| Sunday, 22nd March 2026, 10:49 am

മട്ടാഞ്ചേരി മാഫിയക്ക് ട്രിവാന്‍ഡ്രം ലോബിയുടെ മറുപടിയാണോ ഇത്, പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റിന് പിന്നാലെ സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ലോക സിനിമയില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത, ഇനി ഉണ്ടാകാന്‍ സാധ്യതയില്ലാത്ത അപൂര്‍വ കാഴ്ചക്കാണ് മോളിവുഡ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സമാന്മാരില്‍ ഒരാളായ പ്രിയദര്‍ശന്‍ തന്റെ 100ാമത്തെ സിനിമ കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്തിരുന്നു. മോഹന്‍ലാലാണ് ഈ പ്രൊജക്ടിലെ നായകന്‍.

തന്റെ ആദ്യ സിനിമയിലെയും 100ാം സിനിമയിലെയും നായകന്‍ ഒരാളാകുന്ന അപൂര്‍വ നേട്ടമാണ് ഈ ചിത്രത്തിലൂടെ പ്രിയദര്‍ശന്‍ സ്വന്തമാക്കുന്നത്. കഴിഞ്ഞദിവസമാണ് ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്തത്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി മ്യൂസിക്കല്‍ ഡ്രാമ ഴോണറിനാകും ഈ ചിത്രം പ്രാധാന്യം നല്‍കുകയെന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

എന്നാല്‍ ഈ അനൗണ്‍സ്‌മെന്റിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടി- ഖാലിദ് റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തിന് മറുപടിയാണ് ഈ പ്രൊജക്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി മട്ടാഞ്ചേരി മാഫിയക്കൊപ്പം കൈകോര്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ ട്രിവാന്‍ഡ്രം ലോബിയോടൊപ്പം ചേരുകയാണെന്നും ചര്‍ച്ചകളുണ്ട്.

കോളേജ് കാലം മുതല്‍ തിരുവനന്തപുരം നഗരത്തില്‍ സൊറപറഞ്ഞും ക്രിക്കറ്റ് കളിച്ചും നടന്ന ഒരുകൂട്ടം യുവാക്കള്‍ പിന്നീട് ഒന്നിച്ച് സിനിമകള്‍ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ തുടങ്ങിയവരെയാണ് പൊതുവേ ട്രിവാന്‍ഡ്രം ലോബി എന്ന് വിശേഷിപ്പിക്കുന്നത്.

താളവട്ടം, കിലുക്കം, ചിത്രം, ബോയിങ് ബോയിങ്, അഭിമന്യു, കാലാപാനി, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി ഹിറ്റ് ക്ലാസിക്കുകള്‍ ഒരുക്കിയ കോമ്പോയാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ എന്നിവരുടേത്. ലോകസിനിമയിലെ വലിയൊരു ചരിത്രനിമിഷം വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

താന്‍ കൈപിടിച്ചുയര്‍ത്തിയ യുവനിരയുടെ കൂടെ മമ്മൂട്ടി ഒരിക്കല്‍ കൂടി കൈകോര്‍ക്കുകയാണ്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയും ഗംഭീര ടെക്‌നിക്കല്‍ ക്രൂവുമാണ് അണിനിരക്കുന്നത്. നസ്‌ലെനും ആസിഫ് അലിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം റെക്‌സ് വിജയനാണ്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കോമ്പോയിലൊരുങ്ങുന്ന ചിത്രത്തിലും ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം ഈ കോമ്പോ വീണ്ടും ഒന്നിക്കുന്ന പ്രൊജക്ടിന്റെ ഷൂട്ട് ഈ വര്‍ഷം തന്നെ ആരംഭിക്കും. മമ്മൂട്ടിയും മോഹന്‍ലാലും ഇനിയും ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായി നില്‍ക്കുമെന്ന് തന്നെയാണ് ഇത്തരം ലൈനപ്പുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Social Media discussions on Mohanlal Priyadarshan project and Mattancherry Mafia movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more