| Saturday, 7th February 2026, 10:15 am

തന്റെ ആത്മാഭിമാനം മാറ്റിവെച്ച് പ്രഭേന്ദു ആനിയോട് പറഞ്ഞത് കളളമല്ല, മായക്ക് നല്‍കിയ നീതിയാണ്; ചര്‍ച്ചയാകുന്ന സര്‍വ്വം മായയുടെ ക്ലൈമാക്‌സ്

അശ്വിന്‍ രാജേന്ദ്രന്‍

പാച്ചുവും അത്ഭുതവിളക്കും എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത വലിയ രീതിയില്‍ വിജയം നേടിയ ചിത്രമായിരുന്നു സര്‍വ്വം മായ. നിവിന്‍ പോളി നായകനായെത്തിയ ചിത്രം അജു വര്‍ഗീസിന്റെയും പുതുമുഖം റിയ ഷിബുവിന്റെയും മറ്റ് പ്രധാനവേഷങ്ങളിലെത്തിയവരുടെയും പ്രകടനങ്ങളാലും പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം നല്‍കിയിരുന്നു. തിയേറ്ററുകളില്‍ നിന്നും 150 കോടിയോളം നേടി ഒ.ടി.ടി റിലീസായ ചിത്രം സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയായിരുന്നു.

സര്‍വ്വം മായയില്‍ നിന്നും. Photo: screen grab/ cinema kadha/ Youtube.com

സങ്കീര്‍ണമായ കഥാപശ്ചാത്തലമോ വൈകാരികതയോ ഇല്ലാതെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തെക്കുറിച്ച് പലവിധത്തിലുള്ള അനുമാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. താന്‍ സ്‌നേഹിച്ചയാളെ തന്റെ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്താന്‍ സാധിക്കുന്നതിന് മുമ്പാണ് ഡെലൂലുവായെത്തിയ മായ മാത്യൂ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. പിന്നീട് ആത്മാവായെത്തുന്ന ഡെലൂലു പല വഴികളിലൂടെ സഞ്ചരിച്ച് പ്രഭേന്ദുവിന് സമീപമെത്തുന്നു.

താനാരാണെന്ന് കണ്ടെത്താനുള്ള ഡെലൂലുവിന്റെ യാത്രയില്‍ ഒപ്പം ചേരുന്ന പ്രഭേന്ദുവിനോട് തന്റെ പ്രണയവും താനാരാണെന്നും പറഞ്ഞ ശേഷം പെട്ടെന്ന് മാഞ്ഞു പോകുന്നു. ഈ രംഗം മുതലാണ് പ്രേക്ഷകര്‍ക്ക് മായ സ്‌നേഹിച്ചിരുന്നയാള്‍ നിവിന്‍ അവതരിപ്പിച്ച പ്രഭേന്ദുവാണോയെന്ന സംശയം തോന്നി തുടങ്ങുന്നത്. മായ തന്റെ അമ്മയോട് താന്‍ സ്‌നേഹിച്ചയാളെക്കുറിച്ച് നല്‍കുന്ന വിവരണമാണ് ഇത്തരത്തില്‍ ഒരു സംശയത്തിന് ഇടവരുത്തുന്നത്.

ഇതോടെ ചിത്രം കണ്ടിറങ്ങിയ പലരും മായയെ വഞ്ചിച്ച് കടന്നുകളഞ്ഞ ആ കാമുകന്‍ പ്രഭേന്ദുവാണെന്ന ധാരണയിലാണുള്ളത്. അവസാന രംഗത്തില്‍ മായയുടെ വീട്ടില്‍ ചെല്ലുന്ന പ്രഭേന്ദുവിനോട് മകള്‍ക്കിഷ്ടമുണ്ടായിരുന്നയാള്‍ നിങ്ങളായിരുന്നോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നല്‍കുമ്പോള്‍ പലരും ഈ സംശയത്തിന് അടിവരയിടുന്നു.

എന്നാല്‍ ഈ കാഴ്ച്ചപ്പാടുകളെയെല്ലാം നിരാകരിച്ചുകൊണ്ട് പ്രഭേന്ദുവിന്റെ ഉദ്ദേശശുദ്ധിയെയും സ്വഭാവശുദ്ധിയെയും പിന്താങ്ങുകയാണ് സിനിമാ പേജുകളിലെ ചര്‍ച്ചകള്‍. ജനാര്‍ദ്ദനന്‍ അവതരിപ്പിച്ച പ്രഭേന്ദുവിന്റെ വല്ല്യച്ചന്‍ കഥാപാത്രം പറയുന്ന സംഭാഷണങ്ങള്‍ ആധാരമാക്കിയാണ് ഇത്തരത്തിലൊരു വാദം. തന്റെ കാമുകനെ വീട്ടുകാര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തണം എന്ന അവസാന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ പറ്റാതെയായിരുന്നു മായ ലോകത്തോട് വിട പറഞ്ഞതെന്നും അവളുടെ ആത്മാവ് ശാന്തമാകാതെ അലയുന്നത് ഇതുകൊണ്ടാണെന്നും പ്രഭേന്ദുവിന് സൂചന നല്‍കുന്നുണ്ട്.

സര്‍വ്വം മായയില്‍ നിന്നും. Photo: screen grab/ cinema kadha/ Youtube.com

ഇത് മനസ്സിലാക്കിയ പ്രഭ തന്റെ ആത്മാഭിമാനവും വരുവരായ്കകളും ചിന്തിക്കാതെ മറ്റാരുടെയോ സ്ഥാനത്ത് മായയുടെ വീട്ടുകാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തന്റെ മകള്‍ തെരഞ്ഞെടുത്തയാള്‍ ആരാണെന്ന സത്യം മനസിലാക്കാന്‍ ആനിക്ക് കഴിയുന്നതോടെ വിട്ടുപോയ എന്തോ ഒന്ന് പൂര്‍ത്തിയാക്കാന്‍ അവര്‍ക്കും അതിലുപരി ഡെലൂലുവിനും സാധിക്കുന്നുണ്ട്.

ഇതിന് നന്ദി സൂചകമായാണ് മായയുടെ വീട്ടില്‍ നിന്നും മടങ്ങവെ പ്രഭയെ ഒരു ഇളം കാറ്റ് വന്ന് തഴുകുന്നത്. ഒരു ആത്മാവായി വന്ന് തന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ച ഡെലൂലുവിനോട് പ്രഭയ്ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും പ്രേക്ഷകര്‍ പറയുന്നു. ഇതിലും നല്ല രീതിയില്‍ സര്‍വ്വം മായയെ അഖിലിന് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

Content Highlight: social media discussion about sarvam maya climax scene

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more