| Friday, 8th May 2026, 7:19 am

റിലീസിന് മുന്നേ സോഷ്യല്‍ മീഡിയയില്‍ അതിര് കടന്ന അടി, കറുപ്പിനെ മനപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നുവെന്ന് പരാതി

അമര്‍നാഥ് എം.

ക്ലാഷ് റിലീസുകള്‍ പലപ്പോഴും ആരാധകര്‍ക്കിടയില്‍ വലിയ ആഘോഷമാകാറുണ്ട്. വമ്പന്‍ സിനിമകള്‍ തമ്മിലുള്ള ക്ലാഷില്‍ ആര് ജയിക്കുമെന്ന കാര്യത്തില്‍ പലപ്പോഴും ചര്‍ച്ചകള്‍ സജീവമാകാറുമുണ്ട്. കേരള ബോക്‌സ് ഓഫീസില്‍ വരുംദിവസങ്ങളില്‍ അരങ്ങേറുന്ന ക്ലാഷ് റിലീസിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ബേസില്‍ ജോസഫ്, ടൊവിനോ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ അണിനിരക്കുന്ന അതിരടിയും സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പോകുന്നത്. സമ്മര്‍ വെക്കേഷന്‍ റിലീസായെത്തുന്ന രണ്ട് ചിത്രങ്ങളും മാസ് എന്റര്‍ടൈനറുകളാണ്. എന്നാല്‍ കഴിഞ്ഞദിവസം ചില നാടകീയ സംഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.

കേരള ബോക്‌സ് ഓഫീസില്‍ കറുപ്പിന് അത്ര ഹൈപ്പില്ലെന്നും സൂര്യയുടെ കരിയറിലെ മോശം ഓപ്പണിങ്ങാകും കറുപ്പിലൂടെ കേരളത്തില്‍ നേടുകയെന്നും പറഞ്ഞുകൊണ്ട് തുടങ്ങുന്ന പോസ്റ്റ് വൈറലായി. അതിരടിയുമായുള്ള ക്ലാഷ് കറുപ്പിന്റെ കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുമെന്നും ഇപ്പോള്‍ ഏറ്റവും ഹൈപ്പ് അതിരടിക്കുമാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇതേ അര്‍ത്ഥം വരുന്ന മറ്റ് ചില പോസ്റ്റുകളും ചില സിനിമാപേജുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ചര്‍ച്ചകള്‍ കൊഴുത്തത്. അതിരടിയുടെ പി.ആര്‍ ടീം മനപൂര്‍വം കറുപ്പിനെ ഡീഗ്രേഡ് ചെയ്യുകയാണെന്ന് പലരും ആരോപിച്ചു. സ്വന്തം സിനിമ നല്ലതാണെന്ന് കാണിക്കാന്‍ മറ്റൊരു സിനിമ മോശമാണെന്ന് പറയുന്ന പരിപാടി അങ്ങേയറ്റം അപമാനകരമാണെന്നാണ് പലരുടെയും പ്രതികരണം.

കറുപ്പ്‌ Photo: Screen grab/ Think Music India

നല്ലതാണെങ്കില്‍ രണ്ട് സിനിമകളും ഓടുമെന്നും അല്ലെങ്കില്‍ പ്രേക്ഷകര്‍ രണ്ട് സിനിമകളെയും കൈവിടുമെന്നും കമന്റുകളുണ്ട്. എന്നാല്‍ അതിരടിയുടെ പി.ആര്‍ ടീം ഇങ്ങനെ ചെയ്യാന്‍ സാധ്യതയില്ലെന്നും കുത്തിത്തിരുപ്പ് ഉണ്ടാക്കാനായി ആരോ മനപൂര്‍വം ഇങ്ങനെ ചെയ്യുന്നതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു ക്യാമ്പയിന്‍ മുമ്പ് കണ്ടിട്ടില്ലെന്നും പലരും കമന്റ് പങ്കുവെച്ചു.

അതിരടി Photo: Theatrical Poster

ബേസില്‍ ജോസഫ് ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് അതിരടി. കോമഡി, ആക്ഷന്‍ എന്റര്‍ടൈനറായൊരുങ്ങുന്ന അതിരടി അനൗണ്‍സ്‌മെന്റ് സമയം മുതല്‍ ഹൈപ്പ് നേടിയിരുന്നു. തുടര്‍ പരാജയങ്ങള്‍ കാരണം വിമര്‍ശനം നേരിടുന്ന സൂര്യക്ക് കറുപ്പിലൂടെ തിരിച്ചുവരാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Social media discussion on Karuppu- Athiradi clash

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more