ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനെ സംബന്ധിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളി ഇറാന്‍.
ഹോര്‍മുസിന്റെ നിയന്ത്രണം സോഷ്യല്‍ മീഡിയയിലൂടെയല്ല. മറിച്ച് ഇറാന്‍ നിശ്ചയിക്കുന്ന നിയമങ്ങളിലൂടെയും അനുമതിയിലൂടെയുമാണെന്ന് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു.
‘യു.എസ് പ്രസിഡന്റ് ഒരു മണിക്കൂറിനുള്ളില്‍ ഏഴ് അവകാശവാദങ്ങള്‍ ഉന്നയിച്ചു, അതില്‍ ഏഴ് അവകാശവാദങ്ങളും തെറ്റാണ്,’ ഗാലിബാഫ് പറഞ്ഞു.
ഹോര്‍മുസ് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് ഗാലിബാഫിന്റെ പരാമര്‍ശം. ഇറാന് മേലുള്ള നാവിക സേന ഉപരോധം തുടരുമെന്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ നടക്കുമെന്നും മിക്ക കാര്യങ്ങളിലും തീരുമാനമെടുക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ അമേരിക്കയുടെ സൈനിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കില്ലെന്ന് ഗാലിബാഫ് പറഞ്ഞു.
‘കടലിടുക്ക് തുറന്നിരിക്കണോ അതോ അടഞ്ഞിരിക്കണോ എന്നതും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങളും സോഷ്യല്‍ മീഡിയയിലല്ല. യുദ്ധ കളത്തിലാണ് തീരുമാനിക്കുക,’ അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായെന്ന ട്രംപിന്റെ വാദവും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇത് വിപണികളെ സ്വാധീനിക്കാനുള്ള ട്രംപിന്റെ തന്ത്രം മാത്രമാണെന്നും ഗാലിബാഫ് പറഞ്ഞു.
കള്ളങ്ങള്‍ പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാമെന്ന് അമേരിക്ക കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ വിദേശകാര്യമന്ത്രിയും സമാന നിലപാട് അറിയിച്ചിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഉപരോധങ്ങള്‍ നീക്കുക, നഷ്ടപരിഹാരം നല്‍കുക, എന്നീ പത്ത് നിര്‍ദേശങ്ങളില്‍ ഇറാന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നു ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തലിന്റെ പത്ത് ദിവസമാണ് ഹോര്‍മുസ് പൂര്‍ണമായും തുറന്നു കിടക്കുകയെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്.
ഇത്രയും ദിവസം ഹോര്‍മുസ് തുറന്നു കിടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബാദ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷന്‍ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാ?ഗ്ചി പറഞ്ഞു.
ഇറാന്റെ തീരുമാനത്തിനു നന്ദി അറിയിച്ച് യു.എസ് പ്രസിഡന്റ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത് സോഷ്യലില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. ‘ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുമെന്നും എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും ഇറാന്‍ ഇപ്പോള്‍ അറിയിച്ചു, നന്ദി’- എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
Content Highlight: Social media does not control the Strait of Hormuz; Iran rejects Trump’s claims