| Thursday, 13th August 2026, 4:00 pm

മണ്ടത്തരമോ അതോ ബുദ്ധിപരമായ നീക്കമോ? ഐ ആം ഗെയിം ക്ലാഷില്‍ നിന്ന് പിന്മാറിയതില്‍ ചര്‍ച്ച

അമര്‍നാഥ് എം.

മോളിവുഡ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ ക്ലാഷിനാണ് മോളിവുഡില്‍ കളമൊരുങ്ങുന്നത്. ഓണം റിലീസായി പൃഥ്വിയുടെ ഖലീഫ, ദുല്‍ഖറിന്റെ ഐ ആം ഗെയിം, നിവിന്റെ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളായിരുന്നു റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ റിലീസിന് ഒരാഴ്ച ബാക്കി നില്‍ക്കെ ഐ ആം ഗെയിം ക്ലാഷില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ പ്രധാന ചര്‍ച്ച.

മൂന്ന് വമ്പന്‍ സിനിമകളുമായുള്ള ക്ലാഷില്‍ നിന്ന് ഐ ആം ഗെയിം പിന്മാറിയതില്‍ രണ്ട് അഭിപ്രായങ്ങളാണ് പലരും പങ്കുവെക്കുന്നത്. ആദ്യമേ റിലീസ് തിയതി അറിയിച്ച് തിയേറ്റര്‍ ചാര്‍ട്ടിങ്ങും നടത്തി അവസാന നിമിഷം പിന്മാറിയത് മോശമായെന്നാണ് ഒരുവിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. മറ്റ് സിനിമകള്‍ റിലീസ് തിയതി അറിയിച്ചപ്പോഴെങ്കിലും റിലീസ് മാറ്റാമായിരുന്നെന്നും ഇത്രയും കാലം കാത്തിരുന്നത് എന്തിനാണെന്നും ചിലര്‍ ചോദിക്കുന്നു.

എന്നാല്‍ ഐ ആം ഗെയിമിന്റെ പിന്മാറ്റത്തെ അനുകൂലിക്കുന്നവരുമുണ്ട്. സാമാന്യം വലിയ ബജറ്റിലെത്തുന്ന ചിത്രമാണ് ഐ ആം ഗെയിമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ബ്രേക്ക് ഇവനാകണമെങ്കില്‍ വലിയ കളക്ഷന്‍ വേണ്ടിവരുമെന്നും ക്ലാഷ് റിലീസ് അതിന് വിലങ്ങുതടിയായേക്കുമെന്നും സിനിമാപേജുകളില്‍ ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

പാന്‍ ഇന്ത്യന്‍ ചിത്രമായൊരുങ്ങുന്ന ഐ ആം ഗെയിമിന് കേരളത്തിന് പുറത്തുള്ള മാര്‍ക്കറ്റും വളരെ പ്രധാനമാണ്. തമിഴ്‌നാട്ടില്‍ സൂര്യയുടെ വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ലോകേഷിന്റെ ഡി.സി എന്നീ ചിത്രങ്ങള്‍ ഐ ആം ഗെയിമിന് വെല്ലുവിളിയായേക്കും. കേരളത്തില്‍ ഖലീഫയും ബെത്‌ലഹേം കുടുംബ യൂണിറ്റും റിലീസാകുമ്പോള്‍ കര്‍ണാടകയില്‍ യഷിന്റെ ടോക്‌സിക്കും റിലീസിനുണ്ട്.

ഇത്രയും വലിയ ക്ലാഷില്‍ നല്ലൊരു കളക്ഷന്‍ നേടാന്‍ ചിത്രത്തിന് പ്രയാസമാണെന്നാമ് ബോക്‌സ് ഓഫീസ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഏപ്രിലില്‍ മോളിവുഡില്‍ നടക്കാതെ പോയ ദൃശ്യം 3- വാഴ 2 ക്ലാഷുമായും ചിലര്‍ താരതമ്യം ചെയ്യുന്നുണ്ട്. ഏപ്രില്‍ മൂന്നിന് ദൃശ്യം 3യും വാഴ 2വും ഒന്നിച്ച് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് ദൃശ്യം പിന്മാറുകയും വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. പിന്നീട് റിലീസ് ചെയ്ത ദൃശ്യം 3 ഈ വര്‍ഷത്തെ ഇയര്‍ ടോപ്പര്‍ നേട്ടം സ്വന്തമാക്കി.

ഇതേ ഭാഗ്യം ഐ ആം ഗെയിമിന് ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലാണ്. ഗാംബ്ലിങ് പ്രധാന വിഷയമായൊരുങ്ങുന്ന ചിത്രത്തില്‍ ഡാന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.

Content Highlight: Social Media discussions on I’m Game movie postponement

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more