| Monday, 7th July 2025, 6:48 pm

മാര്‍വല്‍ വളര്‍ന്നത് അവനിലൂടെയാണ്, ഇങ്ങനെ പറയണ്ടായിരുന്നു, അയണ്‍ ഹാര്‍ട്ട് സിരീസിലെ ഡയലോഗിന് പിന്നാലെ മാര്‍വലിനെ വിമര്‍ശിച്ച് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എന്‍ഡ് ഗെയിമിന് ശേഷം നഷ്ടപ്പെട്ട പ്രൗഢി എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മാര്‍വല്‍. കൈവിട്ടുപോയ ആരാധകപിന്തുണ പല രീതിയില്‍ തിരികെയെത്തിക്കാന്‍ സിനിമകളിലൂടെയും സീരീസുകളിലൂടെയും മാര്‍വല്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. 20th സെഞ്ച്വറി ഫോക്‌സിനെ കൂടെ കൂട്ടിയതിന് ശേഷം മാര്‍വല്‍ അവരുടെ റേഞ്ച് വലുതാക്കുകയാണ്.

എന്നാല്‍ ഇതിനിടയിലും ഫ്രാഞ്ചൈസിയെത്തേടി പല വിവാദങ്ങളും ഉടലെടുക്കുന്നുണ്ട്. ഏറ്റവും പുതിയ സീരീസായ അയണ്‍ഹാര്‍ട്ടില്‍ നായികാ കഥാപാത്രമായ രിരി വില്യംസ് ടോണി സ്റ്റാര്‍ക്കിനെക്കുറിച്ച് പറയുന്ന ഡയലോഗാണ് വിവാദത്തിന് കാരണം. ‘ബില്യണയറല്ലായിരുന്നെങ്കില്‍ ടോണി സ്റ്റാര്‍ക്ക് ഇപ്പോള്‍ നമ്മള്‍ കാണുന്ന ടോണിയാകുമായിരുന്നോ’ എന്ന് തന്റെ പ്രൊഫസറോട് ചോദിക്കുന്നുണ്ട്.

ടോണി സ്റ്റാര്‍ക്ക് എന്ന വ്യവസായി അയണ്‍ മാനായി മാറിയത് പണക്കാരനായതുകൊണ്ട് മാത്രമാണ് എന്ന ധ്വനി ഈ ഡയലോഗിലുണ്ടെന്നാണ് ഭൂരിഭാഗം ആരാധകരുടെയും വാദം. നഷ്ടത്തില്‍ കിടന്ന മാര്‍വലിനെ കൈപിടിച്ചുയര്‍ത്തിയത് അയണ്‍ മാനാണെന്നും ആ കഥാപാത്രത്തോട് ഇങ്ങനെ നന്ദികേട് കാണിക്കരുതെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

എന്‍ഡ് ഗെയിമിന് ശേഷം വോക്ക് സംസ്‌കാരം എല്ലാ സിനിമയിലും ആവശ്യമില്ലാതെ ഉപയോഗിക്കുന്നു എന്ന വിമര്‍ശനം നേരത്തെ തന്നെ മാര്‍വലിന് നേരെ ഉയര്‍ന്നിരുന്നു. ഹള്‍ക്കിനെ മോശമായി കാണിച്ച ഷീ ഹള്‍ക്ക്, തോറിനെ കോമഡി കഥാപാത്രമായി ചിത്രീകരിച്ച തോര്‍ ലവ് ആന്‍ഡ് തണ്ടര്‍ എന്നീ ചിത്രങ്ങള്‍ ഇപ്രകാരം വിമര്‍ശനങ്ങള്‍ നേരിടുകയും ബോക്‌സ് ഓഫീസില്‍ പരാജയമാവുകയും ചെയ്തു.

എന്നാല്‍ അവസാനമിറങ്ങിയ ചില സിനിമകളിലൂടെ ഇത്തരം വിമര്‍ശനങ്ങള്‍ മാര്‍വല്‍ പരിഹരിച്ചു. ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍, തണ്ടര്‍ബോള്‍ട്‌സ് എന്നീ ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ അയണ്‍ഹാര്‍ട്ടിലൂടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് മാര്‍വല്‍. സീരീസിലെ ഡയലോഗില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരുവിഭാഗം ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

രിരിയുടെ ഡയലോഗില്‍ കുഴപ്പമൊന്നുമില്ലെന്നും സത്യമായിട്ടുള്ള കാര്യമാണ് ആ കഥാപാത്രം പറഞ്ഞതെന്നും അവര്‍ വാദിക്കുന്നു. സ്ത്രീ കഥാപാത്രം ലീഡ് റോളിലെത്തുന്നതുകൊണ്ട് ചിലര്‍ക്ക് ഉണ്ടാകുന്ന അനാവശ്യ ഹേറ്റാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നും അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. മാര്‍വല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ വിശദീകരണം പുറത്തിറക്കിയിട്ടില്ല.

Content Highlight: Social Media discussion about the dialogue in Marvel’s new television series Ironheart

We use cookies to give you the best possible experience. Learn more