കുറഞ്ഞ കാലംകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള ചിത്രത്തിലൂടെ 2015-ലാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ സ്വന്തം ഇടം ഉറപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോൾ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്നായ രാമായണത്തിൽ സീതയായി നടി എത്തുകയാണ്.
രാമായണത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ സായ് പല്ലവിയുടെ സീത എന്ന കഥാപാത്രവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കൃതി സനോനും നയൻതാരയും അവതരിപ്പിച്ച സീതാ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ചർച്ചകൾക്കൊപ്പം, സീതയുടെ രൂപഭംഗിയെയും ഐശ്വര്യത്തെയും കുറിച്ചുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
രാമായണ.Photo: Screengrab/youtube
ട്രെയിലറിലെ ചില രംഗങ്ങളെ ചൂണ്ടിക്കാട്ടി സായ് പല്ലവിയെ വിമർശിക്കുന്നവരുമുണ്ട്. സൗന്ദര്യമല്ല കഥാപാത്രത്തെ നിർണ്യിക്കുന്നതെന്നും അഭിനയമാണ് പ്രധാനമെന്നും പറയുന്നവരുണ്ട്.സായ് പല്ലവിയുടെ മുൻകാല പ്രകടനങ്ങൾ തന്നെ അതിന് തെളിവാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. നടി അഭിനയിച്ച അമരൻ എന്ന സിനിമയിലെ അഭിനയത്തിന് നാഷണൽ അവാർഡിന്റെ അവസാന ഘട്ടത്തിൽ വരെ താരത്തെ പരിഗണിച്ചിരുന്നെന്നും അതിനാൽ സീതയാകാൻ സായിപല്ലവി തന്നെയാണ് മികച്ചതെന്നുമാണ് ആരാധകരുടെ വാദം. അതോടൊപ്പം പ്രഭാസ്, അമിതാബ് ബച്ചൻ, കമൽഹാസൻ തുടങ്ങിയ വമ്പൻ താരനിരകൾ അണിനിരക്കുന്ന കൽക്കി 2 ൽ ദീപിക പദുക്കോണിന് പകരം സായ് പല്ലവിയെ പരിഗണിച്ചതോടെ,ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നടിമാരിൽ ഒരാളാണ് സായ് പല്ലവിയെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഇതിനിടെ സായ് പല്ലവിയുടെ സിനിമാ യാത്രയെ ഓർമിപ്പിക്കുന്ന മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രസന്നയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തിയ 2005 ൽ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന തമിഴ് ചിത്രത്തിലെ ‘വാനിൻ കാതൽ’ ഗാനരംഗത്തിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായി എത്തുന്ന സായ് പല്ലവിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മീര ജാസ്മിന്റെ പിന്നിലായി നൃത്തം ചെയ്യുന്ന സായ് പല്ലവിയെ ഗാനത്തിലെ പല രംഗങ്ങളിലും കാണാനാകുന്നുണ്ട്.
രാമായണ.Photo: Screengrab/youtube
ബാക്ക്ഗ്രൗണ്ട് ഡാൻസറായി തുടങ്ങിയ യാത്രയിൽ നിന്ന് ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായ സീതയെ അവതരിപ്പിക്കുന്ന നിലയിലേക്ക് എത്തിയ സായ് പല്ലവിയുടെ വളർച്ചയാണ് ആരാധകർ ഇപ്പോൾ ആഘോഷിക്കുന്നത്. വർഷങ്ങളുടെ കഠിനാധ്വാനവും അഭിനയമികവും കൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന പ്രതികരണം.
രൺബീർ കപൂർ, യാഷ്, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് രാമായണ. രവി ദുബെ, സണ്ണി ഡിയോൾ, അരുൺ ഗോവിൽ, ലാറ ദത്ത, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, ശോഭന തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നായി ഒരുങ്ങുന്ന രാമായണ 2026 ദീപാവലിക്ക്
തിയേറ്ററുകളിലെത്തും.
Content Highlight: Social media discussions surrounding Sai Pallavi, who plays the character of Sita in Ramayana