| Monday, 14th July 2025, 11:58 am

'നരിവേട്ടയില്‍ മാത്രമല്ല 2018ലും മായാനദിയിലും പാവം പയ്യനായി ടൊവിനോയുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായത് എന്ന് നിന്റെ മൊയ്തീനാണ്.

ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധ നേടി. പിന്നീട് വില്ലനായും നായകനായും സാന്നിധ്യമറിയിച്ച ടൊവിനോ മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം നേടി.

ഇന്ന് യുവനടന്മാരില്‍ മുന്നിട്ടുനില്‍ക്കുന്ന താരമാണ് ടൊവിനോ. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മികച്ച കണ്ടന്റുകളുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ട് പോവുകയാണ് താരം. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ നരിവേട്ടക്കും മികച്ച പ്രതികരണം ലഭിച്ചു. സാമ്പത്തികമായി മികച്ച വിജയം ചിത്രം സ്വന്തമാക്കി.

കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ടൊവിനോയുടെ പ്രകടനത്തെ വിമര്‍ശിച്ച് ഒരുവിഭാഗം  സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

വര്‍ഗീസ് എന്ന സാധാരണ പൊലീസ് കോണ്‍സ്റ്റബിളായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്.

എന്നാല്‍ പാവത്താനായി അഭിനയിച്ച് ഫലിപ്പിക്കാന്‍ ടൊവിനോക്ക് സാധിക്കുന്നില്ലെന്നായിരുന്നു  വിമര്‍ശനം.

സുരാജിന്റെ കഥാപാത്രം മരിച്ച് കിടക്കുന്നത് ടൊവിനോ കാണുന്ന രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ഈ വിമര്‍ശനം.

ഇതിന് പിന്നാലെ ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

പാവമായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ ടൊവിനോക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് വിമര്‍ശിക്കുന്നവര്‍ 2018, മായാനദി, ഒരു കുപ്രസിദ്ധ പയ്യന്‍  എന്നീ സിനിമകള്‍ കണ്ടാല്‍ മതിയെന്നും അതിലെ ടൊവിനോയുടെ പ്രകടനം അത്ര എളുപ്പത്തിലൊന്നും ആര്‍ക്കും ചെയ്ത് ഫലിപ്പിക്കാന്‍ കഴിയില്ലെന്നും പ്രേക്ഷകര്‍ പറയുന്നു.

അതേസമയം ടൊവിനോയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് നരിവേട്ടയില്‍ കാണാന്‍ സാധിച്ചത്.

മുത്തങ്ങ ഭൂസമരവും അതിനോട് അനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് നരിവേട്ടയുടെ പ്രമേയം. തമിഴ് താരം ചേരന്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ഇഷ്‌കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ആര്യ സലിം, പ്രണവ്, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Social Media discussion on Tovino’s performance in Narivetta movie

We use cookies to give you the best possible experience. Learn more