്രീനിവാസന്‍ എന്നിവരെയും വീണ്ടും ചില വീട്ടുകാര്യത്തില്‍ ജയറാം, ചുക്കാന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി, മീനത്തില്‍ താലികെട്ട്, പഞ്ചാബി ഹൗസ് എന്നീ ചിത്രങ്ങളില്‍ ദിലീപ് എന്നിങ്ങനെ പോകുന്നു മക്കളെ ഇറക്കിവിട്ട സീനുകള്‍. പഞ്ചാബി ഹൗസില്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന മകന് കയര്‍ എടുത്ത് കൊടുക്കുന്ന സൈക്കോ അച്ഛനാണ് തിലകനെന്നും കമന്റുകളുണ്ട്.
എന്നാല്‍ സന്താന ഗോപാലം എന്ന ചിത്രത്തില്‍ തിലകനോട് മക്കള്‍ പകരം വീട്ടുന്നുണ്ടെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി. എന്തായാലും പുതിയൊരാളെ കണ്ടുപിടിക്കുന്നത് വരെ ഗെറ്റ് ഔട്ട് സ്റ്റാര്‍ എന്ന പദം തിലകന് സ്വന്തമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
1972 ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വക്ഷേത്രം എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് അദ്ദേഹം സിനിമാരംഗത്തക്ക് അരങ്ങേറിയത്. ഒരു മിനിട്ട് ദൈര്‍ഘ്യം മാത്രമുള്ള റോളായിരുന്നു ആ ചിത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീട് 1979ല്‍ കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ഉള്‍ക്കടല്‍ എന്ന ചിത്രം മുതലാണ് സിനിമയില്‍ സജീവമായി തുടങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങളിലായി കഥാപാത്രങ്ങള്‍. മലയാളത്തില്‍ മൂന്നൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
Content Highlight: Social media finds the Get Out star in Malayalam Cinema