4000 കോടി ചെലവഴിച്ച് ഒരുക്കുന്നു എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ചിത്രമാണ് രാമായണ. ഇന്ത്യന്‍ സിനിമയില്‍ ഒട്ടുമിക്ക ഇന്‍ഡസ്ട്രികളിലും പല സംവിധായകരും കൈവെച്ച രാമായണ കഥയെ വീണ്ടും സിനിമയാക്കുകയാണ് ബോളിവുഡ്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിന് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിലര്‍ ഗ്രാഫിക്‌സിന്റെ അതിപ്രസരം പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റ് ചിലരുടെ പ്രശ്‌നം രാമായണയുടെ കാസ്റ്റിങ്ങാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത് സായ് പല്ലവിയെ സീതയായി അവതരിപ്പിച്ചതായിരുന്നു.
സീതയുടെ സൗന്ദര്യം സായ് പല്ലവിയുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് പലരും പരാതിപ്പെട്ടു. ‘കാണാന്‍ മെനയുള്ള’ ഏതെങ്കിലും നടിയെ സീതയാക്കിക്കൂടെ എന്നായിരുന്നു ഇക്കൂട്ടരുടെ ചോദ്യം. ട്രെയ്‌ലര്‍ റിലീസിന് ശേഷവും സീതയുടെ ‘സൗന്ദര്യ സംരക്ഷകര്‍’ സായ് പല്ലവിക്കെതിരെ രംഗത്തിയിരിക്കുകയാണ്. സായ് പല്ലവിയെ സീതയായി കാണാന്‍ സാധിക്കുന്നില്ലെന്നാണ് പലരുടെയും കമന്റ്.
എന്നാല്‍ ഇത്തരം ആളുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എല്ലാവര്‍ക്കും സായ് പല്ലവി സീതയായതാണ് പ്രശ്‌നമെന്നും രാമനെ വെളുത്ത് തുടുത്തതായി കാണിച്ചത് പ്രശ്‌നമില്ലെന്നും പോസ്റ്റുകളില്‍ പറയുന്നു. കറുത്ത, ശ്യാമവര്‍ണനായ ആളാണ് രാമനെന്നൊക്കെയാണ് കഥയില്‍ പറഞ്ഞുവെക്കുന്നത്.
എന്നാല്‍ ‘കറുത്ത ദൈവത്തെ’ ആരാധിക്കാന്‍ മടിയുള്ളവര്‍ രാമനെ നീലയാക്കിയും ഏറ്റവുമൊടുവില്‍ വെളുപ്പിച്ചും കാണിച്ചത് ആര്‍ക്കും പ്രശ്‌നമല്ലേയെന്ന് ചോദിക്കുന്നുണ്ട്. പുരാണത്തെ കൃത്യമായി കാണിക്കാതെ വന്നാല്‍ സിനിമയിലെ സകല അണിയറപ്രവര്‍ത്തകരെ അങ്ങേയറ്റം നീചമായ ഭാഷയില്‍ ചീത്ത വിളിക്കുന്ന സോ കോള്‍ഡ് ആചാരസംരക്ഷകര്‍ എവിടെയാണെന്നും ചോദ്യങ്ങളുണ്ട്.
പുരാണകഥകളില്‍ പറയുന്നതുപോലെ രാമനെയും കൃഷ്ണനെയും ഇരുണ്ട വര്‍ണത്തിലുള്ളവരായി ആകെ രണ്ട് സിനിമകളില്‍ മാത്രമേ കാണിച്ചിട്ടുള്ളൂ. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ കാഞ്ചന സീതയിലാണ് ഇത് ആദ്യമായി നടത്തിയത്. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ രാമനും സീതയുമെല്ലാം കറുത്ത നിറമുള്ളവരായിരുന്നു. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എ.ഡിയിലെ കൃഷ്ണനും ഇത്തരത്തില്‍ ഇരുണ്ട നിറമുള്ളയാളാണ്.
ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസിയില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ കറുത്തയാളാക്കി കാണിച്ചപ്പോള്‍ വിമര്‍ശിച്ചവരും രാമായണത്തിലെ സായ് പല്ലവിയെ വിമര്‍ശിച്ചവരും തമ്മില്‍ വ്യത്യാസമില്ലെന്നും കമന്റുകളുണ്ട്.
Content Highlight: Social media discussions on Sai Pallavi’s casting in Ramayana movie