| Thursday, 22nd January 2026, 3:50 pm

അമ്പട ആര്യന്‍ ഖാനേ, ആദ്യ സിരീസ് മലയാളസിനിമയില്‍ നിന്ന് അടിച്ചുമാറ്റിയ കഥയാണല്ലേ, കണ്ടുപിടിത്തവുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ സിനിമാലോകത്തേക്കുള്ള കടന്നുവരവിന് കഴിഞ്ഞവര്‍ഷം ആരാധകര്‍ സാക്ഷ്യം വഹിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തുവന്ന ബാ***ഡ്‌സ് ഓഫ് ബോളിവുഡ് സംവിധാനം ചെയ്തുകൊണ്ടാണ് ആര്യന്‍ വരവറിയിച്ചത്. ആദ്യ സംവിധാന സംരംഭം തന്നെ ഗംഭീരമാക്കാന്‍ ആര്യന് സാധിച്ചിട്ടുണ്ട്.

ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ കസേരവലികളും ഈഗോ ക്ലാഷുകളും മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സീരീസായിരുന്നു ബാ***ഡ്‌സ് ഓഫ് ബോളിവുഡ്. എന്നാല്‍ ഈ സീരീസിന്റെ കഥ അടിച്ചുമാറ്റിയതാണെന്ന പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അഭിജയ് കെ.വി എന്ന ഫേസ്ബുക്ക് ഐ.ഡിയാണ് ഇത് പങ്കുവെച്ചത്.

ബാ***ഡ്‌സ് ഓഫ് ബോളിവുഡ് Photo: Reddit

മലയാളത്തില്‍ ഒരുപാട് ചര്‍ച്ചയായ സിനിമയുടെ കോര്‍ തീമാണ് ബാ***ഡ്‌സ് ഓഫ് ബോളിവുഡിന്റെ കഥയെന്ന് വീഡിയോയില്‍ പറയുന്നു. ആരുടെയും സഹായമില്ലാതെ സ്വന്തം കഴിവ് കൊണ്ട് ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന ഒരു യുവനടന്‍. അയാളുടെ വളര്‍ച്ചയില്‍ അസൂയ വന്ന മെഗാസ്റ്റാര്‍ യുവനടനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും പിന്നീട് അത് വലിയ സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ ക്ലൈമാക്‌സില്‍ മെഗാസ്റ്റാറിന് മറ്റൊരു സ്ത്രീയില്‍ ജനിച്ചയാളാണ് യുവനടനെന്ന് തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു.

ബാ***ഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രധാന തീം ഇതാണ്. എന്നാല്‍ ഇതേ കഥ തന്നെയാണ് 2012ല്‍ പുറത്തിറങ്ങിയ പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയുടെ കഥയുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. നൈസായി അടിച്ചുമാറ്റിയതാണോ എന്നാണ് കമന്റ് ബോക്‌സില്‍ പലരും ചോദിക്കുന്നത്. ഇതുപോലെ കഥയില്‍ സാമ്യതയുള്ള മറ്റ് സിനിമകളെക്കുറിച്ചും കമന്റ് ബോക്‌സില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ Photo: AP International

ജോമോന്റെ സുവിശേഷം- ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘അവതാര്‍- വിയറ്റ്‌നാം കോളനി’, ‘എ.ആര്‍.എം- മീശമാധവന്‍’, ‘ലയണ്‍ കിങ്- ബാഹുബലി’, ‘ബാലേട്ടന്‍ -ബസ് കണ്ടക്ടര്‍’, ‘വാരിസ്- രാജമാണിക്യം‘ തുടങ്ങി നിരവധി ഉദാഹരങ്ങള്‍ കമന്റ് ബോക്‌സില്‍ പലരും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഈയൊരു തീം അല്ലാതെ മറ്റൊരു സാമ്യതയും ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ കാണാന്‍ സാധിക്കില്ല.

കില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ലക്ഷ്യയാണ് സീരീസില്‍ പ്രധാനവേഷത്തിലെത്തിയത്. ആസ്മാന്‍ സിങ് എന്ന അപ്കമിങ് സെന്‍സേഷനായി ലക്ഷ്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അജയ് തല്‍വാര്‍ എന്ന മെഗാസ്റ്റാറായി വേഷമിട്ടത് ബോബി ഡിയോളാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, എസ്.എസ്. രാജമൗലി തുടങ്ങി വലിയ താരനിരയാണ് ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ അണിനിരന്നത്.

Content Highlight: Social media discussing the similarities between Ba***ds of Bollywood and Saroj Kumar movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more