| Monday, 16th November 2026, 3:14 pm

എല്ലാവര്‍ക്കും കാണും കൂട്ടുകാരന്റെ ഷൂ കൊണ്ടുപോയി ഫോട്ടോഷൂട്ട് നടത്തിയ ശേഷം തിരിച്ചുതരുന്ന ചങ്ക്; ബിഗ് എംസിന്റെ ബോണ്ട് ചൂണ്ടിക്കാട്ടി ട്രോളന്മാര്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ മോളിവുഡിന് അഭിമാനത്തോടെ മുന്നോട്ട് വെക്കാവുന്ന ആര്‍ട്ടിസ്റ്റുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അഞ്ച് പതിറ്റാണ്ടോളം ഓരോ സിനിമയിലും വിസ്മയിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കാറുണ്ട്. തങ്ങള്‍ക്ക് മുന്നേ വന്നവരെയും ഒപ്പം വന്നവരെയും പിന്നാലെ വന്നവരെയും ബഹുദൂരം പിന്നിലാക്കി ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായി നില്‍ക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.

ഓണ്‍ സ്‌ക്രീനില്‍ പലകുറി ഒന്നിച്ചിട്ടുള്ള ഇരുവരുടെയും ഓഫ് സ്‌ക്രീന്‍ കെമിസ്ട്രിയും സിനിമാപ്രേമികളെ ഞെട്ടിക്കാറുണ്ട്. ബഹുമാനം കലര്‍ന്ന സ്‌നേഹത്തോടെയാണ് ഇരുവരും പരസ്പരം ഇടപഴകാറുള്ളത്. ഇരുവരും ഒന്നിച്ചെത്തുന്ന ഫ്രെയിമുകള്‍ക്കും ആരാധകരേറെയാണ്. ഇപ്പോഴിതാ ഇരുവരെയും കുറിച്ചുള്ള പുതിയ സാമ്യതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

മമ്മൂട്ടി Photo: Mammootty Kampany/ Facebook

കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ഒ.എം സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ മമ്മൂട്ടിയായിരുന്നു പലരുടെയും ശ്രദ്ധാ കേന്ദ്രം. ധനുഷ്, സായ് പല്ലവി തുടങ്ങി വമ്പന്‍ താരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടിയാണ് സ്‌കോര്‍ ചെയ്തത്. ചടങ്ങില്‍ മമ്മൂട്ടിയുടെ ഷൂ സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ശ്രദ്ധയാകര്‍ഷിച്ചു. മഞ്ഞയില്‍ കറുത്ത വരയുള്ള ഷൂവാണ് മമ്മൂട്ടി ഉപയോഗിച്ചത്.

മൂന്ന് ദിവസം മുമ്പ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഫോട്ടോയിലും ഇതേ മോഡല്‍ ഷൂവാണെന്ന് ചിലര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. ഒരേ നിറവും ഒരേ മോഡലുമാണ് ഇരുവരും ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സുഹൃത്തുക്കളെപ്പോലെ ഒരാളുടെ ഷൂ മറ്റൊരാള്‍ ഉപയോഗിക്കുന്നതാണെന്ന് പലരും കമന്റ് പങ്കുവെക്കുന്നുണ്ട്.

‘രണ്ടുപേരും കട്ട ചങ്ക്‌സാണല്ലോ, ഒരാവശ്യം വരുമ്പോള്‍ ഷൂവും ഷര്‍ട്ടുമൊക്കെ എക്‌സ്‌ചേഞ്ച് ചെയ്യും. സൂപ്പര്‍സ്റ്റാറാണേലും ഫ്രണ്ട്ഷിപ്പില്‍ രണ്ടാളും അടിപൊളിയാ’, ‘ഇതിപ്പോള്‍ മമ്മൂക്കയുടെ ഷൂ ലാലേട്ടന്‍ കൊണ്ടുപോയതാണോ അതോ ലാലേട്ടന്റെ ഷൂ മമ്മൂക്ക ചോദിച്ച് വാങ്ങിയതാണോ’, ‘നമുക്കെല്ലാവര്‍ക്കും കാണും കൂട്ടുകാരന്റെ ഷൂ കൊണ്ടുപോയി ഫോട്ടോഷൂട്ട് നടത്തിയ ശേഷം തിരിച്ചുതരുന്ന ചങ്ക്’ എന്നിങ്ങനെയാണ് കമന്റുകള്‍.

കാണാന്‍ സിമ്പിളായി തോന്നുമെങ്കിലും ലോകത്തെ മികച്ച ബ്രാന്‍ഡുകളിലൊന്നായ ഒനിട്‌സുക ടൈഗര്‍ ബ്രാന്‍ഡിന്റെ ഷൂവാണ് ഇത്. ജാപ്പനീസ് ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ ഒനിട്‌സുക ടൈഗറിന്റെ ഈ ഷൂവിന് 20000ന് മുകളിലാണ് വില. 2022 മുതല്‍ മമ്മൂട്ടി സ്ഥിരമായി ഈ ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്നും ഇതേ ഷൂ അടുത്തിടെ ഫാന്‍സ് മീറ്റില്‍ ഉപയോഗിച്ചിരുന്നെന്നും കമന്റുകളുണ്ട്. ഇവന്റ് ഏതായാലും അതില്‍ മാക്‌സിമം സ്റ്റൈലിഷായി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ഇത്തവണയും ഞെട്ടിച്ചെന്നാണ് ഓ.എമ്മിന്റെ പ്രൊമോഷന് ശേഷം ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Social media find out that Mammootty and Mohanlal using same shoe

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more