| Wednesday, 1st April 2026, 6:15 pm

ഫഹദിനോട് ടൊവിനോയെ കണ്ടുപഠിക്കാന്‍ പറ, തെലുങ്ക് സിനിമ കാരണം മലയാളത്തില്‍ പ്രൊജക്ടുകള്‍ വൈകുന്നതില്‍ സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

കൊവിഡിന് ശേഷം സിനിമയിലെ ഭാഷാതിര്‍ത്തികള്‍ മായുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. മികച്ച സിനിമകളിലൂടെ മലയാളത്തിലെ താരങ്ങള്‍ അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുകയും അവിടുത്തെ സിനിമകളില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നതുമെല്ലാം വലിയ വാര്‍ത്തയായി. ഫഹദ് മുതല്‍ സുരാജ് വെഞ്ഞാറമൂട് വരെ ആ ലിസ്റ്റില്‍ പെട്ട താരങ്ങളാണ്.

എന്നാല്‍ അന്യഭാഷയിലെ വലിയ വേഷവും പ്രതിഫലവും വേണ്ടെന്ന് വെക്കുന്ന ചില താരങ്ങളുണ്ട്. അത്തരത്തിലൊരു നടനാണ് ടൊവിനോ തോമസ്. ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണിലെ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ടൊവിനോയാണെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ടൊവിനോ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞു.

ടൊവിനോ തോമസ് Photo: Screen grab/ Sreyas Media

ഒരു സിനിമക്ക് വേണ്ടി ഒരു വര്‍ഷത്തോളം മാറ്റിവെക്കാനാകില്ലെന്നും തന്റെ ഡേറ്റ് കാത്ത് മലയാളത്തില്‍ മറ്റ് പ്രൊജക്ടുകളുണ്ടെന്നുമായിരുന്നു ഈ വിഷയത്തില്‍ ടൊവിനോയുടെ വാദം. 400 കോടി ബജറ്റുള്ള ചിത്രത്തിലെ വില്ലന്‍ വേഷം വേണ്ടെന്ന് തീരുമാനിച്ച ടൊവിനോയെ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ പ്രശംസിച്ചു. എന്നാല്‍ ടൊവിനോയെ പ്രശംസിക്കുന്നതിനിടയില്‍ ഫഹദിനെ വിമര്‍ശിക്കുകയാണ് മറ്റുചിലര്‍.

അന്യഭാഷയിലെ പ്രൊജക്ടുകള്‍ കാരണം മലയാളത്തിലെ സിനിമകള്‍ അനിശ്ചിതത്വത്തിലായ അവസ്ഥയിലാണ് ഫഹദ് ഇപ്പോള്‍. ആവേശം എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ ഫഹദിന് പിന്നീട് അത് നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. നിലവില്‍ ഫഹദിന്റേതായി ഒരു മലയാള സിനിമയും അനൗണ്‍സ് ചെയ്തിട്ടില്ല.

ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ Photo: Reddit

തെലുങ്ക് ചിത്രമായ ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ ഷൂട്ടിലാണ് താരമിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഷൂട്ടിങ് ആരംഭിച്ച ചിത്രം ഇതുവരെ പകുതി മാത്രമാണ് പൂര്‍ത്തിയാക്കിയത്. നീണ്ട ഷെഡ്യൂള്‍ കാരണം ഫഹദിന് മലയാളത്തില്‍ മറ്റൊരു ചിത്രവും കമ്മിറ്റ് ചെയ്യാനാകാത്ത അവസ്ഥയാണ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഈ ചിത്രം പൂര്‍ത്തിയായ ശേഷം മാത്രമേ ഫഹദ് അടുത്ത ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയുള്ളൂ.

സ്വന്തം ഭാഷയിലെ നല്ല പ്രൊജക്ടുകള്‍ വേണ്ടെന്ന് വെച്ച് അന്യഭാഷയില്‍ സമയം കളയുന്ന ഫഹദ് ടൊവിനോയെ കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. പുഷ്പ 2ല്‍ താരത്തെ വെറും കോമാളി ലെവലിലേക്ക് തരംതാഴ്ത്തിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആവേശത്തിന് ശേഷം ഫഹദിന്റേതായി വന്ന കഥാപാത്രങ്ങളൊന്നും ഒരു ഇംപാക്ടുമുണ്ടാക്കിയില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാല്‍ ഫഹദും ടൊവിനോയും ചെറുതായി പരാജയപ്പെട്ടിടത്ത് ദുല്‍ഖറും പൃഥ്വിയും കത്തിക്കയറുകയാണെന്നും ചില പോസ്റ്റുകളുണ്ട്. രാജമൗലി പോലും പൃഥ്വിരാജിന്റെ 100 ദിവസത്തെ ഡേറ്റ് കൃത്യമായി ഉപയോഗിക്കുകയാണെന്നും ദുല്‍ഖര്‍ കൃത്യമായി പ്ലാന്‍ ചെയ്ത് അന്യഭാഷയില്‍ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുകയാണെന്നുമാണ് പല പോസ്റ്റുകളും.

Content Highlight: Social media discussions on Fahadh and Tovino’s other language script selections

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more